Foto

അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം: പി.ഒ.സിയിൽ നടന്ന സമ്മേളനം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു

കേരള ലേബർ മൂവ്മെൻ്റ് (കെ.എൽ.എം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ഡൊമസ്റ്റിക് വർക്കേഴ്‌സ് ഫോറത്തിൻ്റെ (KDWF) സാന്നിധ്യത്തിൽ അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാചരണം സംഘടിപ്പിച്ചു. എറണാകുളം പി.ഒ.സി (POC) യിൽ നടന്ന സമ്മേളനം തൃക്കാക്കര എം.എൽ.എ ശ്രീമതി ഉമ തോമസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഡൊമസ്റ്റിക് വർക്കേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡൻ്റ് അഡ്വ. അഞ്ജലി സൈറസ് സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.

ഗാർഹിക തൊഴിലാളികളുടെ അവകാശ സംരക്ഷണവും സമൂഹത്തിൽ അവർ അർഹിക്കുന്ന അംഗീകാരവും ഉറപ്പുവരുത്തേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണെന്ന് സമ്മേളനം വിലയിരുത്തി. കെ.എൽ.എം സംസ്ഥാന പ്രസിഡൻ്റ് ജോസ് മാത്യു ഊക്കൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. കെ.എൽ.എം സംസ്ഥാന ഡയറക്ടർ ഫാ. അരുൺ വലിയതാഴത്ത് ആമുഖ പ്രഭാഷണവും, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.

യു.റ്റി.എ സംസ്ഥാന ചെയർമാൻ ജോസഫ് ജൂഡ്, കെ.എൽ.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡിക്സൻ മനീക്ക്, സംസ്ഥാന ട്രഷറർ അഡ്വ. തോമസ് മാത്യൂ, യു.റ്റി.എ കൺവീനർ ബാബു തണ്ണിക്കോട്ട്, വനിത ഫോറം സംസ്ഥാന പ്രസിഡൻ്റ് ബെറ്റ്സി ബ്ലെയ്‌സ്, വനിത ഫോറം സംസ്ഥാന സെക്രട്ടറി റോസമ്മ, കെ.എൽ.എം സംസ്ഥാന കോർഡിനേറ്റർ സിസ്റ്റർ ലീന. സി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ "ഗാർഹിക തൊഴിലാളികളുടെ പ്രസക്തി, വെല്ലുവിളികളും സാധ്യതകളും" എന്ന വിഷയത്തെ അധികരിച്ച് തൃക്കാക്കര ഭാരതമാതാ കോളേജ് റിട്ട. പ്രൊഫസർ ഡോ. കൊച്ചുറാണി ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും ക്ലാസ് നയിക്കുകയും ചെയ്തു. ഫോറം സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. മേഖലയിലെ വിവിധ പ്രതിനിധികളും ഭാരവാഹികളും സമ്മേളനത്തിൽ പങ്കെടുത്തു.

Comments

leave a reply

Related News