കർത്താവിന്റെ ആയുധരഹിതരായ സമാധാനപ്രവർത്തകരാകാൻ ആഹ്വാനവുമായി ലിയോ പതിനാലാമൻ പാപ്പാ. ഒക്ടോബർ 25 മുതൽ 27 വരെ തീയതികളിലായി അസ്സീസിയിൽ "ആയുധരഹിതവും നിരായുധീകരിക്കുന്നതുമായ സമാധാനം" എന്ന പേരിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലേക്കായി ഒക്ടോബർ 27 ചൊവ്വാഴ്ച നൽകിയ വീഡിയോ സന്ദേശത്തിൽ, “അസ്സീസി ചൈതന്യം” വളർത്താനും, പ്രാർത്ഥനയുടെയും സംവാദത്തിന്റെയും മാർഗ്ഗത്തിൽ മുന്നോട്ട് പോകാനും പരിശുദ്ധ പിതാവ് ഏവരെയും ക്ഷണിച്ചു.
അസ്സീസിയിലെ ഈ സമ്മേളനത്തിൽ പങ്കെടുക്കാനും, സഹോദരങ്ങളെപ്പോലെ ജീവിക്കാൻ ഇപ്പോൾത്തന്നെ സാധ്യമാണെന്നതിന് സാക്ഷ്യമേകാനും താൻ ആഗ്രഹിച്ചിരുന്നുവെന്ന് പ്രസ്താവിച്ച പാപ്പാ, ലോകത്തിന് സാഹോദര്യത്തിന്റെ സന്ദേശം നൽകാൻ ഈ സമ്മേളനത്തിന് സാധിക്കട്ടെയെന്ന് ആശംസിച്ചു. 1986 ഒക്ടോബർ 27-ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ നേതൃത്വത്തിൽ അസ്സീസിയിൽ നടന്ന ലോകസമാധാന പ്രാർത്ഥനാദിനത്തിന്റെ നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഇത്തവണത്തെ സമ്മേളനത്തിൽ ലിയോ പതിനാലാമൻ പാപ്പാ സംബന്ധിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും, ഒക്ടോബർ 13-ന് നടന്ന ശസ്ത്രക്രിയയുടെ കൂടി പശ്ചാത്തലത്തിൽ ഈ യാത്ര മാറ്റി വയ്ക്കുകയായിരുന്നു.
സമ്മേളനത്തിൽ പങ്കെടുത്ത വിവിധ മതനേതൃത്വങ്ങളെയും മറ്റു വ്യക്തികളെയും തന്റെ വീഡിയോ സന്ദേശത്തിലൂടെ അഭിവാദ്യം ചെയ്ത പാപ്പാ, വിശ്വാസികൾക്കിടയിലും പൊതുസമൂഹത്തിലും സമാധാനത്തിന്റെയും സംവാദത്തിന്റെയും അന്തരീക്ഷം വളർത്തേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചു. വിശുദ്ധമായ യുദ്ധമെന്നൊന്നില്ലെന്നും, സമാധാനം മാത്രമാണ് വിശുദ്ധമെന്നും തന്റെ പ്രഭാഷണമദ്ധ്യേ ഓർമ്മിപ്പിച്ച പരിശുദ്ധ പിതാവ്, യുദ്ധത്തെ ന്യായീകരിക്കാൻ മതത്തെ ഉപയോഗിക്കുന്ന പ്രവണതയെ അപലപിച്ചു.
ആയുധശേഖരണം സമാധാനം ഉറപ്പാക്കുമെന്ന ധാരണ അപകടകരമാണെന്ന് മുന്നറിയിപ്പ് നൽകിയ പാപ്പാ, യുദ്ധത്തിനും ഭീകരവാദത്തിനും ആഗ്രഹിക്കുന്നവരുടെ ഹൃദയങ്ങളെ ദൈവം സ്പർശിക്കട്ടെയെന്ന് പ്രാർത്ഥിച്ചു. ലോകത്തിലെ പ്രബലരുടെയും ശക്തരുടെയും മുന്നിൽ, പ്രാർത്ഥന ദുർബലമാണെന്ന തോന്നലുണ്ടായേക്കാമെങ്കിലും, അത് വിശ്വാസികളുടെ എളിയ ബലമാണെന്നും, പ്രാർത്ഥന ഒരിക്കലും നിഷ്ഫലമാകില്ലെന്ന് മറക്കാതിരിക്കാമെന്നും ഉദ്ബോധിപ്പിച്ച പരിശുദ്ധ പിതാവ്, ദൈവം നമ്മെ തന്റെ സമാധാനത്തിന്റെ ആയുധരഹിതരായ ഉപകരണങ്ങളാക്കി മാറ്റട്ടെയെന്ന് ആശംസിച്ചു.










Comments