Foto

120 വൈദികര്‍ കൊല്ലപ്പെട്ടു, എണ്ണൂറോളം ആരാധനാലയങ്ങള്‍ക്ക് കേടുപാട്; യുദ്ധത്തിന്റെ തീവ്രത വിവരിച്ച് യുക്രൈന്‍ പ്രസിഡന്റ്

കീവ്: റഷ്യൻ സേന യുക്രൈനില്‍ നടത്തുന്ന യുദ്ധം 4 വര്‍ഷം പിന്നിട്ടിരിക്കേ, യുദ്ധത്തിന്റെ തീവ്രത വിവരിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി. യുദ്ധത്തിന്റെ കാലയളവില്‍ 120 വൈദികര്‍ കൊല്ലപ്പെട്ടുവെന്നും ആക്രമണത്തില്‍ എണ്ണൂറോളം ആരാധനാലയങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും പ്രസിഡന്റ് വെളിപ്പെടുത്തി. 2022-ൽ യുദ്ധം ആരംഭിച്ചതുമുതൽ റഷ്യൻ അധിനിവേശത്തിലുള്ള യുക്രൈനിലെ പ്രദേശങ്ങളിൽ ക്രൈസ്തവരുടെ ആരാധനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും, ആളുകളെ തടങ്കലിൽ പാർപ്പിക്കുന്നതിനും പീഡിപ്പിക്കുന്നതിനും തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. 

തകർന്ന ആരാധനാലയങ്ങളില്‍ ചിലതിന് ഏകദേശം ആയിരം വർഷത്തോളം പഴക്കമുണ്ടെന്നും, ഡ്രോണുകളും ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകൾ ഉൾപ്പെടെയുള്ള മിസൈലുകളും ഉപയോഗിച്ചാണ് അവ ആക്രമിക്കപ്പെട്ടതെന്നും സെലെൻസ്‌കി പറഞ്ഞു. സാധാരണ അറ്റകുറ്റപ്പണികളിലൂടെ പരിഹരിക്കാനാവാത്ത നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും യുക്രൈനിന്റെ മതപരവും ചരിത്രപരവും സാംസ്‌കാരികവുമായ പൈതൃകത്തിന് ഇത് വരുത്തുന്ന പ്രത്യാഘാതങ്ങള്‍ വലുതാണെന്നും പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ പടിഞ്ഞാറൻ യുക്രൈന്‍ നഗരമായ ലിവിവില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമ സമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നിരിന്നു. വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയായിരിന്നു ആക്രമണം. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ റഷ്യയുടെ മിസൈൽ ആക്രമണത്തിൽ യുക്രൈനിലെ ഖാർകിവിലുള്ള യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക സഭയുടെ കത്തീഡ്രല്‍ ദേവാലയത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരിന്നു.

Comments

leave a reply

Related News