മുല്ലപ്പരിയാര്‍ അണക്കെട്ട് ചരിത്രം ഇങ്ങനെ
മധുരക്ക് ദാഹനീരിനായി കരാര്‍ ഒപ്പിട്ടത് വിശാഖം തിരുനാള്‍
കൊച്ചി: സുര്‍ക്കി മിശ്രിതവും കരിങ്കല്ലും ഉപയോഗിച്ചുള്ള നിര്‍മ്മാണം 126 വയസു തികഞ്ഞ മുല്ലപ്പരിയാര്‍ അണക്കെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കവിഷയമായി മാറിയിട്ട് അര നൂറ്റാണ്ടിലേറെ പിന്നിട്ടു. പെരിയാറിന് കുറുകെ ജോണ്‍ പെന്നിക്വീക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയര്‍ കുടുംബ സ്വത്ത് വിറ്റുകിട്ടിയ പണം കൊണ്ട് പൂര്‍ത്തീകരിച്ചതാണ് മുല്ലപ്പെരിയാര്‍ ഡാം. തമിഴകത്തിലെ അഞ്ച് ജില്ലകളില്‍ ദാഹജലം നല്‍കുന്നത് ഈ അണക്കെട്ടാണ്.വരണ്ടുണങ്ങിയ മധുരക്ക് ദാഹനീരു തേടിയുള്ള ബ്രീട്ടീഷുകാരുടെ അന്വേഷണമാണ് ഇന്ന് കേരളം നേരിടുന്ന മഹാവിപത്തിലേക്ക് കൊണ്ടെത്തിച്ചത്. സുര്‍ക്കി മിശ്രിതവും കരിങ്കല്ലുമുപയോഗിച്ച് ബ്രിട്ടീഷ് എന്‍ജിനീയര്‍ അണക്കെട്ട് നിര്‍മ്മിച്ചതോടെയാണ് പെരിയാര്‍ വന്യജീവി സങ്കേതവും തേക്കടി തടാകവുമെല്ലാം രൂപം കൊണ്ടത്. 1895 ഒക്ടോബര്‍ 10നാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കേരളത്തിന്റെ അഞ്ചു ജില്ലകളെ ഭീതിയിലാഴ്ത്തിയാണ് ഈ ജലബോംബ് നിലകൊള്ളുന്നത്. 1886 ഒക്ടോബര്‍ 29ന് തിരുവിതാംകൂര്‍ മഹാരാജാവും മദിരാശി സ്റ്റേറ്റ് സെക്രട്ടറിയും പെരിയാര്‍ പാട്ടകരാര്‍ ഒപ്പിടും മുമ്പേ മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് ഒഴുകിയിരുന്നു. ടിപ്പുസുല്‍ത്താനും പട്ടാളത്തിനും തിരുവിതാംകൂറില്‍ പ്രവേശിക്കാതെ മടങ്ങേണ്ടിവന്നത് പെരിയാറിന്റെ ഉല്‍ഭവ സ്ഥാനത്തെ ചിറ തകര്‍ത്തത് മൂലമാണെന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍ വിവരിക്കുന്നുണ്ട്. അന്ന് മുല്ലപ്പെരിയാറിന് പകരം ഒരു ചിറ പ്രദേശത്ത് ഉണ്ടായിരുന്നു എന്ന സൂചനകളാണ് ഇതിലുള്ളത്.
കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ ശിവഗിരി മലയിലെ ചൊക്കംപെട്ടിയില്‍ നിന്ന് ഉല്‍ഭവിക്കുന്ന പെരിയാര്‍ 48 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ മണലാറിന് സമീപം കോട്ടമല ഭാഗത്ത് നിന്നെത്തുന്ന മുല്ലയാറുമായി സംഗമിച്ച് മുല്ലപ്പെരിയാറായി ഒഴുകുന്നു. ഈ നദിക്ക് കുറുകെയാണ് വിവാദങ്ങളും- ചരിത്രവുമായ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലെ 68556 ഹെക്ടര്‍ സ്ഥലത്തെ കൃഷിക്കും അഞ്ചു ജില്ലകളിലെ ശുദ്ധജല ക്ഷാമത്തിനും പരിഹാരമാണ് ഈ അണക്കെട്ട്. പെരിയാര്‍ വന്യജീവി സങ്കേതത്തിലെയും പരിസരങ്ങളിലെയും 5398 ചതുരശ്ര കിലോമീറ്ററാണ് ഈ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശം. 1886 ല്‍ തിരുവിതാംകൂര്‍ മഹാരാജാവും മദ്രാസ് റെസിഡന്‍സിയും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരം നിര്‍മ്മാണം ആരംഭിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ത്തീകരിച്ചിട്ട് 125 വര്‍ഷം പൂര്‍ത്തിയാകുന്നു.ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ജീവിച്ചിരുന്നു ഗോത്ര വിഭാഗങ്ങളിലെ പുതുതലമുറക്കാര്‍ക്ക് മുല്ലപെരിയാര്‍ നിര്‍മ്മാണ കാലത്തെ കഥകളും കാര്യങ്ങളും ഇവരുടെ മുതുമുത്തശ്ശന്മാരില്‍ നിന്ന് പകര്‍ന്ന് കിട്ടിയിട്ടുണ്ട്. അതിലൊന്നാണ് നിര്‍മ്മാണത്തിലിരിക്കെ രണ്ട് തവണ തകര്‍ന്ന ഡാമിന്റെ ഉറപ്പിന് വേണ്ടി രണ്ട് ഗര്‍ഭിണികളെ ബലി കൊടുത്തുവെന്ന കഥ. മുല്ലപെരിയാര്‍ തമിഴ്നാടിന് പൊന്മുട്ടയിടുന്ന താറാവാണ്, ചില ഗോത്രവിഭാഗങ്ങള്‍ക്കിത് ദൈവമാണ്, എന്നാല്‍ കാലഹരണപ്പെട്ട ഈ പുരാതന നിര്‍മ്മിതി കേരളത്തിലെ ദശലക്ഷക്കണക്കിനാളുകളുടെ പേടി സ്വപ്നവുമാണ്.ഇടുക്കി ജില്ലയിലെ ദേവികുളത്തിനു തെക്കുഭാഗത്തുള്ള ശിവഗിരിക്കൊടുമുടിയില്‍ നിന്നാണ് പെരിയാറിന്റെ തുടക്കം. 226 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പെരിയാര്‍ ഇടുക്കി, എറണാകുളം ജില്ലകളിലൂടെയാണ് ഒഴുകുന്നത്. ഉദ്ഭവസ്ഥാനത്തുനിന്നും പതിനഞ്ചുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ മുല്ലയാര്‍ എന്ന ഒരു ചെറുനദികൂടി ഒപ്പം ചേരുന്നതുകൊണ്ടാണ് മുല്ലപ്പെരിയാര്‍ എന്ന പേര് ഈ നദിക്ക് ലഭിച്ചത്. ഇതിന് സമീപത്തായി സമുദ്രനിരപ്പില്‍ നിന്ന് 873 അടി ഉയരത്തിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
കേരളത്തില്‍ അക്കാലത്ത് സമൃദ്ധമായ മഴ ലഭിച്ചിരുന്നതുകൊണ്ട് മുല്ലപ്പെരിയാറിലെ ജലം സംരക്ഷിക്കാനുള്ള നടപടികളൊന്നും തിരുവിതാംകൂര്‍ ഗവണ്‍മെന്റ് സ്വീകരിച്ചിരുന്നില്ല. അതേസമയം അയല്‍സംസ്ഥാനമായ മദ്രാസ് പ്രവിശ്യയിലെ മധുര, രാമനാട്, ജില്ലകളില്‍ മഴ വളരെ കുറവായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണത്തിന്‍കീഴിലായിരുന്നു മദ്രാസ് സംസ്ഥാനം. പെരിയാറിലെ ജലം കെട്ടിനിറുത്തി മധുര, രാമനാട് ജില്ലകളിലൂടെഒഴുക്കിവിട്ടാല്‍ അവിടത്തെ കൃഷിക്ക് പരിഹാരം കാണാന്‍ കഴിയുമെന്ന് മനസിലാക്കിയ ബ്രിട്ടീഷ് ഭരണാധികാരികള്‍ അതിനായുള്ള ശ്രമം ആരംഭിക്കുകയും ചെയ്തു.ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രതിനിധിയായ റസിഡന്റ് ഫിഷര്‍ 1862 സെപ്റ്റംബര്‍ 22ന് അന്നത്തെ തിരുവിതാംകൂര്‍ ദിവാനായിരുന്ന മാധവറാവുവിന്, പെരിയാറിലെ ജലം മദ്രാസ് പ്രവിശ്യയിലേക്ക് ജലസേചനത്തിനായി പങ്കുവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കത്തയച്ചു.തുടര്‍ന്ന് ഇരു സംസ്ഥാനങ്ങളും തമ്മില്‍ പദ്ധതിയെ സംബന്ധിച്ച് കരാറുണ്ടാക്കി. 1886 ഒക്ടോബര്‍ 29ന് (1062 തുലാം 14) തിരുവിതാംകൂര്‍ മഹാരാജാവായ വിശാഖം തിരുനാളിന് വേണ്ടി കെ.കെ.വി. രാമഅയ്യങ്കാരും മദ്രാസിനുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ ചൈല്‍ഡ് ഹാനിങ് ടണുമാണ് പാട്ടക്കരാറില്‍ ഒപ്പുവച്ചത്.
1862ല്‍ മേജര്‍ വൈറസ് 145 അടി ഉയരമുള്ളതും ഒരു ടി.എം.സി ( ആയിരം ദശലക്ഷം ഘനയടി ) വെള്ളം സംഭരിക്കാവുന്നതുമായ അണക്കെട്ട് നിര്‍മ്മിച്ചതോടെയാണ് അയല്‍ രാജ്യത്തിന്റെ വെള്ളം ചോര്‍ത്തല്‍ തിരുവിതാംകൂര്‍ ഭരണം അറിഞ്ഞത്. തുടര്‍ന്നാണ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത് .വര്‍ഷങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ പെരിയാര്‍ പാട്ടകരാര്‍ ഒപ്പിടുന്നതിന് അനുമതി നല്‍കുമ്പോള്‍ തിരുവിതാംകൂര്‍ മഹാരാജാവ് വിശാഖം തിരുനാള്‍ പറഞ്ഞത് എന്റെ ഹൃദയരക്തം കൊണ്ട് ഞാനിതില്‍ ഒപ്പുവെക്കുന്നുവെന്നാണ്.
മുല്ലപ്പെരിയാറിലെ വെള്ളം കിഴക്കോട്ട് തിരിച്ചുവിടുന്നതിന് സൗകര്യമൊരുക്കുന്നതിനും തിരുവിതാംകൂറില്‍ അയല്‍ രാജ്യത്തിന്റെ അണക്കെട്ട് നിര്‍മ്മിക്കുന്നതിനും ആവശ്യമായ ഭൂമിയും വിട്ടുകൊടുക്കേണ്ടിവന്നു. നദിയുടെ ഏറ്റവും താഴ്ന്ന നിരപ്പില്‍ നിന്നും 155 അടി ഉയരം വരെ ചുറ്റപ്പെട്ട 8000 ഏക്കര്‍ ഭൂമി ജലസംഭരണിക്കും വേറെ 100 ഏക്കര്‍ ഭൂമി മറ്റ് നിര്‍മ്മാണ ആവശ്യങ്ങള്‍ക്കുംവേണ്ടി 1886 ജനുവരി ഒന്ന് മുതല്‍ 999വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കി. ഏക്കറൊന്നിന് അഞ്ച് രൂപയായിരുന്നു വാര്‍ഷിക പാട്ടം. അന്നത്തെ മധുര, രാമനാഥപുരം പ്രദേശങ്ങളില്‍ ജലസേചനാവശ്യത്തിന് മാത്രമേ വെള്ളം ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു.
ചുണ്ണാമ്പും ശര്‍ക്കരയുംചേര്‍ന്ന സുര്‍ക്കി എന്ന മിശ്രിതം ഉപയോഗിച്ചാണ് അണക്കെട്ട് നിര്‍മ്മിച്ചത്. തര്‍ക്കത്തിന്റെ തുടക്കം കരാര്‍ ഒപ്പിട്ട ആദ്യ 40 വര്‍ഷം മുല്ലപ്പെരിയാര്‍ ശാന്തമായിരുന്നു. ജലസേചനത്തിനായി നല്‍കിയ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദനത്തിന് മദിരാശി സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയതോടെയാണ് തര്‍ക്കത്തിന് തുടക്കമായത്. ആദ്യ കരാര്‍ ലംഘനവും ഇതാണ്. തുടര്‍ന്നിങ്ങോട്ട് കരാര്‍ ലംഘനങ്ങളുടെ ഘോഷയാത്ര തന്നെയാണ് ഉണ്ടായിരിക്കുന്നത്
ബ്രിട്ടനിലെ പ്രശസ്തനായ എന്‍ജിനീയറായിരുന്നു ജോണ്‍ പെന്നി ക്വിക്ക്. 1860 നവംബര്‍ 11-ന് ഇന്ത്യയിലെത്തിയ അദ്ദേഹം 1882-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.1895-ല്‍ മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മാണം പൂര്‍ത്തിയായി. തമിഴ്നാട്ടിലെ കമ്പം, തേനി, മധുര എന്നിവിടങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്. തമിഴകത്തില്‍ അവര്‍ അദ്ദേഹതത്തെ കാണുന്നത് ദൈവത്തെ പോലെയാണ്. മലായളിക്ക് വെള്ളത്തിന് വിലയില്ലെങ്കിലും തമിഴ്നാട്ടുകാര്‍ക്ക് ഇതേക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നതാണ് വാസ്തവം. 1911 മാര്‍ച്ച് ഒന്‍പതിന് എഴുപതാമത്തെ വയസ്സില്‍ കേംബര്‍ലിയില്‍ അദ്ദേഹം അന്തരിച്ചു.ജോണ്‍ പെന്നി ക്വിക്ക് എന്ന ബ്രിട്ടീഷ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിച്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മ്മാണരംഗത്തെ വിസ്മയമാണ്. കരിങ്കല്ല് പൊട്ടിച്ചെടുത്ത് അടുക്കിവച്ച് അതിന് മുകളില്‍ സുര്‍ക്കി മിശ്രിതം ഉപയോഗിച്ചാണ് നിര്‍മ്മാണം. നിര്‍മ്മാണഘട്ടത്തില്‍ 2 തവണ ഒലിച്ചുപോയതോടെ ബ്രിട്ടീഷ് സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്മാറിയെങ്കിലും പെന്നി ക്വിക്ക് നിരാശനായില്ല. ഇംഗ്ലണ്ടിലുള്ള തന്റെ സ്വത്ത് വിറ്റുകിട്ടിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ദൗത്യം പൂര്‍ത്തീകരിച്ചത്. ലോകത്ത് ഇന്ന് നിലവിലുള്ള ഉയരം കൂടിയ ഭൂഗുരുത്വ അണക്കെട്ടുകളില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ട് എന്ന ഖ്യാതിയും മുല്ലപ്പെരിയാറിനാണ്.
142 അടി ഉയരത്തിലായിരുന്നു മുല്ലപ്പെരിയാറിന്റെ ആദ്യകാല ജലസംഭരണം. ഇതില്‍കൂടുതല്‍ ജലസംഭരണത്തിന് സുപ്രീംകോടതി അനുവാദം കൊടുത്തിരിക്കുകയാണിപ്പോള്‍. ഒരു പ്രളയമോ ഉരുള്‍പ്പൊട്ടലോ ഉണ്ടായാല്‍ മുല്ലപ്പെരിയാര്‍ ഡാം അതിനെ അതിജീവിക്കുമെന്ന് ആരും കരുതുന്നില്ല- തമിഴ്നാട് ഒഴികെ. കേരള സര്‍ക്കാര്‍ കൊണ്ടുവന്ന ഡാം സുരക്ഷാനിയമത്തെ ഭരണഘടനാവിരുദ്ധമെന്നാണ് സുപ്രീംകോടതി വിശേഷിപ്പിച്ചത്. 'മുല്ലപ്പെരിയാര്‍ ഡാം സ്ഥിതിചെയ്യുന്നത് ഭൂകമ്പസാധ്യതയുള്ള പ്രദേശത്താണ്. മുല്ലപ്പെരിയാറിന് ഒരു ചെറിയ ഭൂകമ്പത്തെപ്പോലും താങ്ങാനുള്ള ശേഷിയില്ല.
തുടര്‍ച്ചയായി ചെറു ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നതും നിരന്തരമായ പ്രളയവുമെല്ലാം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ കൂടുതല്‍ ദുര്‍ബലമാക്കുമെന്ന വിലയിരുത്തലുകളുണ്ട്. ലോകത്ത് ഇന്നുള്ളതില്‍ ഏറ്റവും പഴക്കമുള്ള അണക്കെട്ടായ മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍ താഴ്ഭാഗത്ത് സ്ഥിതിചെയ്യുന്ന ഇടുക്കിഡാമിന്റെ തകര്‍ച്ചയ്ക്കുമത് കാരണമാകും. നിരന്തരം ചുണ്ണാമ്പുചോരുന്നതിനാല്‍ ഡാമിന്റെ ബലം കുറഞ്ഞുവരികയാണ്. ഇപ്പോഴുള്ളതിന് പകരം പുതിയൊരു ഡാം നിര്‍മ്മിക്കുകയാണ് ഒരേയൊരു പോംവഴി.' വിദഗ്ദ്ധര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്നം മഴ കനക്കുമ്പോള്‍ മാത്രം എല്ലാവരുടെയും ഉറക്കം കെടുത്തുകയും വെയില്‍ പരക്കുമ്പോള്‍ എല്ലാം ശാന്തമാവുകയും ചെയ്യുന്ന ഒരു പ്രതിഭാസമായാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. വലിയ സാങ്കേതിക വിദ്യകളില്ലാതെ, സിമന്റിനെക്കാള്‍ ബലം കുറഞ്ഞ ചുണ്ണാമ്പ് മിശ്രിതമായ സുര്‍ഖികൊണ്ട് നിര്‍മ്മിച്ച ഈ അണക്കെട്ട് ഇത്രനാള്‍ നിലനിന്നത് തന്നെ അത്ഭുതമാണ്. ഏതുനിമിഷവും കൊടിയ നാശം വിതയ്ക്കാവുന്ന ഒരു കൂറ്റന്‍ ജലബോംബും നെഞ്ചില്‍ വച്ചുകൊണ്ട് ഒരു ജനതയാകെ ഭീഷണിയുടെ മുള്‍മുനയില്‍ നില്‍ക്കുമ്പോഴും നിസ്സംഗത തുടരുന്ന തമിഴ്നാടിന്റെ നിലപാട് അങ്ങേയറ്റം അപലപനീയവും തീര്‍ത്തും മനുഷ്യത്വരഹിതവുമാണ്.
Comments