ബ്രിട്ടീഷ് രാജകുടുംബാംഗങ്ങളായ ചാൾസ് മൂന്നാമനും കാമിലയും വത്തിക്കാൻ സന്ദർശിച്ചതിന് കൃത്യം ഒരു വർഷത്തിന് ശേഷം, വിൻഡ്സറിലെ സെന്റ് ജോർജ്ജ് കപ്പേളയിലെ 'കൊളീജിയം ഓഫ് സെന്റ് ജോർജ്ജിന്റെ' ബഹുമാനാർത്ഥമുള്ള 'സഹോദര പദവി ' (Confrater) പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ സ്വീകരിച്ചു. ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ്, വിൻഡ്സറിലെ ഡീൻ, സഭാധികാരികൾ എന്നിവർ ചേർന്ന് കാന്റർബറി ആർച്ച്ബിഷപ്പിന്റെ പിന്തുണയോടെയാണ് പാപ്പയ്ക്ക് ഈ പദവി നൽകിയത്. ആത്മീയ കൂട്ടായ്മയുടെയും എക്യുമെനിക്കൽ സൗഹൃദത്തിന്റെയും ക്രിസ്തീയ സഹോദര്യത്തിന്റെയും ദൃശ്യമായ അടയാളമായിട്ടാണ് ഈ അംഗീകാരം വിലയിരുത്തപ്പെടുന്നത്.
ബക്കിംഗ്ഹാം കൊട്ടാരം പുറപ്പെടുവിച്ച പ്രസ്താവന പ്രകാരം, വിൻഡ്സറിലെ സെന്റ് ജോർജ്ജ് ചാപ്പലും പരിശുദ്ധ സിംഹാസനവും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധത്തെയും കത്തോലിക്കാ സഭ, ചർച്ച് ഓഫ് ഇംഗ്ലണ്ട്, ആംഗ്ലിക്കൻ കൂട്ടായ്മ എന്നിവ തമ്മിലുള്ള ബന്ധത്തിൽ കൈവരിച്ച പുരോഗതിയെയും ഈ ചുവടുവെയ്പ്പ് പ്രതിഫലിപ്പിക്കുന്നു. കൂടാതെ, പരിശുദ്ധ പിതാവും ചാൾസ് രാജാവും തമ്മിലുള്ള പരസ്പര ബഹുമാനത്തെയും ക്രിസ്തീയ ഐക്യത്തിനായുള്ള ഇരു നേതാക്കളുടെയും ആഗ്രഹത്തെയും ഇത് പ്രകടമാക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
2025 ഒക്ടോബർ 23-ന് ചാൾസ് രാജാവും കാമില രാജ്ഞിയും വത്തിക്കാൻ സന്ദർശിക്കുകയും സിസ്റ്റൈൻ ചാപ്പലിൽ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ഈ സന്ദർശന വേളയിൽ, വിശുദ്ധ പൗലോസിന്റെ ബസിലിക്കയിൽ ചാൾസ് രാജാവിനെ 'റോയൽ കോൺഫ്രേറ്റർ' ആയി സ്വീകരിച്ചിരുന്നു.
പരസ്പരമുള്ള ഈ സഹോദര ബന്ധങ്ങൾ ആത്മീയ കൂട്ടായ്മയുടെയും, ക്രിസ്തീയ ഐക്യത്തിനായുള്ള പ്രതിബദ്ധതയുടെയും പ്രായോഗികമായ ആവിഷ്കാരമാണെന്ന് ബ്രിട്ടീഷ് രാജകൊട്ടാരം വ്യക്തമാക്കി. ഈ ചരിത്രപരമായ ഉദ്യമത്തിന്റെ ഓർമ്മയ്ക്കായി വിൻഡ്സറിലെ സെന്റ് ജോർജ്ജ് ചാപ്പലിൽ പാപ്പയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഒരു കസേരയും സ്ഥാപിക്കും. ക്രിസ്തീയ സഭകൾ തമ്മിലുള്ള പുനരൈക്യത്തിനും സമാധാനപരമായ സഹവർത്തിത്വത്തിനും വലിയ ഊർജ്ജം പകരുന്നതാണ് ഈ തീരുമാനങ്ങൾ.










Comments