Foto

മാളിലെ ഉറുമ്പുകളും ഡിജിറ്റൽ തലമുറയും

ഫാ. സിബു ഇരിമ്പിനിക്കൽ

 

2023 ഫെബ്രുവരി 13 ലെ സമകാലിക മലയാളത്തിന്റെ മുഖച്ചിത്രം കഥാകൃത്ത് ഫ്രാൻസിസ് നൊറോണയാണ്. രാഷ്ട്രീയ സാംസ്കാരിക വിഷയങ്ങൾ മുഖമായി വരുന്ന വാരികയിൽ കഥാകൃത്തിന്റെ മുഖം വന്നത് നൊറോണയുടെ രാഷ്ട്രീയ സ്റ്റേറ്റ്മെന്റുള്ള കഥയോടുള്ള താൽപര്യമായും നൊറോണയെന്ന എഴുത്തുകാരനോടുള്ള മലയാള സാഹിത്യത്തിന്റെ പ്രിയമായും കാണാം. കഥയുടെ പേര് ഗേയം.

സ്വയം ആവർത്തിക്കാതിരിക്കാനുള്ള എഴുത്തുകാരന്റെ കഴിവാണ് അയാളെ മികച്ച സ്രഷ്ടാവാക്കുന്നത്. നൊറോണ അതിൽ മാത്രമല്ല വിജയിച്ചത്. പുതിയ വിഷയം, ഭാഷാരീതി ഇവയോടൊപ്പം മേദസ്സില്ലാത്തവിധം ഒതുക്കിയെടുത്ത കഥ. അനാവശ്യമായി എഴുത്തുകാരനും കഥാപാത്രങ്ങളും ഇടപെടാത്തൊരു കഥ അധികം ഉണ്ടാവാറില്ല.

കഥയിലേക്ക് വന്നാൽ, മാളിലെ എസ്കലേറ്ററിലേക്ക് കയറാൻ കഴിയാതെ നിന്ന സുഹൃത്തിനെ താഴെയിറക്കി ലിഫ്റ്റിൽ കയറ്റി കൊണ്ടുപോകുന്നിടത്ത് തുടങ്ങുന്ന കഥ. ജോസഫിന്റെ ജീവിതത്തിലെ കുഴപ്പം പിടിച്ച എന്തോ സംഗതിക്ക് പരിഹാരം തേടി സുഹൃത്തിനൊപ്പം മാളിലിരുന്ന് ചായ കുടിക്കാൻ തുടങ്ങി. കല്യാണം കഴിഞ്ഞ് മുതിർന്ന കുട്ടികളുള്ള രണ്ട് സുഹൃത്തുക്കൾ. മാളുപോലെ തിരക്കുപിടിച്ച ഒരു സ്ഥലം നല്കുന്ന പ്രൈവസിയാണവർക്ക് വേണ്ടത്. ജോസഫ് വിശ്വാസിയാണ്. ജോസഫിന്റെ മകൻ മറ്റൊരു യുവാവിനെ സ്നേഹിച്ച് ഒരുമിച്ച് കഴിയാൻ ആഗ്രഹിക്കുന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് സുഹൃത്തിനോട് പറയാനുള്ളത്. ജോസഫിന്റെ മകന്റെ സ്നേഹിതനെ തേടി ഇരുവരും പോകുന്നു.

മാളുകളിലെ തിരക്കിൽ സ്വകാര്യത കണ്ടെത്തുന്ന മനുഷ്യർ ആധുനിക മനുഷ്യന്റെ മാനസിക നിലയുടെ ചിത്രമാണ്. എന്നാൽ അവരുടെ മക്കൾ ഒരുപക്ഷെ അവിടവും കടന്ന് ഡിജിറ്റൽ കാലത്തെ ജീവിതമാണ് ജീവിക്കുന്നത്. അവർക്ക് ഡിജിറ്റൽ പരിസരങ്ങളിലാണ് ജീവിതം. ഒരു പക്ഷേ ജോസഫിന്റെ മകനും മകന്റെ ആൺ സുഹൃത്തും ഈ ഡിജിറ്റൽ ജീവികളാകണം. ജനം അത്രയേറെ പെരുകുമ്പോഴും പ്രൈവസി മൊബൈലിൽ മാത്രം കണ്ടെത്തുന്നവരുടെ മാനസിക നിലയും ബലവും പരിശോധിക്കപ്പെടുകയാണ് വേണ്ടത്. അല്ലാതെ അതിനെ നോർമലൈസ് ചെയ്യുന്നത് അബദ്ധമാണ്. ജോസഫിന്റെ സുഹൃത്ത് അരിക് സ്വർണ്ണം പോലെ തിളങ്ങുന്ന ഇംഗ്ലീഷ് ബൈബിൾ സമ്മാനിച്ചത് ഓർമ്മിക്കുന്നുണ്ട് കഥയിൽ. വായിക്കപ്പെടാനും പ്രയോഗത്തിൽ വരുത്താനുമുള്ള ഗ്രന്ഥം, സമ്മാനം മാത്രമായി പരിഗണിക്കപ്പെടുന്നത് മാളിൽ സ്വകാര്യത കണ്ടെത്തിയ തലമുറയുടെ സവിശേഷതയാണ്. മാളിലും അവർ ഉറുമ്പിനെ കാണുന്നു. ചായക്കപ്പിലും കണ്ടു. നാട്ടിലാണ്, മണ്ണിലാണ് ഉറുമ്പുള്ളത്. മാളിൽ ഉറുമ്പുണ്ടാകാൻ പാടില്ല. മാളിൽ കയറിപ്പറ്റിയ ഉറുമ്പുകൾ ഒരു പ്രതീകമാണെങ്കിൽ ജോസഫും സ്നേഹിതനും സംസാരിക്കുന്നത് ഉറുമ്പ് ഉറുമ്പിനോടെന്ന പോലെയാണെന്ന് നൊറോണ കണ്ടത്തുന്നുണ്ട്. സാഹിത്യത്തിലെ എലിപ്റ്റിക്കൽ (Elliptical) സ്റ്റൈൽ ഉടനീളമുണ്ട് കഥയിൽ. പറയാത്ത പലതും  കൂട്ടിവായിക്കാനും വായനക്കാരന്റെ മനസ്സും പരിസരവും ഓർമ്മകളും ചേർത്ത് കഥ പൂരിപ്പിച്ചെടുക്കാനുമുള്ള തരത്തിൽ പാകപ്പെടുത്തിയ കഥ. ജീവിതത്തിൽ പങ്കാളികൾ ഉണ്ടായിട്ടും സുപ്രധാന കാര്യങ്ങൾ പരസ്പരം പങ്കുവച്ച് തീരുമാനിക്കുന്ന ക്രിസ്ത്യാനിയും മുസ്ലീമുമായ രണ്ട് വ്യക്തികളുടെ ജീവിതത്തെ രണ്ട് യുവാക്കളുടെ സ്വവർഗ്ഗവിവാഹ മോഹവുമായി താരതമ്യപ്പെടുത്താനാവില്ല. കഥയിൽ പറയുന്നപോലെ, “മകനായിട്ട് ഒന്നേയുള്ളൂ എനിക്ക്.. അവന്റെ കുഞ്ഞിന് എന്റെ പേരിടണമെന്നായിരുന്നു ആഗ്രഹം" എന്ന് വിലപിക്കുന്ന ജോസഫിനെ കഥാകൃത്ത് അവതരിപ്പിക്കുന്നുണ്ട്. ഇത് കഥയാണ്. ഈ കഥയിലെ മനുഷ്യരുടെ കഥ ഇതാണ്.

“ഗേയം' ഒരു മാനസിക അവസ്ഥയാണ്. അത് പുതിയകാലം ചർച്ച ചെയ്യേണ്ടതും മനസ്സിലാക്കേണ്ടതുമാണ്. മനുഷ്യബന്ധങ്ങളെ ലൈംഗികതാൽപര്യങ്ങൾകൊണ്ട് മാത്രം പരിഗണിക്കുന്നതിലെ അപകടവും യുക്തിയില്ലായ്മയും ഗേയം തന്നെ പറയുന്നുണ്ട്. “മഹാരാജാസിൽ വച്ച് വീണുപോയ ഒരുവനെ ഓർക്കുന്നുണ്ടോ..അവന്റെ മുച്ചക്ര കസേര ജീവിതകാലം മുഴുവൻ ഉന്താൻ ഒരു പെണ്ണ് കൂടെ കൂടിയത് എന്തിനാണെന്നറിയാമോ..” കഥയിലെ ഈ ചോദ്യം മനുഷ്യർക്കിടയിലെ ആത്മബന്ധത്തിന്റെ ആത്മീയ തലം കണ്ടെത്താൻ ധാരാളമാണ്.

മനുഷ്യന്റെ കുട്ടിക്കാലത്തെ അനുഭവങ്ങളിൽ നിന്നാണ് വ്യക്തി എന്ന നിലയിൽ ഒരാൾ രൂപപ്പെടുന്നത്. ബോധവും അബോധവുമായ ഭാഗങ്ങൾ മനസ്സിനെ നിർമ്മിക്കുമ്പോൾ എത്ര സങ്കീർണ്ണമാണ് വ്യക്തിയുടെ മാനസികനില. നൊറോണക്കഥയിലെ "ഗേയം' ഒരു കോംപ്ലക്സാവും. ഇഡിപ്പസ് കോംപ്ലക്സിന് പോസിറ്റീവും നെഗറ്റീവുമായ വ്യാപ്തിയാണല്ലോ ഉള്ളത്. നെഗറ്റീവ് ഇഡിപ്പസ് കോംപ്ലക്സിന്റെ ഫലമായി ന്യൂറോസിസ്, പെഡോഫീലിയ, ഹോമോ സെക്ഷ്വാലിറ്റി ഇവയിലേക്ക് വ്യക്തികൾ നീങ്ങാം എന്ന് പറയപ്പെടുന്നു. “Homosexuality is seen by Freud as result of a failed resolution of the Oedipus Complex" എന്ന നിരീക്ഷണം കഥയും കഥയുയർത്തുന്ന മാനസികാവസ്ഥയും പഠിക്കാൻ സഹായിക്കും.

'ഗേയം' എന്തുകൊണ്ട് മനഃശാസ്ത്രപരമായി സമീപിക്കേണ്ട കഥയാണ് എന്നതിന്റെ പ്രാധാന്യം വ്യക്തമാണ്. ഇതിന് മതപരവും ആത്മീയവുമായ വിശദീകരണവും ആവശ്യമാണ്. ഫ്രാൻസിസ് പാപ്പയുടെ നിലപാട് ഇക്കാര്യത്തിൽ കൃത്യമാണ്. ചില മാധ്യമങ്ങൾ അതിൽ വെള്ളം ചേർത്ത് പറയാൻ ശ്രമിക്കുന്നതും കാണാം. ഈ വിഷയത്തിലുള്ള പാപ്പയുടെ നിലപാട് മനസ്സിലാക്കാനുള്ള ആദ്യ വാചകമിതാണ്.

"It is a sin - let's make the distinction first between sin and crime".

സ്വവർഗ്ഗലൈംഗികതയെ ഇൻട്രിൻസിക്കലി ഡിസോർഡേർഡ്‌ (intrinsically disordered) ആയി മനസ്സിലാക്കുമ്പോൾ തന്നെ അത്തരം വ്യക്തികളോട് ദയ കാണിക്കണം. സഭയ്ക്ക് ഒരിക്കലും സ്വവർഗ്ഗവിവാഹം ആശീർവദിക്കാൻ കഴിയില്ല. കാരണം, ഗോഡ് കനോട്ട് ബ്ലെസ്സ് സിൻ' (God cannot bless sin). ജർമ്മനിയിലെ 'സിനഡൽ വേഗ്' അഥവ സിനഡൽ പാതയെ തള്ളിക്കളയാൻ ഫ്രാൻസിസ് പാപ്പയെ പ്രേരിപ്പിച്ചത്  ഇത്തരം കാര്യങ്ങളിലുള്ള അവരുടെ നിലപാടിലെ പാളിച്ചകളാണ്.

"ഗേയം' ക്രാഫ്റ്റ് കൊണ്ട് മികച്ച സൃഷ്ടിയാണ്. സമകാല മനുഷ്യന്റെ ഡിജിറ്റൽ ജീവിതം മനുഷ്യരെയെത്തിക്കുന്ന മാനസിക നിലകൾ മുൻപ് നമുക്ക് പരിചയമുള്ള തരത്തിലൊന്നുമല്ല. മനുഷ്യർ ഡിജിറ്റൽ പരിസരത്തിൽ കൂടുതൽ ഒറ്റപ്പെടുകയും ഏകാന്ത ദുഃഖത്തിലാവുകയും ചെയ്യുന്നു. ഫ്രാൻസിസ് നൊറോണയുടെ കഥ അതിനാൽ തന്നെ ഗൗരവമായ മനഃശാസ്ത്ര - സാമൂഹ്യപഠനം ആവശ്യമുള്ളതാണ്. സങ്കീർണ്ണതകളുടെ തുരുത്തുകളായി വ്യക്തികൾ മാറുകയും സൗഹൃദം ഡിജിറ്റൽ പരിസരങ്ങളിലേക്ക് പരിമിതപ്പെടുകയും ചെയ്യുന്ന കാലത്തിനെ കണ്ടെത്താൻ ഈ കഥയ്ക്ക് കഴിയുന്നു. കഥയും കഥാകൃത്തും പുതിയ കാലത്തിന്റെ മാനസിക സംഘർഷം തിരിച്ചറിയുന്നത് പഠന വിധേയമാക്കണം.
 

Comments

  • Joseph V J
    24-02-2023 10:30 PM

    Very nice presentation

leave a reply