കൊച്ചി: സഭയുടെ അടിസ്ഥാനം കുടുംബങ്ങളാണെന്നും, ഈ കുടുംബങ്ങള്‍ തന്നെയാണ് സമൂഹത്തിന്റെയും അടിസ്ഥാനമെന്നും ഉദ്‌ബോധിപ്പിച്ച സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി കുടുംബങ്ങള്‍ക്ക് സഭയില്‍ കാലാനുസൃതമായി വരുന്ന മാറ്റങ്ങളോട് പ്രതികരിക്കാന്‍ സാധിക്കണമെന്നും ആവശ്യപ്പെട്ടൂ. കുടുംബങ്ങളുടെ സഹകരണത്തോടെ മാത്രമെ ക്രൈസ്തവ സഭ സമ്പുഷ്ട്ടമാകുവെന്നും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി വ്യക്തമാക്കി. കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന ദൈവശാസ്ത്ര സമ്മേളനം സീറോമലബാര്‍ സഭ ആസ്ഥാനത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ കര്‍ദ്ദിനാള്‍. അതേസമയം, സഭയും സമൂഹവും മാറുന്നത് അടിസ്ഥാനപരമായി ദൈവത്തിന്റെ പദ്ധതി അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കെസിബിസി ദൈവശാസ്ത്ര കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍ സ്വാഗതം ആശംസിച്ചു. ''കേരള സഭാ നവീകരണത്തിന്റെ പശ്ചാത്തലത്തില്‍ കുടുംബം നേരിടുന്ന വെല്ലുവിളികള്‍ - ഒരു ദൈവശാസ്ത്ര പ്രതികരണം' എന്ന വിഷയത്തില്‍ റവ. ഡോ. അഗസ്റ്റിന്‍ കല്ലേലി പ്രബന്ധം അവതരിപ്പിച്ചു. ദൈവശാസ്ത്ര കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ തോമസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത മോഡറേറ്ററായി. ഫാ ഡോ. ജേക്കബ് പ്രസാദും പ്രൊഫ. മാത്യു കുരിശുംമൂട്ടിലും ചേര്‍ന്ന് വിവര്‍ത്തനം ചെയ്ത പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായുടെ അപ്പസ്‌തോലിക ഭരണക്രമരേഖ ഉള്‍ക്കൊള്ളുന്ന 'സുവിശേഷം പ്രസംഗിക്കുവന്‍' എന്ന പുസ്തകം കെആര്‍എല്‍സിബിസി അദ്ധ്യക്ഷന്‍ ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കലിന് നല്‍കി കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി പ്രകാശനം നിര്‍വ്വഹിച്ചു. വിവിധ രൂപതകളിലെ മെത്രാന്മാര്‍, തെരഞ്ഞെടുക്കപ്പെട്ട ദൈവശാസ്ത്ര പണ്ഡിതര്‍, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാര്‍, ദൈവശാസ്ത്ര പ്രഫസര്‍മാര്‍, കെസിബിസിയുടെ വിവിധ കമ്മീഷന്‍ സെക്രട്ടറിമാര്‍ എന്നിവര്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനത്തില്‍ സംബന്ധിച്ചു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍/ഔദ്യോഗിക വക്താവ്,
ഡയറക്ടര്‍, പിഒസി.
ഫോട്ടോ മാറ്റര്‍: ഏകദിന ദൈവശാസ്ത്ര സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലയക്കല്‍, ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍, ആര്‍ച്ച്ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, സി. ആര്‍ദ്ര എസ് ഐ സി., ബിഷപ്പ് ടോണി നീലങ്കാവില്‍, ബിഷപ്പ് ജോസ് പുളിക്കന്‍, ബിഷപ്പ് അലക്‌സ് താരാമംഗലം, ഫാ ജേക്കബ് ജി പാലയ്ക്കാപ്പിള്ളിഎന്നിവര്‍ സമീപം
Secretariat Kerala Catholic Bishops' Council'
Comments