Foto

സീയൂളിലേക്ക് ലോക യുവജനതയെ സ്വാഗതം ചെയ്‌ത്‌ ലിയോ പതിനാലാമൻ പാപ്പാ

2027-ൽ ലോകയുവജനസംഗമം നടക്കാനിരിക്കുന്ന സീയൂളിൽ, ക്രൈസ്തവ യുവജനതയെ കണ്ടുമുട്ടാൻ താൻ അതിയായ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്രൈസ്തവയുവത ഒന്നുചേരുന്ന ഈ സുപ്രധാനസംഭവത്തിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിക്കുന്ന ഒക്ടോബർ 22 വ്യാഴാഴ്ച, ഇതുമായി ബന്ധപ്പെട്ടു നൽകിയ ഒരു വീഡിയോ സന്ദേശത്തിൽ,  ഈ സംഗമത്തെ വിശ്വാസത്തിന്റെയും സൗഹൃദത്തിന്റെയും പ്രത്യാശയുടെയും തീർത്ഥാടനമെന്ന് പരിശുദ്ധ പിതാവ് വിശേഷിപ്പിക്കുകയും, ഇതിൽ പങ്കെടുക്കാൻ ഏവരെയും ക്ഷണിക്കുകയും ചെയ്‌തു.

ഇത്തവണത്തെ ലോകയുവജനദിനത്തിന്റെ "ധൈര്യമായിരിക്കുവിൻ: ഞാൻ ലോകത്തെ ജയിച്ചിരിക്കുന്നു (യോഹ. 16, 33) എന്ന പ്രമേയം പരാമർശിച്ച പാപ്പാ, ക്രിസ്തുവിനായി വാതിലുകൾ മലർക്കെ തുറന്നിടാൻ, വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ ഏവരെയും ആഹ്വാനം ചെയ്തിരുന്നുവെന്ന് യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ഇതേ ദിവസമാണ് സഭ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നതെന്ന് അനുസ്മരിച്ച പാപ്പാ, ലോകയുവജനസംഗമത്തിൽ, നിങ്ങളുടെ ഹൃദയത്തിലെ സ്വപ്നങ്ങളോടും പ്രത്യാശകളോടും കൂടി മാത്രമല്ല, നിങ്ങളിലെ മുറിവുകളോടും ക്ലേശങ്ങളോടും കൂടി നിങ്ങളെ സ്വീകരിക്കാനാണ് കർത്താവ് കാത്തിരിക്കുന്നതെന്ന് ഉദ്‌ബോധിപ്പിച്ചു.

സീയൂളിൽ നടക്കാനിരിക്കുന്ന ഈയൊരു ക്രൈസ്തവ യുവജനതയുടെ ഒന്നുചേരൽ മറ്റൊരു രാജ്യത്തെ ക്രൈസ്തവവിശ്വാസവുമായി ബന്ധപ്പെട്ട ഇടങ്ങൾ കാണാൻ മാത്രമുള്ള സമയമല്ലെന്നും, വ്യക്തിപരമായും സഭയുടെ സജീവമായ ജീവിതത്തിലും ദൈവത്തെ കൂടുതൽ ആഴത്തിൽ കണ്ടുമുട്ടുന്നതിനുള്ള ഒരു അവസരമായിരിക്കുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വിവിധ ഭാഷകളിലും സംസ്കാരങ്ങളിലും നിന്നുള്ളവരെന്ന നിലയിൽ ഉള്ള വൈവിധ്യങ്ങൾ നിലനിൽക്കുമ്പോൾത്തന്നെ, ക്രിസ്തുവിന്റെ ഏക ശരീരത്തിലെ അംഗങ്ങളെന്ന നിലയിൽ ആഴത്തിലുള്ള ഐക്യം അനുഭവിക്കാനുള്ള ഒരിടം കൂടിയായിരിക്കും സീയൂൾ നൽകുകയെന്ന് പാപ്പാ പ്രസ്താവിച്ചു. വിശ്വാസത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും, ക്രിസ്തുവിൽ സഹോദരങ്ങളായിരിക്കുന്ന മറ്റു യുവജനങ്ങളെ കണ്ടുമുട്ടാനും, ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സന്തോഷകരമായ ഓർമ്മകളും സൗഹൃദങ്ങളും നേടാനുമുള്ള ഒരു അവസരമായിരിക്കുമത്. 

Comments

leave a reply

Related News