ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമർപ്പിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് കഴിഞ്ഞ രണ്ടു വർഷമായി പ്രസിദ്ധീകരിക്കാതെ ഇപ്പോഴും നടപടികൾ നടന്നുകൊണ്ടിരിക്കുന്നു എന്ന പതിവ് സർക്കാർ മറുപടി ആത്മാർത്ഥതയില്ലാത്തതും വഞ്ചനാപരവുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ യൂത്ത് കൗൺസിൽ.
ന്യൂനപക്ഷ കമ്മീഷനിൽ ഭൂരിപക്ഷമുള്ള മറ്റ് സമുദായങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടിയാണോ ഈ നിലപാടെന്ന് സംശയിക്കേണ്ടി യിരിക്കുന്നു. നിയമസഭയിൽ മറുപടി പറയുന്ന ന്യൂനപക്ഷ ക്ഷേമ മന്ത്രി കൃത്യമായ ഉത്തരം നൽകാതെ പഠിച്ചുകൊണ്ടിരിക്കുന്നു എന്ന അപഹാസ്യ മറുപടി ഈ സംശയത്തിന് ബലം കൂട്ടുന്നു.
ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠിച്ച് സമർപ്പിച്ച റിപ്പോർട്ടിൽ എന്തൊക്കെ ശുപാർശകൾ ആണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നറിയാനുള്ള ക്രൈസ്തവ വിഭാഗത്തിന്റെ മിനിമം അവകാശത്തെപോലും തള്ളിക്കൊണ്ട് ഉരുണ്ട് കളിക്കുന്ന സർക്കാർ നിലപാട് ക്രൈസ്തവ സമൂഹത്തോടുള്ള അപഹേളനയുടെഭാഗമാണെന്നും യൂത്ത് കൗൺസിൽ അഭിപ്രായപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് എമ്മാനുവൽ നിധിരി അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറകുന്നേൽ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി, രൂപതാ ജനറൽ സെക്രട്ടറി ജോസ് വട്ടുകുളം, രൂപത യൂത്ത് കൺവീനർ എഡ്വിൻ പാമ്പാറ, യൂത്ത് കോർഡിനേറ്റർമാരായ അജിത്ത് അരിമറ്റം, ഡോ. ജോബിൻ പള്ളിയമ്പിൽ, ക്ലിന്റ് അരീപ്ലാക്കൽ, ജോൺ ആരിയപ്പിള്ളി, എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയ അരുൺ പോൾ, സെബാസ്റ്റ്യൻ തോട്ടം, ജിനു മുട്ടപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു
Comments