Foto

കല്പനകളിലും ആചാരങ്ങളിലും അഭയം തേടാതെ യേശുവിന്റെ കുരിശ് ചുമക്കാം

കല്പനകളിലും ആചാരങ്ങളിലും അഭയം തേടാതെ യേശുവിന്റെ  കുരിശ്  ചുമക്കാം

"സ്‌നേഹത്തിന്റെ ആത്മാവിന്റെ നിശ്വാസത്താൽ ജീവസുറ്റവരായി ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന വലിയ ഉത്തരവാദിത്തം നമുക്കുണ്ട്. കാരണം മനുഷ്യന്റെ ഹൃദയത്തെ ആകർഷിക്കാനും പരിവർത്തനം ചെയ്യാനുമുള്ള കരുത്ത് ഈ സ്നേഹത്തിനു മാത്രമേയുള്ളൂ" - പ്രതിവാരപൊതുദർശന പ്രഭാഷണത്തിൽ ഫ്രാൻസീസ് പാപ്പാ പറഞ്ഞു.

പതിവുപോലെ, ഫ്രാൻസീസ് പാപ്പാ, ഈ ബുധനാഴ്ചയും വത്തിക്കാനിൽ  വിശുദ്ധ പത്രോസിന്റെ  ബസിലിക്കയുടെ സമീപത്തുള്ള പോൾ ആറാമൻ ഹാൾ  വേദിയാക്കി പ്രതിവാരപൊതുദര്‍ശനം അനുവദിച്ചു. വിവിധ രാജ്യക്കാരും ഭാഷാക്കാരുമായിരുന്ന നിരവധി തീര്‍ത്ഥാടകരും സന്ദര്‍ശകരും ഇതിൽ പങ്കുകൊണ്ടു. ഹാളിൽ  പ്രവേശിച്ച പാപ്പായെ ജനങ്ങൾ ആനന്ദാരവങ്ങളോടും കരഘോഷത്തോടുംകൂടി വരവേറ്റു. എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, റോമിലെ സമയം രാവിലെ ഏതാണ്ട് 09.30 ആയപ്പോള്‍, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1 മണിയോടെ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന്  വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു. ഈ വായനയെത്തുടർന്ന് ജനങ്ങളെ സംബോധനചെയ്ത പാപ്പാ, പൗലോസപ്പോസ്തലന്‍ ഗലാത്തിയക്കാര്‍ക്കെഴുതിയ ലേഖനത്തിലെ ആശയങ്ങളെ അധികരിച്ച് താൻ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടർന്നു.

ക്രൂശിതനായ ക്രിസ്തുവിനെ മറക്കരുത്

വിശുദ്ധ പൗലോസിന്റെ  പ്രസംഗം യേശുവിലും അവിടത്തെ പെസഹാ രഹസ്യത്തിലും കേന്ദ്രീകൃതമാണ്. വാസ്തവത്തിൽ, അപ്പോസ്തലൻ ക്രിസ്തുവിന്റെ,  ക്രൂശിതനായ ക്രിസ്തുവിന്റെ പ്രഘോഷകനായി സ്വയം അവതരിപ്പിക്കുന്നു (1 കോറിന്തോസ് 2: 2). കൽപ്പനകളുടെയും പാരമ്പര്യങ്ങളുടെയും ആചരണത്തിൽ തങ്ങളുടെ മതാത്മകതയെ ഉറപ്പിക്കാൻ പ്രലോഭിതരായ ഗലാത്യരെ, അദ്ദേഹം രക്ഷയുടെയും വിശ്വാസത്തിന്റെയും കേന്ദ്രബിന്ദുവിനെക്കുറിച്ച് ഓർമ്മിപ്പിക്കുന്നു: അതായത്, കർത്താവിന്റെ  മരണവും പുനരുത്ഥാനവും. യേശുവിന്റെ കുരിശ് എന്ന യാഥാർത്ഥ്യം അവരുടെ മുന്നിൽ വെച്ചുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്യുന്നത്. പൗലോസ് ഇങ്ങനെ എഴുതുന്നു: "ആരാണ് നിങ്ങളെ മയക്കിയത്? യേശുക്രിസ്തു ആരുടെ കൺമുന്നിൽ ക്രൂശിതനായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നുവോ ആ നിങ്ങളെത്തന്നെ! (ഗലാത്തിയർ 3: 1).

ഇന്നും, പലരും, സ്നേഹമാകുന്ന ദൈവത്തെ ആത്മശരീരങ്ങൾമുഴുവനും കൊണ്ട്  ആശ്ലേഷിക്കുന്നതിനു പകരം ആചാരങ്ങളിലും പ്രമാണങ്ങളിലും ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, ജീവനുള്ള സത്യ ദൈവത്തെക്കാൾ മതപരമായ സുരക്ഷകൾ തേടുന്നു. അതുകൊണ്ടാണ് പൗലോസ് ഗലാത്യരോട് ക്രൂശിക്കപ്പെട്ട ക്രിസ്തുവിൽ ജീവൻ പ്രദാനം ചെയ്യുന്ന ദൈവത്തിലേക്ക്, സത്തയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുന്നത്. അത് അദ്ദേഹം  നേരിട്ട് സാക്ഷ്യപ്പെടുത്തുന്നു: "ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടു, ഇനി ഞാനല്ല ജീവിക്കുന്നത്, എന്നിൽ ക്രിസ്തുവാണ് ജീവിക്കുന്നത്" (ഗലാത്തിയർ: 2:20). കത്തിന്റെ അവസാനഭാഗത്ത്, അദ്ദേഹം ഉറപ്പിച്ചു പ്രഖ്യാപിക്കുന്നു: "എന്നെ സംബന്ധിച്ചിടത്തോളം, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ  കുരിശിൽ അല്ലാതെ മറ്റൊന്നിലും മേന്മഭാവിക്കാൻ ഇടയാകാതിരിക്കട്ടെ" (ഗലാത്തിയർ 6:14).

കുരിശ്  ഹൃദയത്തോടു ചേർത്തുവയ്ക്കാം

ആത്മീയ ജീവിതത്തിന്റെ  നൂലിഴ നമുക്ക് നഷ്‌ടപ്പെടുമ്പോൾ, ആയിരക്കണക്കിന് പ്രശ്‌നങ്ങളും ചിന്തകളും നമ്മെ വേട്ടയാടുമ്പോൾ നമുക്ക് പൗലോസിന്റെ ഉപദേശം സ്വന്തമാക്കാം: ക്രൂശിതനായ ക്രിസ്തുവിന്റെ മുമ്പിൽ നമുക്ക് നമ്മെത്തന്നെ പ്രതിഷ്ഠിക്കാം, അവനിൽ നിന്ന് നമുക്ക് പുനരാരംഭിക്കാം. നമുക്ക് കുരിശുരൂപം കൈകളിലേന്താം, അത് നമ്മുടെ ഹൃദയത്തോടു ചേർത്തുവയ്ക്കാം. അല്ലെങ്കിൽ നമ്മുടെ ഹൃദയങ്ങളിലേക്ക് സ്‌നേഹം ചൊരിയുന്ന ദൈവത്തിന്റെ ശക്തിയായ ഉയിർത്തെഴുന്നേറ്റ ക്രൂശിതൻ, യേശു നമുക്കുവേണ്ടി അപ്പമായി മുറിക്കപ്പെട്ട ദിവ്യകാരുണ്യത്തിനു മുന്നിൽ  ആരാധനയോടെ നില്ക്കാം.

സുവിശേഷം സകലർക്കും ഉള്ളതാണ്

ഇനി നമുക്ക്, വിശുദ്ധ പൗലോസിന്റെ  മാർഗ്ഗദർശനമനുസരിച്ചുതന്നെ ഒരു ചുവടു മുന്നോട്ടു വയ്ക്കാം. നമുക്ക് സ്വയം ചോദിക്കാം: ക്രൂശിതനായ യേശുവിനെ  പ്രാർത്ഥനയിൽ കണ്ടുമുട്ടുമ്പോൾ എന്താണ് സംഭവിക്കുന്നത്? കുരിശിൻ ചുവട്ടിൽ അരങ്ങേറിയത് സംഭവിക്കുന്നു: യേശു ആത്മാവിനെ സമർപ്പിക്കുന്നു (യോഹന്നാൻ 19:30), അതായത്, അവിടന്ന് സ്വന്തം ജീവൻതന്നെ നൽകുന്നു. യേശുവിന്റെ പെസഹായിൽ നിന്ന് ഉത്ഭവിക്കുന്ന ആത്മാവാണ് ആത്മീയ ജീവിതത്തിന്റെ സാരം. ഹൃദയത്തെ മാറ്റുന്നത് അവിടന്നാണ്: നമ്മുടെ പ്രവൃത്തികളല്ല, നമ്മിലുള്ള പരിശുദ്ധാത്മാവിന്റെ  പ്രവർത്തനമാണ്! സഭയെ നയിക്കുന്നത് അവിടന്നാണ്, അവിടത്തെ പ്രവർത്തനത്തോട് വിധേയത്വമുള്ളവരായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു, സ്വഹിതാനുസാരം ഇഷ്ടമുള്ളിടം അവിടന്ന് ശുദ്ധീകരിക്കുന്നു. മറുവശത്ത്, പരിശുദ്ധാത്മാവ് എല്ലാവരുടെയും മേൽ ഇറങ്ങിയെന്നും അവിടത്തെ കൃപ,  യേശുവിന്റെ  സുവിശേഷം ഏതാനും പേരടങ്ങിയ പ്രബലർക്കല്ല, പ്രത്യുത, സകലർക്കും ഉള്ളതാണെന്ന്  അപ്പസ്തോലന്മാർക്കിടയിൽ ഏറ്റം വിമുഖതയുള്ളവരെപ്പോലും ബോദ്ധ്യപ്പെടുത്തത്തക്കവിധം യാതൊരു ഒഴിവാക്കലുകളുമില്ലാതെ പ്രവർത്തനനിരതമാണെന്നുമുള്ള  നിരീക്ഷണവുണ്ടായിരുന്നു. അങ്ങനെ, സമൂഹത്തിൻറെ ജീവിതം പരിശുദ്ധാത്മാവിൽ പുനരുജ്ജീവിപ്പിക്കപ്പെടുന്നു; നാം നമ്മുടെ ക്രിസ്തീയ ജീവിതത്തെ പരിപോഷിപ്പിക്കുകയും ആത്മീയ പോരാട്ടം തുടരുകയും ചെയ്യുന്നത് എല്ലായ്പ്പോഴും അവിടത്തെ ശക്തിയാലാണ്.  ഗലാത്യർക്കുള്ള കത്തിലെ മറ്റൊരു മഹത്തായ പ്രബോധനമാണ് ആത്മീയ യുദ്ധം. അപ്പോസ്തലൻ രണ്ട് എതിർ മുഖങ്ങൾ അവതരിപ്പിക്കുന്നു: ഒരു വശത്ത് "ജഡത്തിന്റെ  പ്രവൃത്തികൾ", മറുവശത്ത് "ആത്മാവിന്റെ ഫലം". ജഡത്തിന്റെ  പ്രവൃത്തികൾ എന്തൊക്കെയാണ്? അവ ദൈവാത്മാവിനു വിരുദ്ധമായ പെരുമാറ്റങ്ങളാണ്. അപ്പോസ്തലൻ അവയെ ജഡത്തിന്റെ  പ്രവൃത്തികൾ എന്നു വിളിക്കുന്നത് നമ്മുടെ മനുഷ്യശരീരത്തിന് എന്തോ കുഴപ്പമോ ദോഷമോ ഉള്ളതുകൊണ്ടല്ല; ക്രിസ്‌തു കുരിശിൽ വഹിച്ച മനുഷ്യശരീരത്തിന്റെ യാഥാർത്ഥ്യത്തിന് പൗലോസ് എത്രമാത്രം ഊന്നൽ നൽകുന്നുവെന്ന് നാം കണ്ടു! ജഡം എന്നത്, നമ്മെ ഉയർത്തുകയും ദൈവത്തിലേക്കും മറ്റുള്ളവരിലേക്കും തുറക്കുകയും ചെയ്യുന്ന പരിശുദ്ധാരൂപിയുടെ നേർക്ക് വാതിൽ അടയ്ക്കുകയും ലൗകികപ്രവണതകളെ പിൻചെല്ലുകയും ചെയ്യുന്നിടമായ തിരശ്ചീനമായ ജീവിതത്തിൽ സ്വയം അടച്ചിടുന്ന മനുഷ്യന്റെ ഭൗമിക മാനത്തെ മാത്രം സൂചിപ്പിക്കുന്ന ഒരു പദമാണ്. ഇവയെല്ലാം പഴഞ്ചനാകുകയും കടന്നുപോകുകയും ചീഞ്ഞഴുകുകയും ചെയ്യുന്നുവെന്നും എന്നാൽ ആത്മാവ് ജീവനേകുന്നുവെന്നും ജഡം ഓർമ്മിപ്പിക്കുന്നു ആകയാൽ, ലൈംഗികതയുടെ സ്വാർത്ഥമായ ഉപയോഗം മുതൽ വിഗ്രഹാരാധനയെയും വ്യക്തിബന്ധങ്ങളെ ദുർബ്ബലപ്പെടുത്തുന്ന "വിയോജിപ്പ്, അസൂയ, മാത്സര്യം, ഭിന്നതകൾ, വിഭാഗീയചിന്തകൾ, വിദ്വേഷം ..." ( cf. ഗലാ. 5 , 19-21) തുടങ്ങിയവ വരെയുള്ള ജഡത്തിന്റെ പ്രവർത്തനങ്ങളുടെ ഒരു പട്ടിക പൗലോസ് നിരത്തുന്നു. ഇവയെല്ലാം ശരീരത്തിന്റെ മാനുഷികം മാത്രമായ പെരുമാറ്റത്തിന്റെ,  ഫലമാണെന്നു പറയാം  നേരെമറിച്ച്, "സ്നേഹം, സന്തോഷം, സമാധാനം, മഹത്വം, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം" (ഗലാത്തിയർ 5:22) എന്നിവ ആത്മാവിന്റെ ഫലങ്ങളാണ്.  മാമ്മോദീസായിൽ "ക്രിസ്തുവിനെ ധരിക്കുന്ന" (ഗലാത്തിയർ 3:27) ക്രിസ്ത്യാനികൾ ഈ രീതിയിൽ ജീവിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നു. വിശുദ്ധ പൗലോസ് നിരത്തിയ പട്ടിക വായിക്കുകയും സ്വന്തം പെരുമാറ്റം അതുമായി പൊരുത്തപ്പെടുന്നുണ്ടോ, നമ്മുടെ ജീവിതം യഥാർത്ഥത്തിൽ പരിശുദ്ധാത്മാവിനനുസരിച്ചാണോ, ഈ ഫലങ്ങൾ പേറുന്നുണ്ടോ എന്ന് നോക്കുകയും ചെയ്യുന്നത്  നല്ലൊരു ആത്മീയ വ്യായാമമായിരിക്കും. ഉദാഹരണത്തിന്, പട്ടികയിലെ ആദ്യത്തെ മൂന്നെണ്ണം സ്നേഹം, സമാധാനം, സന്തോഷം എന്നിവയാണ്: പരിശുദ്ധാത്മാവ് വസിക്കുന്ന വ്യക്തിയെ ഇതിൽ നിന്ന് നാം തിരിച്ചറിയുന്നു. സമാധാനത്തിലായിരിക്കുന്നവൻ സന്തോഷമുള്ളവനും സ്നേഹിക്കുന്നവനുമാണ്.

ആത്മാവിന്റെ  കൃപയിലേക്കുള്ള പ്രവേശനം

അപ്പോസ്തലന്റെ  ഈ പ്രബോധനം നമ്മുടെ സമൂഹങ്ങൾക്കും വലിയൊരു വെല്ലുവിളി ഉയർത്തുന്നു. ചിലപ്പോഴൊക്കെ, സഭയെ സമീപിക്കുന്നവർക്ക് കൽപ്പനകളുടെയും നിമങ്ങളുടെയും ഇടതൂർന്ന സംഹിതകൾക്കു മുന്നിലാണെന്ന ഒരു പ്രതീതിയുണ്ടാകുന്നു: പക്ഷേ അതല്ല ഉണ്ടാകേണ്ടത്, അത് സഭയല്ല! ഇത് ഏതൊരു സംഘടനയ്ക്കും സമാനമാണ്. എന്നാൽ, വാസ്തവത്തിൽ, യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ സൗന്ദര്യം, നിരവധിയായ കൽപ്പനകളുടെ സഞ്ചയത്തിലും വിവിധ ശാഖകളിൽ വികസിച്ചുകൊണ്ടിരിക്കുന്നതായൊരു ധാർമ്മിക ദർശനത്തിലും നിന്നാരംഭിച്ചുകൊണ്ട് സ്വീകരിക്കാനാകില്ല. സമാധാനവും സന്തോഷകരമായ സാക്ഷ്യവും പ്രദാനം ചെയ്യാൻ കഴിയുന്ന പ്രാർത്ഥനയാൽ പോഷിപ്പിക്കപ്പെടുന്ന സ്നേഹത്തിന്റെ യഥാർത്ഥ ഫലപ്രാപ്തിയെ മറക്കാൻ അവ ഇടയാക്കുന്നു. അതുപോലെതന്നെ, കൂദാശകളിൽ ആവിഷ്കൃതമാകുന്ന ആത്മാവിലുള്ള ജീവിതം, ഹൃദയപരിവർത്തനത്തിന്റെ കർത്താവായ ആത്മാവിന്റെ  കൃപയിലേക്കുള്ള പ്രവേശനം തടയുന്ന ഒരു ഉദ്യോഗസ്ഥമേധാവിത്വത്താൽ ഞെരുക്കപ്പെടാനാകില്ല. ഒരു കൂദാശ നൽകാനും ആളുകളെ സ്വാഗതം ചെയ്യാനും നമ്മൾ തന്നെ, വൈദികരോ മെത്രാന്മാരോ എത്രയോ തവണ ഉദ്യോഗസ്ഥമേധാവിത്വം കാണിച്ചുകൊണ്ട് ജനത്തോടു പറയുന്നു: "ഇല്ല, എനിക്ക് ഇത് ഇഷ്ടമല്ല", പൊയക്കൊള്ളുക. പുനരുജ്ജീവിപ്പിക്കുന്ന, സകലത്തിലും നമ്മെ പുതിയതാക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തി പലപ്പോഴും നമ്മിൽ കാണാൻ കഴിയുന്നില്ല. അതിനാൽ, സ്‌നേഹത്തിന്റെ ആത്മാവിൻറെ നിശ്വാസത്താൽ ജീവസുറ്റവരായി, ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിനെ പ്രഘോഷിക്കുക എന്ന വലിയ ഉത്തരവാദിത്തം നമുക്കുണ്ട്. കാരണം മനുഷ്യന്റെ  ഹൃദയത്തെ ആകർഷിക്കാനും പരിവർത്തനം ചെയ്യാനുമുള്ള കരുത്ത് ഈ സ്നേഹത്തിനു മാത്രമേയുള്ളൂ. നന്ദി.

Comments

leave a reply