കോട്ടയം അതിരൂപതയുടെ തൃതീയ മെത്രാനായിരുന്ന ദിവംഗതനായ മാർ തോമസ് തറയിൽ പിതാവിന്റെ അൻപതാമത് ചരമവാർഷികത്തോടനുബന്ധിച്ച് അതിരൂപതയുടെ അല്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് അതിരൂപതാ സമിതിയുടെ നേതൃത്വത്തിലും കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും പാലത്തുരുത്ത് ഇടവകയുടെയും പങ്കാളിത്തത്തിലും മാർ തോമസ് തറയിൽ അനുസ്മരണ ക്വിസ് മത്സരവും അനുസ്മരണ സമ്മേളനവും പാലത്തുരുത്ത് സെന്റ് തെരേസാസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ചു. ക്നാനായ കത്തോലിക്കാ കോൺഗ്രസ്സ് പ്രസിഡന്റ് ബാബു പറമ്പേടത്ത്മലയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പാലത്തുരുത്ത് പള്ളി വികാരി ഫാ. ഫിൽമോൻ കളത്ര ആമുഖസന്ദേശം നല്കി. കാരിത്താസ് സെക്ക്യുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ജനറൽ സിസ്റ്റർ ലിസ്സി ജോൺ മുടക്കോടിൽ അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി.സി ജോയിന്റ് സെക്രട്ടറി എം.സി.കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ടോം കരികുളം, യൂണിറ്റ് പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളിൽ എന്നിവർ പ്രസംഗിച്ചു. അതിരൂപതാ തലത്തിൽ യൂണിറ്റ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. റാന്നി ഇടവകാംഗങ്ങളായ ബിജു കുര്യാക്കോസ്, എബ്രാഹം ജേക്കബ്, സജി ഷിബു, മറിയാമ്മ സാബു എന്നിവരുടെ ടീം ഒന്നാം സ്ഥാനവും കരിങ്കുന്നം ഇടവകാംഗങ്ങളായ ലിജോ ജോർജ്, ജിൻസി ലിജോ, മെൽന ജോർജ്ജ് എന്നിവരുടെ ടീം രണ്ടാം സ്ഥാനവും, കത്തീഡ്രൽ ഇടവകാംഗങ്ങളായ സിമി സൈമൺ, ഷീന ജെയ്, ആൻമരിയ ജയ് എന്നിവരുടെ ടീം മൂന്നാം സ്ഥാനവും നേടി. മാർ തോമസ് തറയിൽ ദിവംഗതനായതിന്റെ അൻപതാം വർഷത്തോടനുബന്ധിച്ച് 2024 ജൂലൈ 26 മുതൽ 2025 ജൂലൈ 26 വരെ ഒരുവർഷം നീണ്ടുനില്ക്കുന്ന അനുസ്മരണ പരിപാടികൾക്കാണ് കോട്ടയം അതിരൂപത രൂപം നല്കിയിരിക്കുന്നത്.
ഫോട്ടോ : മാർ തോമസ് തറയിൽ പിതാവിന്റെ അൻപതാമത് ചരമവാർഷികത്തോടനുബന്ധിച്ച് ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പാലത്തുരുത്ത് സെന്റ് തെരേസാസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച മാർ തോമസ് തറയിൽ അനുസ്മരണ സമ്മേളനം കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
Comments