Foto

സാമൂഹിക സാംസ്‌കാരിക മേഖലകളിലെ മാറ്റങ്ങളില്‍ മിഷ്ണറിമാര്‍ക്ക് നിര്‍ണ്ണായക പങ്ക്: മുഖ്യമന്ത്രി വി.ഡി സതീശൻ

കൊല്ലം: നമ്മുടെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക മേഖലകളിൽ മാറ്റത്തിന്റെ കാറ്റുവീശുന്നതിൽ നിർണായക പങ്കുവഹിച്ചവരാണ് ക്രൈസ്‌തവ മിഷ്ണറിമാരെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ജാതി സമ്പ്രദായവും നാട്ടിലെ അടിമ സമ്പ്രദായവും അവസാനിപ്പിക്കുന്നതിൽ മിഷ്ണറിമാരുടെ പ്രവർത്തനം വലിയ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം രൂപതയുടെ മൂന്നുവർഷം നീണ്ടു നിൽക്കുന്ന 700-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിൽ അച്ചടിക്കു തുടക്കം കുറിച്ചത് മിഷ്ണറിമാരാണ്. ബൈബിൾ പ്രചാരണത്തിനായാണ് അച്ചടി തുടങ്ങിയത്. അന്ധകാരത്തിൽ നിന്ന് വെളിച്ചം പകരുന്നതും അറിവില്ലായ്‌മയിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്കു നയിക്കുന്നതുമാണ് ബൈബിൾ സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈസ്തവ ദർശനം ഹൃദയത്തിലേറ്റിയ മിഷ്ണറിമാരുടെ കേന്ദ്രമാണ് കൊല്ലം. കൊല്ലം രൂപതയേയും കൊല്ലം തുറമുഖത്തേയുംകുറിച്ച് മാർക്കോപോളോ ഉൾപ്പെടെയുള്ള സഞ്ചാരികൾ യാത്രാ വിവരണങ്ങളിൽ രേഖപ്പെടുത്തിയത് ചരിത്രത്തിന്റെ ഭാഗമാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഷിബു ബേബി ജോൺ, ബിന്ദു കൃഷ്‌ണ, പി.സി. വിഷ്ണുനാഥ്, രൂ പത മുൻ ബിഷപ് ഡോ. സ്റ്റാൻലി റോമൻ, കൊല്ലം മേയർ എ.കെ. ഹഫീസ്, വിഷ്‌ണു മോഹൻ എംഎൽഎ, വിമലഹൃദയസന്യാസിനി സഭയുടെ മദർ ജനറൽ സിസ്റ്റർ റെനോറ മേരി, അല്മായ പ്രതിനിധി പ്രഫ. ബിജു ടെറൻസ് അരവിള, കെസിവൈഎം രൂപത പ്രസിഡൻ്റ് അലക്സ് കെന്നഡി എന്നിവർ പ്രസംഗിച്ചു. കൊല്ലം ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി സ്വാഗതവും വികാരി ജനറാൾ മോൺ. ഡോ.ബൈജു ജൂലിയാൻ നന്ദിയും പറഞ്ഞു.

Comments

leave a reply

Related News