Foto

ബ്ലാസ്റ്റേഴ്സിനോട് ഒരു വാക്ക് : ഇനിയെങ്കിലും ജയിക്കണം ജബ ജബ എന്നു പറയല്ലേ

കേരള ബ്ലാസ്റ്റേഴ്സ്

 7 സീസണുകൾക്ക് മുൻപ്, 2014ൽ പിറവികൊണ്ട വർഷം മുതൽ ആരാധകരുടെ അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റേണ്ടിവന്ന ഒരു ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. എന്നാൽ നാളിതുവരെ ഫുട്ബോളിനെ നെഞ്ചിലേറ്റിയ കേരളീയർക്ക്, അവരുടെ പ്രതീക്ഷകൾക്കൊത്തുയരുവാൻ മഞ്ഞപ്പടയ്ക്ക് കഴിഞ്ഞിട്ടില്ല. ഈ സീസണിൽ, കഴിഞ്ഞ സീസണുകളെക്കാൾ നിറം കെട്ട പ്രകടനങ്ങളുമായി പോയിന്റ് ടേബിളിൽ താഴെ സ്ഥാനത്തേക്ക് കേരളബ്ലാസ്റ്റേഴ്സ് തള്ളപ്പെട്ടത് ആരാധകരെ അപ്പാടെ നിരാശരാക്കിയിരിക്കുന്നു.

 11 ടീമുകൾ മാറ്റുരച്ച ഐ.എസ്.എൽ ഫുട്ബോളിൽ, ഏഴാം എഡിഷനിൽ പത്താം സ്ഥാനമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. 20 മത്സരങ്ങളിൽ, മൂന്ന് വിജയങ്ങളുമായി, 17പോയിന്റാണ് ടീം നേടിയത്. 23 ഗോളുകൾ സ്കോർ ചെയ്തപ്പോൾ 36 ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. എസ്.സി ഈസ്റ്റ് ബംഗാളും (22), ചെന്നെയ്യൻ എഫ്.സിയും (17) മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ പിറകിൽ ഗോൾ വേട്ടയിൽ സ്ഥാനം പിടിച്ചവർ.

 മോഹൻ ബഗാനെ കഴിഞ്ഞ സീസണിൽ ഐ ലീഗ് ജേതാക്കളാക്കിയ സ്പാനിഷ് പരിശീലകൻ കിബു വിക്കുനയ്ക്ക് ബ്ലാസ്റ്റേഴ്സിനായി അത്ഭുതങ്ങളൊന്നും കാട്ടുവാൻ കഴിഞ്ഞില്ല. വിക്കുനയുടെ പരിശീലനത്തിൽ ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതീക്ഷിച്ച യാതൊരു നിലവാരവും കൈവരിച്ചില്ല എന്നു നിസ്സംശയം പറയാം. ഒരു പ്ലേ ഓഫ് പ്രവേശനം എങ്കിലും നേടുവാൻ വിക്കുനയ്ക്ക്  ബ്ലാസ്റ്റേഴ്സിനെ ഒരുക്കുവാൻ കഴിയുമെന്ന് കരുതിയിരുന്നു.

കിബു വിക്കുനയുടെ സേവനം അവസാനിപ്പിക്കുക വഴി വരുന്ന എട്ടാം സീസണിൽ പത്താമത്തെ മുഖ്യ പരിശീലകനെ കണ്ടെത്തുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ശ്രമം തുടങ്ങിക്കഴിഞ്ഞു.

 മഞ്ഞപ്പടയുടെ വിദേശ താരങ്ങൾ ഒരിക്കലും മികച്ച പ്രകടനം ഈ സീസണിൽ ടീമിനുവേണ്ടി കാഴ്ചവെച്ചില്ല. ഗാരി ഹൂപ്പർ,കോസ്റ്റ നമോയിനെസു, വിൻസെന്റ്‌  ഗോമസ് തുടങ്ങിയ കളിക്കാരിൽ നിന്നും ആരാധകർ ഏറെ പ്രതീക്ഷിച്ചതാണ്. പരിചയസമ്പന്നരായ ' കോസ്റ്റകോനെ' കൂട്ടുകെട്ട് കളിക്കളത്തിൽ നിരാശാജനകമായ പ്രകടനമാണ് പ്രതിരോധത്തിൽ കാഴ്ചവച്ചത്. ജയിക്കുവാൻ കഴിയുമായിരുന്ന മത്സരങ്ങൾ പ്രതിരോധ പിഴവിൽ നഷ്ടമാകുന്നത് വേദനയോടെ നോക്കിനിൽക്കാനെ ആരാധകർക്ക് കഴിഞ്ഞുള്ളൂ.

 എന്നാൽ മധ്യനിരയും, മുന്നേറ്റനിരയും മുൻസീസണുകളെക്കാൾ മികവുറ്റ പ്രകടനമാണ് ഈ സീസണിൽ കാഴ്ചവച്ചത്. ആദ്യ മത്സരങ്ങളിലെ ആലസ്യം വിട്ടൊഴിഞ്ഞ മധ്യനിരയും, സ്ഥിരോത്സാഹത്തോടെ  കളിച്ച മുന്നേറ്റനിരയുമാണ് ബ്ലാസ്റ്റേഴ്സിനെ തീരെ നിറം കെടാതെ രക്ഷിച്ചത്. ദേശീയ താരനിരയിലുള്ള രാഹുലും,സഹലും,സന്ദീപും,ജിക്സണും തങ്ങളുടെ ക്ലബ്ബിനുവേണ്ടി മികച്ച കളിയാണ് കെട്ടഴിച്ചത്. സഹൽ അബ്ദുൽ സമദിനും,കെ.പി രാഹുലിനും 2025 വരെ നീട്ടി കൊടുക്കുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തീരുമാനിച്ചത് നല്ലൊരു നീക്കമാണ്. ജിപ്സൺ സിങ് 2023 വരെ ബ്ലാസ്റ്റേഴ്സിൽ തുടരും. സന്ദീപ് സിങ് അവസാന സീസണാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചത്.

 കഴിഞ്ഞ സീസണുകളിൽ, പരിശീലകനെ മാറ്റുന്നതിൽ റെക്കോർഡ് കുറിച്ചവരാണ് ബ്ലാസ്റ്റേഴ്സ്. ഇതുകൊണ്ട് കാര്യമായ നേട്ടങ്ങളൊന്നും തന്നെ ടീമിനുണ്ടായിട്ടില്ല. ഐ. എം വിജയൻ അഭിപ്രായപ്പെട്ടതുപോലെ കിബു വിക്കുനെയും തുടരുവാൻ അനുവദിക്കുകയാണ് ബ്ലാസ്റ്റേഴ്സ് ചെയ്യേണ്ടിയിരുന്നത്. ലീഗിലെ മറ്റു ടീമുകളുടെ കഴിഞ്ഞകാല നേട്ടങ്ങൾ വിലയിരുത്തി കരുത്തുറ്റ ഒരു ടീമിനെ വാർത്തെടുക്കുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആത്മാർത്ഥമായി ശ്രമിക്കേണ്ടിയിരിക്കുന്നു. വർഷാവർഷം പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുകളുമായി ലീഗ് മത്സരങ്ങളെയും മഞ്ഞപ്പടയെയും കാത്തിരിക്കുന്ന ആയിരക്കണക്കിന് ആരാധകരെ അടുത്ത സീസണിലെങ്കിലും നിരാശരാകരുത്. അതിനുള്ള തീവ്രശ്രമങ്ങൾ നടത്തുവാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രതിജ്ഞാബദ്ധരാകണം .

 എൻ.എസ് വിജയകുമാർ

Foto

Comments

leave a reply