2026 ലെ ദേശീയ ദിവ്യകാരുണ്യ തീർത്ഥാടനത്തിന് നാളെ മെയ് 24 ന് ഫ്ലോറിഡയില്‍ തുടക്കമാകും. രാജ്യത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച്, നടത്തുന്ന ദിവ്യകാരുണ്യ പ്രയാണം എന്ന സവിശേഷത ഇതവണത്തെ തീര്‍ത്ഥാടനത്തിനുണ്ട്. വിശുദ്ധ ഫ്രാൻസിസ് സേവ്യർ കാബ്രിനി റൂട്ടിലൂടെയുള്ള തീർത്ഥാടനം ജൂലൈ 5ന് ഫിലാഡൽഫിയയിൽ സമാപിക്കും. കിഴക്കൻ അമേരിക്കയിലുടനീളം 2,000 മൈലിലധികം ദൂരമാണ് ദിവ്യകാരുണ്യ പ്രയാണം നടത്തുക. ലാ ലെച്ചെയിലെ ഔവർ ലേഡി ദേശീയ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയായിരിക്കും തീര്‍ത്ഥാടനത്തിന് തുടക്കമാകുക. ബിഷപ്പുമാർ, വൈദികർ എന്നിവരോടൊപ്പം തീർത്ഥാടന പാതയിലുടനീളം തിരുവോസ്തിയെ അനുഗമിക്കുന്ന ഒന്‍പത് സ്ഥിരം തീർത്ഥാടകരുടെ പങ്കാളിത്തവും ഉണ്ടായിരിക്കും.
ദിവ്യകാരുണ്യത്തിലുള്ള യേശുവിൻ്റെ സജീവ സാന്നിധ്യത്തിലുള്ള വിശ്വാസം ശക്തിപ്പെടുത്തുന്നതിനായി യുഎസ് കത്തോലിക്ക മെത്രാന്മാര്‍ ആരംഭിച്ച വിശാലമായ ദേശീയ ദിവ്യകാരുണ്യ പുനരുജ്ജീവന സംരംഭത്തിൻ്റെ ഭാഗമാണ് ഈ തീർത്ഥാടനം. യാത്രയിലുടനീളം, കത്തോലിക്കാ വിശ്വാസ ജീവിതത്തിൽ കൂടുതൽ ആഴപ്പെടുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനായി പൊതു വിശുദ്ധ കുർബാന അര്‍പ്പണം, ദിവ്യകാരുണ്യ പ്രദിക്ഷണം, പ്രാർത്ഥനാ കൂട്ടായ്മകള്‍, കാരുണ്യ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കുന്നുണ്ട്.










Comments