Foto

ഇടുക്കി രൂപതയില്‍ മൂന്ന് ദേവാലയങ്ങൾ ഫ്രാൻസിസ്‌കൻ തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു

കരിമ്പൻ: വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ സ്വർഗ പ്രവേശനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച് ലെയോ പതിനാലാമൻ മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷത്തിൻ്റെ ഭാഗമായി ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ രൂപതയിലെ മൂന്ന് ദേവാലയങ്ങൾ ഫ്രാൻസിസ്‌കൻ തീർത്ഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. വാഴത്തോപ്പ് സെൻ്റ് ജോർജ് കത്തീഡ്രൽ, മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയം, രാജാക്കാട് ക്രിസ്‌തുരാജാ ഫൊറോന ദേവാലയം എന്നിവയാണ് തീർത്ഥാടന കേന്ദ്രങ്ങൾ. 2027 ജനുവരി 10 വരെ ഈ ദേവാലയങ്ങൾ സന്ദർശിച്ച് നിർദിഷ്ട‌ ആത്മീയ വ്യവസ്ഥകളോടെ പ്രാർഥിക്കുന്നവർക്ക് പൂർണദണ്ഡ വിമോചനവും പ്രഖ്യാപിച്ചിട്ടുണ്ട്.

വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രലിൽ നടന്ന തിരുക്കർമങ്ങൾക്കു മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. ഫ്രാൻസിസ്‌കൻ വർഷാചരണം ആത്മീയ ജീവിതത്തിൽ നമുക്ക് ലഭ്യമായ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്‌തുവിന്റെ ജീവിതത്തോട് താദാത്മ്യം പ്രാപിക്കാൻ പരിശ്രമിച്ച രണ്ടാം ക്രിസ്‌തു എന്ന അപരനാമത്തിന് അർഹനായ വിശുദ്ധനാണ് വിശുദ്ധ ഫ്രാൻസിസ് അസീസി. ഫ്രാൻസിസിനെപോലെ സ്നേഹത്തിലും സമാധാനത്തിലും വളരുന്നതിനും സമാധാന സന്ദേശം ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിനും ഈ വർഷാചരണം ഇടവരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടന്ന തിരുക്കർമങ്ങൾക്ക് കോതമംഗലം രൂപത മുൻ മെത്രാൻ മാർ ജോർജ് പുന്നക്കോട്ടിൽ കാർമികത്വം വഹിച്ചു. ഇടവക തീർത്ഥാടന കേന്ദ്രമാക്കിക്കൊണ്ടുള്ള രേഖ രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ വായിച്ചു. തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി കേന്ദ്രങ്ങളിൽ വിപുലമായ ഒരുക്കങ്ങൾ നടത്തിയിട്ടുള്ളതായി വികാരിമാർ അറിയിച്ചു. ഫാ. ടോമി ആനിക്കുഴിക്കാട്ടിൽ, ഫാ. ജോസ് കൊച്ചുപുരയ്ക്കൽ, ഫാ. മാർട്ടിൻ പൊൻപനാൽ, ഫാ. ജോർജ് തകിടിയേൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Comments

leave a reply

Related News