ചേർത്തല: കലവൂർ കൃപാസനത്തിൽ നിന്ന് അർത്തുങ്കൽ ബസിലിക്കയിലേക്ക് അഖണ്ഡ ജപമാല മഹാറാലി നാളെ നടക്കും. മൂന്നര ലക്ഷം വിശ്വാസികൾ പങ്കെടുക്കുന്ന മഹാറാലി 24ന് പുലർച്ചെ ഒന്നിനാണ് ആരംഭിക്കുന്നത്. കൃപാസനം സ്ഥാപക ഡയറക്‌ടർ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ റാലിക്ക് ആത്മീയ നേതൃത്വം നൽകും. ബ്രദർ ആർ. വിജയകുമാർ കോയമ്പത്തൂർ ഫ്ളാഗ് ഓഫ് ചെയ്യും. തീരദേശപാതയ്ക്കു സമാന്തരമായി സഞ്ചരിക്കുന്ന റാലി വൈകുന്നേരം ആറിന് അർത്തുങ്കൽ ബസിലിക്കയിൽ എത്തും. റെക്‌ടർ ഫാ. യേശുദാസ് കാട്ടുങ്കൽതയ്യിൽ റാലിയെ വരവേൽക്കും.
തുടർന്ന് ആലപ്പുഴ ബിഷപ്പ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ സന്ദേശം നൽകി സമൂഹബലിയർപ്പിക്കും. നൂറോളം വൈദികർ ചടങ്ങിൽ പങ്കെടുക്കും. രാജ്യത്തിന്റെ നന്മയാണ് ജപമാലറാലിയുടെ പ്രധാന നിയോഗമെന്നും നമ്മുടെ രാജ്യം സമാധാനത്തിലും കെട്ടുറപ്പിലും നിൽക്കേണ്ടതുണ്ടെന്നും യുദ്ധങ്ങൾ ഒഴിവായി ലോകത്തു സമാധാനം പുലരുവാനുള്ള നിയോഗത്തോടെയാണ് പ്രാര്‍ത്ഥന നടത്തുന്നതെന്നും കൃപാസനം ഡയറക്‌ടർ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ പറഞ്ഞു.
റാലിയുടെ വിവിധകേന്ദ്രങ്ങളിൽ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും, ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. കളക്‌ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ റാലിക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൃപാസനത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തും.










Comments