തിരുവല്ല : സുറിയാനി മല്‍പ്പാനും ആരാധനാക്രമ പണ്ഢിതനും സംഗീതവിദ്വാനുമായിരുന്ന റവ. ഫാ. മാത്യു ചെമ്പോത്തിനാലിന്റെ സ്മരണാര്‍ത്ഥം മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തിരുവല്ല അതിഭദ്രാസനം ഏര്‍പ്പെടുത്തിയ ഫാദര്‍ മാത്യു ചെമ്പോത്തിനാല്‍ സമൂറോ ദ് റൂഹോ (പരിശുദ്ധ റൂഹായുടെ ഓടക്കുഴല്‍) പ്രഥമ അവാര്‍ഡ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ ഫാ. എം.പി. ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പ അര്‍ഹനായി. ആരാധനാക്രമത്തിനും സുറിയാനി ഭാഷയ്ക്കും ആരാധനാക്രമ സംഗീതത്തിനും നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡിന് തെരഞ്ഞെടുത്തത്. മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്, കോട്ടയം സെന്റ് എഫ്രേം സുറിയാനി പഠനഗവേഷണ കേന്ദ്രം ഡയറക്ടര്‍ റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ആരാധനാക്രമ സുനഹദോസ് കമ്മീഷന്റെ സെക്രട്ടറി റവ. ഡോ. ഐസക് പറപ്പള്ളില്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് 20 ന് തിരുവല്ല സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന ഫാ. ചെമ്പോത്തിനാല്‍ അനുസ്മരണ സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവ 25000 രൂപയും ഫലകവും അവാര്‍ഡ് ജേതാവായ ഫാ. എം.പി. ജോര്‍ജ്ജ് കോര്‍ എപ്പിസ്‌കോപ്പായ്ക്ക് സമ്മാനിക്കും. തിരുവല്ല ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.









Comments