കേരളത്തിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർമാർ, പ്രിൻസിപ്പാൾമാർ, രൂപതാ വിദ്യാഭ്യാസ സെക്രട്ടറിമാർ, പ്രതിനിധികൾ തുടങ്ങിയവരുടെ യോഗം ഏപ്രിൽ നാല് വെള്ളിയാഴ്ച പാലാരിവട്ടം പിഒസിയിൽ നടന്നു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് ഉദ്‌ഘാടനം ചെയ്ത യോഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ ഡോ. ഫാ. മാർട്ടിൻ കെ. എ. അധ്യക്ഷനായിരുന്നു.
ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന വെല്ലുവിളി എന്ന വസ്തുത ഉൾക്കൊണ്ട് നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യമെന്ന് ബിഷപ്പ് ജോഷ്വ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
NAAC Accreditation score A, A+, A++ തുടങ്ങിയവ ലഭിക്കുന്ന കോളേജുകളുടെ ന്യായമായ ആവശ്യങ്ങൾ മാനിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളായി ഉയർത്താൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. നിലവിലുള്ള പ്രധാന കോളേജുകളെ സംബന്ധിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി അപ്ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യത തുറന്നുകിട്ടുകയാണ് യഥാർത്ഥ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ വൈസ് ചെയർമാൻ റൈറ്റ് റവ. ഡോ. പോൾ മുല്ലശ്ശേരി, സിബിസിഐ വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഡോ. ഫാ. മരിയ ചാൾസ്, കെസിബിസി വിദ്യാഭയസ കമ്മീഷൻ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കൽ, ഫാ. ഡോ. പോൾസൺ കൈതോട്ടുങ്കൽ, പ്രഫ. ഡോ. ഗബ്രിയേൽ സൈമൺ തട്ടിൽ, ഡോ. സി. തെരേസ സിഎസ്എസ്ടി, പ്രഫ. ഡോ. അജിമോൻ ജോർജ്ജ്, പ്രഫ. ഡോ. ടി.സി. തങ്കച്ചൻ, ഡോ. ഫാ. റെജി പി. കുര്യൻ തുടങ്ങിയവർ സംസാരിച്ചു.
Comments