Foto

വലിയ വായിൽ നിലവിളിച്ചിട്ടും കർഷകരുടെ ആവലാതികൾ സർക്കാർ എന്തേ കേൾക്കാത്തത് ?

വലിയ വായിൽ നിലവിളിച്ചിട്ടും കർഷകരുടെ ആവലാതികൾ സർക്കാർ എന്തേ കേൾക്കാത്തത് ?
 

ഒരു വശത്ത് കാട്ടുമൃഗങ്ങളുടെ ശല്യം. മറുവശത്ത് വിലത്തതകർച്ചയും കൃഷി വകുപ്പിന്റെ  അനാസ്ഥയും, മെല്ലെപ്പോക്കും, കാലം തെറ്റിപ്പെയ്യുന്ന മഴ കൂടിയായപ്പോൾ കേരളത്തിലെ കർഷകർ    വിറങ്ങലിച്ചു നിൽക്കുകയാണ്.
    
കർഷകർ നേരിടുന്ന കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളെക്കുറിച്ച് ആദ്യം പറയാം: കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും കുരങ്ങുമെല്ലാം വനാതിർത്തികൾ ഭേദിച്ച് നാട്ടിലിറങ്ങിയിരിക്കുകയാണ്. അവ കൈത്തരിപ്പ് തീർക്കുന്നത് കർഷകരുടെ കൃഷിയിടങ്ങളിലാണ്. മുഖ്യമന്ത്രി നിയമസഭയിൽ കർഷകരെ കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷിക്കാൻ നടപടിയെടുക്കുമെന്നു പ്രഖ്യാപിച്ച ദിവസം തന്നെ വനം വകുപ്പു മന്ത്രി കാട്ടുമൃഗങ്ങൾക്കായി സംരക്ഷണവലയം തീർത്തത് നിയമസഭാ  ടി.വി.യിൽ നമുക്ക് കാണേണ്ടിവന്നു.
    

ഫോറെസ്റ്റുകാർ വേറെ ട്രാക്കിൽ

കേരളത്തിൽ വനമില്ലാത്ത ഏക ജില്ലയായ ആലപ്പുഴ മാത്രമാണ് കാട്ടുപന്നികൾ ഇറങ്ങാത്ത   ദേശമെന്ന് ഔദ്യോഗിക രേഖകളിലുണ്ട്. കാട്ടുപന്നി ആക്രമിച്ചാൽ, പന്നിക്കെതിരെ കേസെടുക്കാൻ കഴിയില്ലല്ലോ. കാട്ടുപന്നികൾ കൃഷിയിടങ്ങളിലേക്ക് കടക്കാതെ നോക്കേണ്ടത് വനംവകുപ്പാണ്.   അവരാകട്ടെ മരംമുറിയും മറ്റുമായി വേറെ ട്രാക്കിലാണ്. നീതിപൂർവം പ്രവർത്തിക്കുന്ന ഫോറസ്റ്റ്   ഉദ്യോഗസ്ഥരെ 'പോടാ പോ' എന്ന മട്ടിൽ സർക്കാർ ട്രാൻസ്ഫർ നൽകിയും മറ്റും പന്തുതട്ടുകയാണ്. കൃഷി നശിപ്പിക്കപ്പെട്ടാൽ കർഷകർക്ക് ഒരു തവണ മാത്രമേ നിയമപ്രകാരം നഷ്ടപരിഹാരത്തിന്   അർഹതയുള്ളു. ഇക്കാര്യം കാട്ടുപന്നികൾക്ക് അറിയാത്തതു മൂലം അവ പലവട്ടം കൃഷിയിടങ്ങളിൽ കയറി നിരങ്ങും.
    
കാട്ടുപന്നികൾ പെറ്റുപെരുകുന്നു

ഒരു പെൺപന്നി വർഷത്തിൽ രണ്ടുതവണ പ്രസവിക്കും. മിനിമം പത്ത് കുഞ്ഞുങ്ങൾ ഒരു   പ്രസവത്തിൽ ഉറപ്പ്. സർക്കാർ കണക്കിൽ 11 ലക്ഷം ഹെക്ടർ വനമാണ് കേരളത്തിലുള്ളത്. കൃഷിയിടമാണെങ്കിൽ മൊത്തം 27,61,094 ഹെക്ടറും. പെറ്റുപെരുകിയ കാട്ടുപന്നികളുടെ ചവിട്ടേറ്റ് ചാകേണ്ടെന്നു കരുതി വനത്തിലെ വിഷപ്പാമ്പുകളും ഇപ്പോൾ നാട്ടിലിറങ്ങിക്കഴിഞ്ഞു.
    
പല വിദേശരാജ്യങ്ങളിലും വനത്തിൽ നായാട്ടിനായി വർഷത്തിൽ  രണ്ട് ദിവസങ്ങൾ നീക്കിവയ്ക്കാറുണ്ട്. അതുമല്ലെങ്കിൽ കാട്ടുപന്നികളെ വനംവകുപ്പിനുതന്നെ കൊന്ന് മാംസം എം.പി.ഐ. സ്റ്റോറുകൾ വഴിയെല്ലാം വിൽക്കാവുന്നതേയുള്ളൂ. സൗരവേലി നിർമ്മിക്കുമെന്നും  കിടങ്ങു  കുഴിക്കുമെന്നെല്ലാം  സർക്കാർ വാഗ്ദാനത്തിനു പകരം    എന്തെങ്കിലും പുതിയ കർമ്മ പദ്ധതി വനംവകുപ്പ് ആവിഷ്‌ക്കരിക്കണം. കാരണം കഴിഞ്ഞ കാൽനൂറ്റാണ്ടിനുള്ളിൽ കാട്ടുമൃഗങ്ങൾ കേരളത്തിൽ കൊന്നെടുത്തത് പതിനായിരത്തിൽ പരം മനുഷ്യരെയാണ്.
    
വന്യമൃഗശല്യം ഒഴിവാക്കാനായി കേന്ദ്രത്തിനും പദ്ധതികളുണ്ട്. പക്ഷെ കേരളം ഇക്കാര്യത്തിൽ മെല്ലെപ്പോക്കാണ്. 2014-21 കാലഘട്ടത്തിൽ കേന്ദ്രം ഇതിനായി 74. 84 അനുവദിച്ചിരുന്നു.  ഇതിൽ കേരളം ചെലവഴിച്ചത് 40.05 കോടി രൂപ മാത്രം. 2020-21-ൽ അനുവദിച്ച 7.31 കോടി കേരളം ചെലവഴിച്ചതാണ് ആശ്വാസവാർത്ത.
    
കേന്ദ്ര വിഹിതം കേരളത്തിനുവേണ്ട

ഇനി കേന്ദ്രത്തിന്റെ മറ്റൊരു വകുപ്പിലൂടെയും വനം സംരക്ഷണത്തിനായി കേരളത്തിന് അനുവദിച്ചിരുന്നു. വന പ്രദേശങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ 25.47 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. ഇതിൽ 9.88 കോടി രൂപ മാത്രമാണ് കേരളം ചെലവഴിച്ചത്. ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങൾ ഈ കേന്ദ്ര വിഹിതം പൂർണ്ണമായി ചെലവഴിച്ചു കഴിഞ്ഞു.
    
വനം സർവേയും ഇതുവരെ ശരിയായിട്ടില്ല. 2016-ൽ വനംവകുപ്പ് സ്വന്തം സർവേയർമാരെ  പരിശീലിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു. ഇതനുസരിച്ച് 300- ഓളം പരിശീലനത്തിനായി   തെരഞ്ഞെടുക്കുകയുണ്ടായി. പരിശീലനം ലഭിച്ച ഇരുപതോളം പേരെ കോഴിക്കോട്ട് ജില്ലയിലെ മാത്തോട്ടം മിനിസർവേയിൽ അറ്റാച്ച് ചെയ്തതിൽ ഈ പദ്ധതി  ഒതുങ്ങിയെന്നുമാത്രം. ഓരോ മുപ്പതുവർഷം കൂടുമ്പോഴും                 വനപ്രദേശങ്ങളുടെ റീസർവേ നടത്തണമെന്ന് സർവേ മാന്വലിലുണ്ട്. വനംവകുപ്പുമായി ബന്ധപ്പെട്ട   കേസുകൾ ഏകോപിപ്പിച്ച് ഒറ്റ സെക്ഷനാക്കുക, ഓരോ ഡിവിഷനിലും സർവേയിൽ പരിശീലനം ലഭിച്ച ഒരു സ്റ്റാഫംഗമെങ്കിലും ഉണ്ടായിരിക്കുക തുടങ്ങിയ വ്യവസ്ഥകളും സർക്കാർ ഇതുവരെ നടപ്പാക്കിയിട്ടില്ല. ഡിവിഷൻ കേന്ദ്രീകരിച്ച് ഒരു സർവേ വിംഗ്, റെക്കോർഡ്‌സ് സൂക്ഷിക്കാൻ സ്‌ട്രോംഗ് റൂം, സ്റ്റോർ റെക്കോഡ് റൂം വേണം തുടങ്ങിയ നിർദ്ദേശങ്ങളും പാലിക്കപ്പെട്ടിട്ടില്ല. സർവേയ്ക്കായി 10 ബാച്ചുകളെ പരിശീലിപ്പിച്ചുവെങ്കിലും സർക്കാർ അതും പിരിച്ചുവിടാനൊരുങ്ങുകയാണ്. വനംവകുപ്പിലെ രേഖകൾ പൂർണ്ണമായും ഡിജിറ്റൽ ആക്കുന്നതിലും സർക്കാരിന് ഇപ്പോൾ താൽപ്പര്യമില്ല.
    
വനത്തിന്റെ വിസ്തൃതി അത്ര തിട്ടമില്ലെങ്കിലും കാട്ടുപന്നികളുടെ കണക്ക് വനം വകുപ്പിന്റെ   കൈവശമുണ്ട്. 1993-ൽ കാട്ടുപന്നികളുടെ എണ്ണം 40963, 2002-ൽ 60940, 2011-ൽ ഇത് 48304 ആയെന്ന് വനംവകുപ്പ് അവകാശപ്പെടുന്നു. ഇതിൽ കൊല്ലപ്പെട്ട കാട്ടുപന്നികളുടെ എണ്ണം 420 മാത്രമെന്നും  കണക്കുകളിലുണ്ട്.
    

വേണം ആനത്താരകൾ

ഇനി കാട്ടാനകളുടെ കാര്യം : 2017-ൽ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയവും വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും ചേർന്ന് കേരളത്തിൽ ആനകൾക്കായി ഏഴ് ഇടനാഴികൾ (ആനത്താരകൾ) നിർമ്മിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. വയനാട് ജില്ലയിലെ ബേഗൂർ- ബ്രഹ്മഗിരി, തിരുനെല്ലി-കുദ്രാക്കോട്,  മലപ്പുറം ജില്ലയിലെ നിലമ്പൂർ - അപ്പൻകാപ്പു, നിലമ്പൂർ കോവിലകം- ന്യൂ അമരമ്പലം,   നിലമ്പൂർ- മുതുമല, ഒ.വാലി- നിലമ്പൂർ എന്നീ അഞ്ച് ആനത്താരകൾക്ക് സ്ഥലമെടുത്തു കഴിഞ്ഞതായി വനംവകുപ്പ് പറയുന്നുണ്ട്. എന്നാൽ മനുഷ്യ സാന്നിധ്യം ഒഴിവാക്കി ആനത്താരകൾ പേരിനുമാത്രം നിർമ്മിച്ചിട്ടുള്ളത് ഒരുപരിധിവരെ ബേപ്പൂർ-ബ്രഹ്മഗിരി, നിലമ്പൂർ- ന്യൂ അമരമ്പലം ഭാഗത്തുമാത്രമാണ്. അപ്പൻ കാപ്പുവിൽ ഏഴ് തോട്ടങ്ങൾ ഏറ്റെടുത്താലേ പദ്ധതി നടപ്പാക്കാൻ കഴിയൂ. ഇതുവരെ ഇതിന് പണം   അനുവദിച്ചിട്ടില്ല. ഇവിടെ തോട്ടം ഉടമകൾ സ്ഥാപിച്ചിട്ടുള്ള സൗരവേലികൾ ആനകൾക്ക് കടന്നുപോകാൻ തടസ്സമുണ്ടാക്കുന്നുണ്ട്.
    
കണ്ണൂർ- വയനാട് ജില്ലകളിലെ പേര്യ- കൊട്ടിയൂർ മേഖലകളിലും ആനത്താരകൾ നിർമ്മിക്കാൻ സ്ഥലമേറ്റെടുക്കണം. സ്ഥലമേറ്റെടുക്കാനോ ആളുകളെ പുനരധിവസിപ്പിക്കാനോ വനംവകുപ്പിന്റെ കൈയ്യിൽ പണമില്ല. വയനാട്- ശെന്തുരുണി വന്യജീവിസങ്കേതം, സൈലന്റ് വാലി ദേശീയോദ്യാനം എന്നിവയ്ക്കുവേണ്ടി ഏറ്റെടുക്കേണ്ടത് 2090.49 ഹെക്ടറാണ്. 1861 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കണം. ഇതിന് ഇപ്പോൾ കണക്കാക്കിയിട്ടുള്ളത് 645 കോടി രൂപയാണ്. ഇതിനായി വനംവകുപ്പ് സമീപിച്ചിട്ടുള്ളത് കിഫ്ബിയെയാണ്.
    


കാട്ടാനശല്യം വർദ്ധിക്കുന്നു

കാട്ടാനകളുടെ കാര്യം ഗൗരവമായി എടുക്കേണ്ടതുണ്ടെന്ന് കണക്കുകൾ പറയുന്നു. ഏഴുവർഷത്തിനുള്ളിൽ കേരളത്തിൽ കാട്ടാനകൾ കൊന്നത് 124 പേരെ. 2016-17-ൽ മാത്രം കാട്ടാന കൊന്നത് 33 പേരെ. 2018-19-ൽ 27 പേർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2014-2020 ഡിസബർ 31 വരെ ഇന്ത്യയിൽ കാട്ടാന വകവരുത്തിയത് 3310 പേരെയാണ്. ഇത്രയേറെ  മരണസംഖ്യ ഉയർന്നിട്ടും  കേന്ദ്ര സംസ്ഥാനസർക്കാരുകൾ  ഇക്കാര്യത്തിൽ  വേണ്ടത്ര ശുഷ്‌ക്കാന്തിയോടെ നടപടികൾ സ്വീകരിച്ചിട്ടില്ല, ഇതുവരെയും
    

ഇങ്ങനെ ഉഴപ്പല്ലേ, സാറന്മാരേ

കോവിഡാനന്തരകാലത്ത് കർഷകർക്ക് ആശ്വാസമേകുവാനുള്ള പദ്ധതികളും അവതാളത്തിലാണ്. ഇവിടെ പ്രതിക്കൂട്ടിലുള്ളത് കൃഷിവകുപ്പിലെ ഉദ്യോഗസ്ഥരാണ്. ആരോപണമല്ല, ഉദാഹരണവും    ഒപ്പമുണ്ട്. 2020-ലെ ഒന്നാം വിള  വെള്ളപ്പൊക്കം മൂലം നശിച്ച വൈക്കം, ഏറ്റുമാനൂർ ബ്ലോക്കുകളിലെ കൃഷിക്കാർക്കാണ് പ്രധാനമന്ത്രിയുടെ ഫസൽബീമ യോജന സ്‌കീമിൽ അംഗങ്ങളായിട്ടും ഇതുവരെയും നഷ്ടപരിഹാരം ലഭിക്കാത്തത്. നഷ്ടപരിഹാരമായ ഇൻഷ്വറൻസ് തുക ലഭിക്കാത്തതിനു കാരണം,  കൃഷിനാശം സംബന്ധിച്ച വിവരങ്ങൾ സർക്കാർ വിജ്ഞാപനമായി ഇറങ്ങാത്തതുകൊണ്ടാണത്രെ.   സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ടുമെന്റ്  തലയാഴം, തലയോലപ്പറമ്പ് , ഏറ്റുമാനൂർ ബ്ലോക്കുകളിലെ സ്റ്റേറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ടുമെന്റിന്റെ റിപ്പോർട്ടിൽ കൃഷി പൂർണ്ണമായി നശിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നവർ അയ്യായിരത്തോളം വരും. 2018 മുതൽ ഈ കർഷകർ 640 രൂപ വീതമടച്ച്    പദ്ധതിയിൽ അംഗങ്ങളായിട്ടും കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാത്തത് കൃഷിവകുപ്പിലെ ഏകോപനമില്ലായ്മയാണെന്ന് കർഷകർ പറയുന്നു. ഒരു പഞ്ചായത്തിൽ നാലിടത്തു മാത്രമാണ് സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ടുമെന്റ് വിളവെടുപ്പ് പരീഷണം നടത്തുന്നത്. ഒരു പഞ്ചായത്തിൽ തന്നെ അൻപതോളം പാടശേഖരങ്ങളുള്ളപ്പോൾ ഈ നടപടി അപര്യാപ്തമാണെന്നും കർഷകർ പറയുന്നു.
    
സർക്കാരേ, എണ്ണിയെണ്ണിപ്പറയാനുണ്ട് കർഷകർ നേരിടുന്ന അവഗണനകളെക്കുറിച്ച് . കർഷകരും മനുഷ്യരല്ലേ ? കോവിഡാനന്തര കാലത്തും  കടംമേടിച്ചും സ്വർണ്ണം പണയം വച്ചുമെല്ലാം അവർ നാടിന്   അന്നമൂട്ടാനൊരുങ്ങുമ്പോൾ, സർക്കാർ അവരെ കണ്ണിലുണ്ണികൾ പോലെ കാണേണ്ടേ ? വൻവികസന പദ്ധതികളുടെ കാര്യത്തിൽ ചടുചടേന്നാണ് സർക്കാർ നടപടികളെടുക്കുന്നത്. കാട്ടുമൃഗങ്ങളിൽ നിന്ന് കർഷകരെയും കൃഷിയിടങ്ങളെയും കാത്തുരക്ഷിക്കാനും കർഷകർക്കുള്ള നഷ്ടപരിഹാരവും   ആശ്വാസധനവും നൽകാനും  സർക്കാർ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനയോഗം ഉടനെ   വിളിക്കണം. ഡെൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ഇടതുകക്ഷികൾ, ഇവിടെ കൺവെട്ടത്ത് ദുരിതമനുഭവിക്കുന്ന കർഷകരെ കാണാതെ പോകരുതേ...

ആന്റണി ചടയംമുറി

    

Video Courtesy : Ajith Kumar

Foto
Foto

Comments

leave a reply

Related News