Foto

സമാധാന സന്ദേശവുമായി ഫ്രാൻസിസ് അസീസിയുടെ മണ്ണിലേക്ക് ലിയോ പതിനാലാമൻ പാപ്പാ

1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ തുടക്കമിട്ട ചരിത്രപ്രസിദ്ധമായ ലോക മതസമാധാന ദിനത്തിന്റെ നാല്പതാം വാർഷികത്തോടനുബന്ധിച്ച്, സാന്ത് എജിദിയോ സമൂഹം, ഇറ്റലിയിലെ അസീസിയിൽ വച്ച്, ഒക്ടോബർ 25 മുതൽ 27 വരെ, ഒരു അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു.  'നിരായുധീകരിക്കപ്പെട്ടതും, നിരായുധീകരിക്കുന്നതുമായ സമാധാനം' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.

ലോകമെമ്പാടും സംഘർഷങ്ങൾ നാടകീയമായി വർദ്ധിച്ചുവരുന്നതും രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ യുദ്ധത്തെ വീണ്ടും ഒരു മാർഗ്ഗമായി കാണുന്ന ആശങ്കാജനകമായ അന്തരീക്ഷവും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ,ഈ സമ്മേളനത്തിന്റെ പ്രസക്തി വളരെ  വലുതാണ്. ഇറ്റലിയിൽ നിന്ന് മാത്രമല്ല, വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും, മറ്റിടങ്ങളിൽ നിന്നുമുള്ള ആളുകളും ഈ സമ്മേളനത്തിൽ സംബന്ധിക്കും.

സമാധാനവും അത് കെട്ടിപ്പടുക്കേണ്ടതിന്റെ അടിയന്തരാവസ്ഥയും, അതോടൊപ്പം പാരിസ്ഥിതിക പ്രതിസന്ധിയും, സ്വന്തം നാടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന അഭയാർത്ഥികളുടെയും കുടിയേറ്റക്കാരുടെയും വർദ്ധനവ് ഉൾപ്പെടുന്ന മാനുഷിക പ്രതിസന്ധിയും സമ്മേളനത്തിൽ ചർച്ച ചെയ്യും. സമ്മേളനത്തിന്റെ അവസാന ദിവസമായ ഒക്ടോബർ ഇരുപത്തിയേഴാം തീയതി, പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും സമ്മേളനത്തിൽ  സംബന്ധിക്കും. ഇത് സംബന്ധിച്ച സ്ഥിരീകരണം, അസീസി ആശ്രമത്തിന്റെ അധിപൻ, ഫ്രെയർ മാർക്കോ മൊറോണിക്കാണ് ലഭിച്ചത്.

യുദ്ധങ്ങളാലും ഭിന്നതകളാലും മുറിവേറ്റ ഈ കാലഘട്ടത്തിൽ, പരസ്പര കൂടിക്കാഴ്ചയുടെയും സംവാദത്തിന്റെയും സമാധാനത്തിനായുള്ള പ്രാർത്ഥനയുടെയും ശക്തിയെ അസീസി വീണ്ടും ലോകത്തെ ഓർമ്മിപ്പിക്കുന്നുവെന്നും, അവിടെ പരിശുദ്ധ പിതാവിന്റെ സാന്നിധ്യം, ഏറെ വിലപ്പെട്ടതാണെന്നും, പറഞ്ഞ ഫാ, മാർക്കോ, പാപ്പായുടെ അസീസി സന്ദർശന പ്രഖ്യാപനത്തെ ഞങ്ങൾ വലിയ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം നവംബർ ഇരുപതാം തീയതി, പാപ്പാ, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കല്ലറ സന്ദർശിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിരുന്നു. തുടർന്ന്, കഴിഞ്ഞ ഓഗസ്റ്റ് മാസം ആറാം തീയതിയും, പോർസ്യുങ്കോളയിൽ വച്ച്, യുവജനങ്ങളുമായി പാപ്പാ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

Comments

leave a reply

Related News