മൂവാറ്റുപുഴ: മൂവാറ്റുപുഴ രൂപത മുൻ അധ്യക്ഷൻ ഡോ. ഏബ്രഹാം മാർ യൂലിയോസ് കാലം ചെയ്‌തു. പുഷ്‌പഗിരി മെഡിക്കൽ കോളജിൽ ആയിരുന്നു അന്ത്യം. രൂപത അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവല്ല അരമനയിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. സീറോ മലങ്കര കത്തോലിക്ക സഭയുടെ മൂവാറ്റുപുഴ ഭദ്രസനത്തിൻ്റെ മുൻ മെത്രാപ്പോലീത്തയാണ് ഡോ. ഏബ്രഹാം മാർ യൂലിയോസ്. 2008 ഫെബ്രുവരി ഒൻപതിനാണ് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി അഭിഷിക്തനായത്.
1945 മേയ് 25ന് തിരുവല്ലയിലെ കല്ലൂപ്പാറയിൽ ജനിച്ച അദ്ദേഹം കോട്ടയം വടവാതൂർ സെൻ്റ് തോമസ് അപ്പോസ്തോലിക് സെമിനാരിയിൽനിന്ന് തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗണ്ട കോളജിൽനിന്ന് ദൈവശാസ്ത്രപഠനവും പൂർത്തിയാക്കി. റോമിലെ ഉർബാനിയ യൂണിവേഴ്‌സിറ്റിയിൽനിന്ന് ബൈബിൾ തിയോളജിയിൽ ഡോക്‌ടറേറ്റും നേടിയിട്ടുണ്ട്. തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജർ സെമിനാരി റെക്‌ടർ, തിരുവല്ല പുഷ്‌പഗിരി മെഡിക്കൽ കോളജ് ഡയറക്‌ടർ എന്നീ പദവികൾ പ്രവർത്തിച്ചു. മൃതസംസ്കാരം തിങ്കളാഴ്ച.










Comments