Foto

കേരളസഭ പരിശുദ്ധ കന്യകാമറിയത്തിനു സമര്‍പ്പിതം: കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍/ഔദ്യോഗിക വക്താവ്, കെസിബിസി
ഡയറക്ടര്‍, പിഒസി.

 

 പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത സിനഡാത്മക സഭ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നതിന് ഒരുമിച്ചു നടക്കുന്ന പ്രക്രിയ ശക്തമാക്കപ്പെടണം. സഭയെന്നാല്‍ മാമ്മോദീസാ സ്വീകരിച്ച എല്ലാവരുടേയും സജീവമായ ഒത്തുചേരലാണ്. ഒരുതരത്തിലുമുള്ള വേര്‍തിരുവുകള്‍ ഈ കൂട്ടായ്മയില്‍ ഉണ്ടാകുന്നില്ല.  ആരും മുന്നിലുമല്ല പിന്നിലുമല്ല; ഒരുമിച്ചാണ് നടക്കുന്നത്. നമ്മെ നയിക്കുന്നതാകട്ടെ യേശുക്രിസ്തുവും. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാരോടൊപ്പം നടന്ന് അവരെ ദൈവികരഹസ്യങ്ങളിലേക്ക് ആഴത്തിലിറങ്ങാന്‍ സഹായിച്ചതുപോലെ തന്നെയാണ് ഈ കാലഘട്ടത്തില്‍ നമ്മോടൊപ്പം നടക്കുന്ന ഈശോയും നമ്മെ പ്രേരിപ്പിക്കുന്നത്. അതിനാല്‍ സര്‍വതല സ്പര്‍ശിയായ മാനസാന്തരത്തിലൂടെ വ്യക്തികളുടെ ജീവിതത്തില്‍ നവീകരണം സാധ്യമാകുന്നതുവഴി സഭയിലാകമാനം പുതുചൈതന്യം നിറയ്ക്കാന്‍ നമുക്കു കഴിയും. പരിശുദ്ധ കന്യകാമറിയം ഈശോയെ ലോകത്തിനു നല്കുക മാത്രമല്ല അവിടത്തോടൊപ്പം രക്ഷാകര യാത്രയില്‍ പങ്കാളിയായിക്കൊണ്ട് ക്രിസ്തുവിന്റെ സഹനത്തെ തന്റേതുകൂടിയായി പരിണമിപ്പിക്കുകയാണ്  ചെയ്തത്. അപ്രകാരം ക്രിസ്തുവിന്റെ സഹനത്തില്‍ നമുക്കും പങ്കുകാരാകാം എന്ന് അമ്മ പഠിപ്പിച്ചു. മാതാവിന്റെ വിമലഹൃദയത്തിന് കേരളസഭയെ പ്രതിഷ്ഠിക്കുമ്പോള്‍ കേരളസഭയ്ക്ക് അമ്മയുടെ സംരക്ഷണം ലഭിക്കുന്നു എന്ന് മാത്രമല്ല അമ്മയെപ്പോലെ ക്രിസ്തുരഹസ്യത്തിന്റെ ഭാഗഭാക്കുകളായി തീരുന്നതിനും നമുക്കു കഴിയും.  ഈ നവീകരണകാലം നമ്മെ സംബന്ധിച്ചിടത്തോളം പരിശുദ്ധ കന്യകാമറിയത്തോടൊപ്പമുള്ള ക്രിസ്ത്വാനുകരണമായി ഭവിക്കട്ടെ യെന്ന് കെസിബിസിയുടെ ആഭിമുഖ്യത്തില്‍ കേരളസഭാ നവീകരണാ ചരണത്തിന്റെ ഭാഗമായുള്ള വിമല ഹൃദയ പ്രതിഷ്ഠ പാലാരിവട്ടം പിഒസിയില്‍ ഇന്നലെ നടത്തിക്കൊണ്ട് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവിച്ചു. കോഴിക്കോട്, കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ക്കു ആദ്യമേ സ്വീകരണം നല്‍കി. കേരള സഭാനവീകരണം ചെയര്‍മാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയൂസ് ദീപശിഖ ക്യാപ്റ്റന്മാരെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ആര്‍ച്ച്ബിഷപ്  ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബിഷപ് മാര്‍ ഐറേനിയോസ്, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി കെആര്‍എല്‍സിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയില്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി.
പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി നന്ദി പറഞ്ഞു.

Comments

leave a reply

Related News