Foto

ഓട്ടോണമസ് കോളജുകൾക്ക് അക്കാദമിക സ്വാതന്ത്ര്യം: സർക്കാരിന് അഭിനന്ദനവുമായി മാർ തറയിൽ

ചങ്ങനാശേരി: കേരളത്തിലെ ഏറ്റവും മികച്ച കലാലയങ്ങൾക്കാണ് സർക്കാർ ഓട്ടോണമസ് പദവി നൽകുന്നതെന്നും ആ പദവി ലഭിച്ചിട്ടും ഒരു പുതിയ കോഴ്‌സുപോലും തുടങ്ങാനാവാതെ നൂലാമാലകളിൽപെട്ടു കിടക്കുന്ന കോളേജുകൾക്ക് വലിയ അക്കാദമിക സ്വാതന്ത്ര്യം നൽകിയ സർക്കാരിനെ അഭിനന്ദനങ്ങൾ അറിയിക്കുന്നതായും കെസിബിസി സെക്രട്ടറി ജനറലും ചങ്ങനാശേരി അതിരൂപത ആർച്ചുബിഷപ്പുമായ മാർ തോമസ് തറയിൽ.

പുതിയ കാലത്തെ കോഴ്സു‌കൾ പഠിക്കുവാൻ കുട്ടികൾക്ക് കേരളത്തിനു പുറത്തേക്ക് പോകണം എന്ന ദുരവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ ഈ ഉത്തരവ് നിർണായകമാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നും കുട്ടികൾ കേരളത്തിലേക്ക് വരാത്തതിൻ്റെ കാരണങ്ങൾ പഠിച്ചതുകൊണ്ടാകാം ഉന്നത വിദ്യാഭ്യാസവകുപ്പ് ഇപ്രകാരമൊരു തീരുമാനമെടുത്തതെന്നും മാർ തറയിൽ ചൂണ്ടിക്കാട്ടി.

ഈ തീരുമാനം ഏറ്റവും കൂടുതൽ സഹായിക്കുന്നത് കേരളത്തിലെ പാവപ്പെട്ട വിദ്യാർത്ഥികളെയാണ്. നാട്ടിൽതന്നെ മികച്ച കോഴ്‌സുകൾ പഠിക്കാനാകുന്നത് സാമ്പത്തികഭാരം ലഘുകരിക്കും. ഓട്ടോണമസ് കോളേജുകൾ നടത്തുന്ന മാനേജ്‌മെൻ്റുകളെ ‘മുതലാളിമാർ’ എന്നും ‘വിദ്യാഭ്യാസ കച്ചവടക്കാർ’ എന്നും വിളിച്ച് ആക്ഷേപിക്കുന്നവർ നമ്മുടെ വിദ്യാഭ്യാസരംഗത്തെ തന്നെയാണ് ആക്ഷേപിക്കുന്നത്. ഗവൺമെൻറ് കോളേജുകളിലും എയ്‌ഡഡ് മേഖലയിലും കോഴ്സുകൾ പുനക്രമീകരിച്ചുകൊണ്ടും ന്യൂജൻ കോഴ്‌സുകൾ അനുവദിച്ചുകൊണ്ടും ഫീസ് ഇല്ലാതെ പഠിക്കുവാനുള്ള സാഹചര്യം സർക്കാരിന് അധികബാധ്യതയില്ലാതെ സൃഷ്ടിക്കാവുന്ന തേയുള്ളൂ.

സർക്കാരിൻ്റെ നിലപാടിനനുസൃതമായി യൂണിവേഴിസിറ്റികൾ തുറന്ന മനസോടെ ആവശ്യമായ നയങ്ങളും ചട്ടങ്ങളും രൂപീകരിച്ച് കോളജുകൾക്ക് പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്നും ആർച്ചുബിഷപ് ആവശ്യപ്പെട്ടു.

Comments

leave a reply

Related News