Foto

വിശ്വാസവും സംസ്കാരവും പരസ്പരം ബന്ധപ്പെട്ടാണ് മുന്നോട്ടുപോകേണ്ടത്: ലിയോ പതിനാലാമൻ പാപ്പാ

2026 ജനുവരിയിലെ ആദ്യ ബുധനാഴ്ച അറിയിച്ചിരുന്നതുപോലെ രണ്ടാം വത്തിക്കാൻ കൗൺസിലിനെയും അതിന്റെ പ്രമുഖ രേഖകളെയും കുറിച്ചുള്ള പഠന-ഉദ്ബോധന പരമ്പരയാണ് ഈ വർഷത്തിലെ ബുധനാഴ്ചകളിൽ പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ നടത്തിവരുന്നത്. ഇതനുസരിച്ച്, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ "ഗൗദിയും എത് സ്‌പേസ്" എന്ന അജപാലന പ്രമാണരേഖയുടെ അൻപത്തിമൂന്ന് മുതൽ അറുപത്തിരണ്ട്‍ വരെയുള്ള ഖണ്ഡികകളെ അധികരിച്ച് “വിശ്വാസവും സംസ്കാരവും തമ്മിലുള്ള ബന്ധം” എന്ന പ്രമേയത്തെക്കുറിച്ചാണ് ഈ ബുധനാഴ്ച പരിശുദ്ധ പിതാവ് സംസാരിച്ചത്.

പൊതുകൂടിക്കാഴ്ചയ്ക്ക് മുൻപായി പരിശുദ്ധ പിതാവ് ചത്വരത്തിലുണ്ടായിരുന്ന മുപ്പതിനായിരത്തോളം ആളുകൾക്കിടയിലൂടെ തുറന്ന വാഹനത്തിൽ സഞ്ചരിക്കുകയും ആളുകളെ അഭിവാദ്യം ചെയ്യുകയും കൊച്ചു കുട്ടികൾക്ക് ആശീർവാദം നൽകുകയും ചെയ്തു. ബസലിക്കയ്ക്ക് മുന്നിൽ ഒരുക്കപ്പെട്ട പ്രത്യേക വേദിയിൽ പത്തുമണിയോടെ, ഇന്ത്യയിലെ സമയം ഉച്ച കഴിഞ്ഞ് രണ്ടരയോടെ എത്തിയ പാപ്പാ, കുരിശടയാളം വരച്ചുകൊണ്ട് ഔദ്യോഗിക കൂടിക്കാഴ്ച ആരംഭിച്ചു.

പരിശുദ്ധ പിതാവിന്റെ പ്രഭാഷണത്തിന് മുൻപായി അപ്പസ്തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പതിനേഴാം അദ്ധ്യായം ഇരുപത്തിരണ്ടും ഇരുപത്തിമൂന്നും വാക്യങ്ങൾ വിവിധ ഭാഷകളിൽ വായിക്കപ്പെട്ടു.

വിശ്വാസവും സംസ്കാരവും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന അടിസ്ഥാനം മനുഷ്യാവതാരത്തിലാണ്: ദൈവവചനം മാംസമായി നമ്മുടെ ഇടയിൽ വസിക്കാൻ വന്നുവെങ്കിൽ (യോഹന്നാൻ 1, 14), വിശ്വാസവും അതുപോലെ മാംസം ധരിച്ച ഒരു യാഥാർത്ഥ്യമാണ്; വിശ്വാസം അത് ഉൾച്ചേർന്നിരിക്കുന്ന സംസ്കാരവുമായി ഇഴചേർന്നിരിക്കുന്നു. വിശ്വാസം സംസ്കാരമായിത്തീരാൻ, അതായത്, മനുഷ്യവാക്കുകൾ, പാരമ്പര്യങ്ങൾ, മതബോധം, കലയും കവിതയും, ചിന്തയും ശാസ്ത്രവും തുടങ്ങിയവയാൽ രൂപപ്പെട്ടിരിക്കുന്ന വ്യക്തിയുടെ ജീവിതപരിസരത്തിലേക്ക് എത്തിച്ചേരാൻ വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ആവർത്തിച്ച് പറയാൻ ഇഷ്ടപ്പെട്ടിരുന്നതുപോലെ, “സംസ്കാരമായി മാറാത്ത വിശ്വാസം പൂർണമായി സ്വീകരിക്കപ്പെടാത്തതും പൂർണമായി പരിചിന്തിക്കപ്പെടാത്തതും വിശ്വസ്തതയോടെ ജീവിക്കപ്പെടാത്തതുമായ വിശ്വാസമാണ്”.

സംസ്കാരം അതിൽത്തന്നെ ഒരു നന്മയായതിനാലും മനുഷ്യനുള്ള സേവനമായതിനാലും ഭൂമിയിലെ അവന്റെ വിളി പൂർത്തീകരിക്കുന്നതിനുള്ള മാർഗ്ഗമായതിനാലും സഭ അതിനെ പ്രോത്സാഹിപ്പിക്കുന്നു. ഈ കാരണത്താൽ, നിരക്ഷരതയും വിദ്യാഭ്യാസത്തിന്റെ അഭാവവും അതിജീവിച്ച്, അടിസ്ഥാനപരമായ സാംസ്കാരിക സമ്പത്തുകളിലേക്ക് എല്ലാവർക്കും പ്രവേശനം ലഭിക്കുന്നു എന്നത് ഉറപ്പാക്കാൻ ഗൗദിയും എത് സ്‌പേസ് അന്താരാഷ്ട്ര സമൂഹത്തോട് ആഹ്വാനം ചെയ്യുന്നു. ഉന്നതപഠനത്തിന് പ്രവേശനം നേടാൻ കഴിവുള്ള എല്ലാവർക്കും അത് യഥാർത്ഥത്തിൽ സാധ്യമാകുന്ന സാഹചര്യം ഒരുക്കിക്കൊടുക്കണം എന്ന് കൗൺസിൽ സധൈര്യം പ്രഖ്യാപിക്കുന്നു. കൂടാതെ, "സാംസ്കാരികജീവിതത്തിൽ സ്ത്രീകൾക്കുള്ള യുക്തവും ആവശ്യാവശ്യകവുമായ ഭാഗഭാഗിത്വം അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നത് എല്ലാവരുടെയും കടമയാണ്" 

ഇറ്റാലിയൻ ഭാഷയിലുള്ള തന്റെ പൊതുവായ പ്രഭാഷണത്തിന് ശേഷം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത പാപ്പാ "സ്വർഗ്ഗസ്ഥനായ പിതാവേ" എന്ന പ്രാർത്ഥന ലത്തീൻ ഭാഷയിൽ ചൊല്ലുകയും, തുടർന്ന് ഏവർക്കും തന്റെ ആശീർവാദം നൽകുകയും ചെയ്തു. 

Comments

leave a reply

Related News