Foto

ക്‌നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്ന  ബിഷപ്പ് കുന്നശ്ശേരി മെമ്മോറിയൽ ക്‌നാനായ ഹെറിറ്റേജ് ഗാലറി നാടിനു സമർപ്പിച്ചു

ക്‌നാനായക്കാരുടെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളി അങ്കണത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ആര്‍ച്ചുബിഷപ്പ് കുന്നശ്ശേരി മെമ്മോറിയല്‍ ക്‌നാനായ ഹെറിറ്റേജ് ഗ്യാലറി (മ്യൂസിയം) കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് വെഞ്ചരിച്ച് നാടിന് സമര്‍പ്പിച്ചു. കോട്ടയം എം.പി. ഫ്രാന്‍സിസ് ജോര്‍ജ്ജ് നാടമുറിച്ച് ഗ്യാലറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. വെഞ്ചരിപ്പിനെ തുടര്‍ന്നു നടത്തപ്പെട്ട പൊതുസമ്മേളനത്തില്‍ കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. അബ്രാഹത്തിന്റെ വിളിയില്‍ ആരംഭിച്ച് ഇന്നും ജീവിക്കുന്ന ക്നാനായ സമുദായത്തിന്റെ ചരിത്രം അനാവരണം ചെയ്യുന്നതാണ് ബിഷപ് കുന്നശ്ശേരി  മെമ്മോറിയല്‍ ഹെറിറ്റേജ് ഗ്യാലറിയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പിതാവ് പറഞ്ഞു. ഇന്നും ജീവിക്കുന്നതും നൂറ്റാണ്ടുകളെ ബന്ധപ്പിക്കുന്നതുമായ ഗാലറി കഴിഞ്ഞ കാലത്തെ സജീവമാക്കിനിര്‍ത്തിക്കൊണ്ട് യഥാര്‍ത്ഥ വിശ്വാസത്തെ മുറുകെപ്പിടിച്ചു മുന്നേറാന്‍ പ്രചോദനമാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മ്യൂസിയത്തെക്കുറിച്ചുള്ള ലഘുവിവരണം സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം യോഗത്തില്‍ അവതരിപ്പിച്ചു. അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടില്‍ സ്വാഗതവും, പ്രൊക്കുറേറ്റര്‍ ഫാ. അബ്രാഹം പറമ്പേട്ട് കൃതജ്ഞതയും അര്‍പ്പിച്ചു സംസാരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എം.പി, മോന്‍സ് ജോസഫ് എം.എല്‍.എ, ബാബു പറമ്പടത്തുമലയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.  മ്യൂസിയത്തിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ച പ്രവര്‍ത്തിച്ച വിഷ്വല്‍ ആര്‍ട്ടിസ്റ്റ് പി.കെ. രാമചന്ദ്രന്‍ നമ്പ്യാരെ ചടങ്ങില്‍ ആദരിച്ചു. അതിരൂപതാ സിഞ്ചെല്ലൂസ് ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഒ.എസ്.എച്ച് സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസ് കന്നുവെട്ടിയേല്‍, ഒ.എസ്.ബി സുപ്പീരിയര്‍ ജനറല്‍ ഫാ. ബിനോ ചേരിയില്‍, എം.എസ്.പി ഡയറക്ടര്‍ ഫാ. മാത്യു മണക്കാട്ട്, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍, വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ ഇമ്മാക്കുലേറ്റ്, സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറാള്‍ സിസ്റ്റര്‍ അനിത എസ്.ജെ.സി, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറല്‍ സിസ്റ്റര്‍ ലിസി മുടക്കോടില്‍, എല്‍.ഡി.എസ്.ജെ.ജി സുപ്പീരിയര്‍ സി. റോമില്‍ഡ, എന്നിവര്‍ സന്നിഹിതരായിരുന്നു.

ക്‌നാനായ ജനതയുടെ കുടിയേറ്റ ചരിത്രവും വളര്‍ച്ചയും വിഷ്വല്‍ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ക്‌നാനായ ജനതയുടെ തലപ്പള്ളിയായ  കടുത്തുരുത്തി വലിയ പള്ളിയുടെ മുറ്റത്ത് ക്‌നാനായ പൈതൃകാവബോധം ഉണര്‍ത്താന്‍ അക്ഷീണം പ്രയത്‌നിച്ച കടുത്തുരുത്തി ഇടവകക്കാരനും കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ നാമധേയത്തിലാണ് ക്‌നാനായ ഹെറിറ്റേജ്  ഗ്യാലറി എന്ന പൈതൃക സ്മാരകം  സ്ഥാപിക്കപ്പെട്ടിരിക്കുന്നത്.  ക്‌നാനായ ജനതയുടെ വ്യതിരക്ത കലാസമ്പ്രദായങ്ങളും തനതായ വിവാഹാചാരങ്ങളും പ്രതിപാദിക്കുന്ന ചിത്രശില്പ കാഴ്ചകള്‍ വിഷ്വല്‍ ഗാലറിയില്‍ ക്രമീകരിച്ചിട്ടുണ്ട്. കേരളസഭയില്‍ കാലാന്തരത്തില്‍ സംഭവിച്ച വിടവുകളും പുനരൈക്യ പാതകളും ഹൃദ്യമായി വരയ്ക്കുകയും പ്രതിപാദിക്കുകയും ചെയ്തിരിക്കുന്നു.  കേരളത്തിന്റെ ആത്മീയ-ഭൗതിക മണ്ഡലങ്ങളില്‍ സംഭാവനകള്‍ നല്കിയ ക്‌നാനായ സമുദായാംഗങ്ങളെ മ്യൂസിയത്തില്‍ സ്മരിക്കുന്നുണ്ട്. ഇടവകകളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും കുടുംബങ്ങളില്‍നിന്നും സമാഹരിച്ച ചരിത്ര സ്മാരകങ്ങളുടെ മാതൃകാ പ്രദര്‍ശനം, എ.ഡി. 345 ലെ ക്‌നാനായ കുടിയേറ്റം മുതല്‍ കോട്ടയം അതിരൂപത വരെ എത്തിച്ചേര്‍ന്ന വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളുടെ ദൃശ്യാവിഷ്‌ക്കാരവും കടുത്തുരുത്തി വലിയ പള്ളിയുടെ പ്രൗഢിയും പാരമ്പര്യവും നേരിട്ടു മനസ്സിലാക്കുന്നതിനുള്ള അവസരവും ക്‌നാനായ ഹെറിറ്റേജ് ഗാലറി സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാനാകും.  ക്‌നാനായ ചരിത്രം വിശദീകരിക്കുന്ന ദൃശ്യ-ശ്രാവ്യ ശേഖരങ്ങള്‍ ഗാലറിയില്‍ തയ്യാറാക്കിയിട്ടുണ്ട്. ഭാരത സഭാചരിത്രത്തിലേക്കും കേരളസഭാ ചരിത്രത്തിലേക്കുമുള്ള പടിവാതില്‍ കൂടിയായ ഈ ഹെറിറ്റേജ് ഗാലറി സന്ദര്‍ശിക്കുന്നത് വിശ്വാസതീക്ഷ്ണതയും ചരിത്രാവ ബോധവും വളര്‍ത്താന്‍ ഉപകരിക്കുന്നതോടൊപ്പം ക്‌നാനായ സമുദായ ശാക്തീകരണത്തിനും സഹായിക്കും.

Comments

leave a reply

Related News