കാട്ടുമൃഗങ്ങൾ കർഷകരുടെ
നെഞ്ചത്ത് ഡിസ്‌കോ കളിക്കുന്നു ;
പദ്ധതികളുടെ പന്തൽ കെട്ടി സർക്കാരും !
കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ (2021 ഏപ്രിൽ മുതൽ) കേരളത്തിൽ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 52 പേരാണ്. കാട്ടാനകളാണ് കൂടുതൽ പേരെ കൊന്നത് 25 പേരെ. പാമ്പു കടിയേറ്റ് 22 പേരും കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ 2 പേർ വീതവും മയിലിന്റെ ആക്രമണത്തിൽ ഒരാളും കൊല്ലപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കാട്ടാന കൊന്നത് 190 പേരെയാണ്. വനപ്രദേശത്തിനു പുറത്തുവച്ച് പാമ്പുകടിയേറ്റ് മരിച്ചാലും 2 ലക്ഷം രൂപ നഷ്ടപരിഹാരം കിട്ടും, പക്ഷെ, പണച്ചെലവും, സമയനഷ്ടവും വരുന്നതിനാൽ പൊതുജനം അതൊക്കെ എഴുതിത്തള്ളുകയാണ് പതിവ്.
വടക്കൻ കേരളത്തിലെ കൊട്ടിയൂരിലായാലും (കണ്ണൂർ ജില്ല) തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലായാലും വന്യമൃഗങ്ങൾ രാവും പകലും നോക്കാതെ നാടു കാണാനിറങ്ങുന്നു. കൊട്ടിയൂരിലും മറ്റും കുരങ്ങന്മാരും മയിലുകളുമെല്ലാം കൃഷി നശിപ്പിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ വനാതിർത്തിയോടു ചേർന്ന കോട്ടൂർ, കള്ളിയൽ, സ്വർണ്ണക്കോട്, മന്തിക്കളം, മുണ്ടൻചിറ, ശംഭുതാങ്ങി, വില്ലുചാരി, വ്‌ളാവെട്ടി, തുറന്ന ജയിലുള്ള നെട്ടുകാൽത്തേരി എന്നിവിടങ്ങളിലെല്ലാം കാട്ടുമൃഗങ്ങൾ വിഹരിക്കുന്നു. വേഴാമ്പലും ആനയും വേനൽക്കാലത്ത് വെള്ളം കുടിക്കാനാണ് ഗ്രാമങ്ങളിലെത്തുക. പുള്ളിമാനുകളും കുരങ്ങുകളും പകൽ നേരത്താണ് നാട്ടിലിറങ്ങുന്നത്. രാത്രിയിൽ കാട്ടുപന്നികൾ കൂട്ടമായെത്തി മരച്ചീനി കൃഷി നശിപ്പിക്കുന്നു. പുള്ളിമാനുകൾ യഥാർത്ഥത്തിൽ നെയ്യാർ ഡാമിലെ മാൻപാർക്കിൽ നിന്ന് ചാടിപ്പോന്നവയാണ്. അവയെ പിടികൂടാനൊന്നും അധികൃതർ മെനക്കെടുന്നതേയില്ല. മാനുകൾക്ക് ഏറെ ഇഷ്ടം റബ്ബർത്തൈകളും പച്ചക്കറികളുമാണ്. കുരങ്ങന്മാർ വീടുകളിൽ നിന്ന് കൈയിൽ കിട്ടുന്നതെല്ലാം എടുത്തുകൊണ്ടുപോകുന്നു. തെങ്ങുകളിലെ വെള്ളയ്ക്ക പോലും അവ പറിച്ച് താഴേയ്‌ക്കെറിയുന്നു. വനംവകുപ്പ് ഇവിടെ സോളാർ വേലിയൊക്കെ നിർമ്മിച്ചിട്ടുണ്ട്. സോളാർ വേലിയെല്ലാം പി.ടി. ഉഷയെ വെല്ലുന്ന വിധത്തിൽ ചാടിക്കടന്നാണ് കാട്ടുമൃഗങ്ങളുടെ ഗ്രാമങ്ങളിലേക്കുള്ള വരവ്.
പദ്ധതികളൊക്കെ അടിപൊളി തന്നെ; പക്ഷെ
മുഖ്യമന്ത്രിക്ക് വനംവകുപ്പ് മന്ത്രി വന്യജീവി ആക്രമണം തടയാനുള്ള പദ്ധതിരേഖ 2021 നവംബർ 9ന് സമർപ്പിക്കുകയുണ്ടായി. കിടങ്ങുകൾ, തുങ്ങിക്കിടക്കുന്ന സൗരവേലി, ജൈവവേലി, ഡ്രോൺ നിരീക്ഷണം എന്നിവയെല്ലാമുള്ള നിർദ്ദിഷ്ട പദ്ധതി അതിഗംഭീരമാണെന്നാണറിയുന്നത്. വന്യജീവികളുടെ സാന്നിധ്യം അറിയാനും അറിയിക്കാനും ഉപഗ്രഹ സംവധാനം, കാട്ടുമൃഗങ്ങളെ തുരത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളെ ഉപയോഗിക്കൽ, റബ്ബർത്തോട്ടങ്ങൾക്കു ചുറ്റും വെള്ളനിറത്തിലുള്ള പ്ലാസ്റ്റിക് വേലി നിർമ്മിക്കൽ, കുരങ്ങുകൾക്കായി മങ്കിഷെൽട്ടറുകൾ സ്ഥാപിക്കൽ തുടങ്ങിയവയും പദ്ധതിരേഖയിലുണ്ട്. പക്ഷെ ഇതെല്ലാം നടപ്പാക്കാനുള്ള ആളും അർത്ഥവും വനംവകുപ്പിനുണ്ടോ ? ഇപ്പോൾതന്നെ, വനംവകുപ്പിലെ പരിചയസമ്പത്തുള്ള, 56 വയസ്സ് കഴിഞ്ഞ താത്ക്കാലികക്കാരെ വനംവകുപ്പ് പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പകരം പി.എസ്.സി വഴി സ്റ്റാഫിനെ നിയമിച്ചുവരികയാണ്. ഒന്നാം പിണറായി സർക്കാർ വനംവകുപ്പിലെ താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് വാഗ്ദാനം ചെയ്തിരുന്നതായി വനംവകുപ്പിലെ സി.പി.ഐ.ക്കാരുടെ യൂണിയൻ പരാതിപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. നക്കാപ്പിച്ച നൽകി ജോലിചെയ്യിപ്പിച്ചിട്ട്, താത്ക്കാലികക്കാരെ ആനുകൂല്യങ്ങൾ പോലും നൽകാതെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്ന സർക്കാർ എങ്ങനെ 'ഇടതു ലേബലിൽ' അറിയപ്പെടുമാവോ ?
കർഷകനെ 'തേച്ച' ശിശുദിന സ്റ്റാമ്പ്
നവംബർ 14ന് ശിശുദിനമായിരുന്നു. ഈ വർഷത്തെ ശിശുദിനസ്റ്റാമ്പിലെ ചിത്രം അക്ഷയ് ബി. പിള്ള എന്ന പന്ത്രണ്ടുകാരന്‌റേതായിരുന്നു. കൊല്ലം കാഞ്ഞവെളി തെക്കേച്ചേരിൽ തോട്ടുവാഴത്ത് വീട്ടിലെ അക്ഷയ് കൊല്ലം പ്രാക്കുളം ചടട ഒടട ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. അക്ഷയ് വരച്ച ചിത്രം പാടത്തേയ്ക്ക് നോക്കിയിരിക്കുന്ന കർഷകന്‌റേതാണെന്നത് അന്വർത്ഥമായി. 529 പേർ പങ്കെടുത്ത ഈ മൽസരത്തിൽ സമ്മാനം നേടിയ ചിത്രത്തിൽ കേരളത്തിലെ കർഷകന്റെ ധർമ്മസങ്കടം മുഴുവനുമുണ്ട്. അക്ഷയിന് ഒരു വലിയ കൈയടി കൊടുക്കാം. ആ ശബ്ദം കേട്ടെങ്കിലും കേരളസർക്കാർ കർഷകരുടെ സങ്കടങ്ങൾ കേൾക്കാൻ കാതോർക്കട്ടെ.
ആന്റണിചടയംമുറി
Comments