Foto

ഹൈറേഞ്ചില്‍ ദുരിതങ്ങള്‍ ഹൈവോള്‍ട്ടേജില്‍ തന്നെ

എം. കെ. പുരുഷോത്തമന്‍

ഇടുക്കി : ഒരുവശത്ത് കോവിഡ് നിരക്ക് ഉയരുന്നു. മറുവശത്ത് കാര്‍ഷികവിളകളുടെ വിലത്തകര്‍ച്ച. ഇതിനിടയില്‍ പൂച്ച എലിക്കുഞ്ഞിനെ തട്ടിക്കളിക്കുന്നതുപോലെ ഇന്ധന, പാചക വാതക വിലകള്‍ കൂട്ടി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളും ജനങ്ങളെ വലയ്ക്കുന്നു. മലയോരം കുന്നോളമല്ല, പര്‍വ്വതത്തോളം തന്നെ സങ്കടം പേറുകയാണിപ്പോള്‍.
റബ്ബറിന് താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, അതെല്ലാം കര്‍ഷകന്റെ കീശയിലെത്താന്‍ വൈകുന്നു. കോവിഡല്ലേ, കപ്പക്കൃഷി ലാഭകരമാകുമെന്ന കര്‍ഷകരുടെ കണക്കുകൂട്ടലും പിഴച്ചു. തുടക്കത്തില്‍ കിലോയ്ക്ക് 25 രൂപയ്ക്കായിരുന്നു മരച്ചീനി വിറ്റിരുന്നത്. ഇപ്പോള്‍ വില 10 രൂപ. കര്‍ഷകന് കിട്ടുന്നത് 5 രൂപ.
കൂലിപ്പണി പൊതുവേ കുറഞ്ഞു. ഇഞ്ചിക്കും വിലയില്ല. അതുകൊണ്ട് കൃഷിയൊന്നും ചെയ്യാതെ പറമ്പുകള്‍ തരിശായി കിടക്കുന്നു. വെയില്‍, മഞ്ഞ്, മഴ എന്നിങ്ങനെയുള്ള തോന്നുംപടിയുള്ള കാലാവസ്ഥയും കൃഷിക്കാരെ ബാധിച്ചിട്ടുണ്ട്.
ടൂറിസം 'ന്യൂഇയര്‍' കഴിഞ്ഞ് പച്ച തൊട്ടിട്ടില്ല. സായിപ്പുമാര്‍ ട്രെയിന്‍, വിമാന സര്‍വീസുകള്‍ സാധാരണഗതിയിലാകാതെ വരാനിടയില്ല. തേക്കടിയിലും മറ്റും ആഭ്യന്തര ടൂറിസ്റ്റുകള്‍ മാത്രമേ വരുന്നുള്ളു. കൊറോണയെ ഭയന്ന് എല്ലാവരും പൊതിച്ചോറും തീറ്റസാധനങ്ങളുമെല്ലാം കരുതിയാണ് വരുന്നത്. പച്ചവെള്ളം പോലും വാങ്ങാതെ കാഴ്ച കണ്ട് ടൂറിസ്റ്റുകള്‍ മടങ്ങുന്നു. ഹോട്ടലുകാരും ചെറിയ കടക്കാരുമെല്ലാം ഈച്ചയാട്ടി ഇരിക്കുന്നു.
ഓട്ടോ, ടാക്‌സിക്കാര്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചതിനാല്‍ ദുരിതത്തിലാണ്. ഹൈറേഞ്ചില്‍ 1 കിലോമീറ്റര്‍ പോകുമ്പോള്‍ അര കിലോമീറ്റര്‍ കയറ്റമായിരിക്കും. ഇങ്ങനെ മലമ്പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിരക്ക് പ്രഹസനമാണിപ്പോള്‍. കൂടുതല്‍ ചാര്‍ജ് ചോദിച്ചാല്‍ യാത്രക്കാര്‍ ഇടയും. കൂടുതല്‍ യാത്രക്കൂലി കിട്ടിയില്ലെങ്കില്‍ നഷ്ടം വരും. വിദേശ ടൂറിസ്റ്റുകാരില്‍ പലരും ഓട്ടോ, ടാക്‌സി നിരക്ക് നല്‍കുമ്പോള്‍ എന്തെങ്കിലും 'ടിപ്പ്' തടയുമായിരുന്നു. സായിപ്പുമാരും മദാമ്മമാരും ടൂറിസ്റ്റുകളായി എത്താത്തത് ഇടുക്കിയുടെ ടൂറിസം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
യാത്രക്കാര്‍ കുറഞ്ഞതുമൂലം സ്വകാര്യ ബസ്സുടമകള്‍ക്കുമുണ്ട് പറയാന്‍ നഷ്ടക്കണക്കുകളേറെ. ജീവനക്കാരെ കുറച്ചും, ട്രിപ്പുകള്‍ കുറച്ചും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണവരും.
''രാവിലെ കട തുറന്നിരിക്കും. പക്ഷെ, ആരെങ്കിലും കടയിലേക്ക് വരണ്ടേ? ചിലപ്പോള്‍ തോന്നും എന്തിനാ കട തുറക്കുന്നതെന്ന്? തമിഴ്‌നാട്ടുകാരനായ ഒരു പണിക്കാരനുണ്ടായിരുന്നു. വരുമാനമില്ലാത്തതു കൊണ്ട് അയാളെ പറഞ്ഞുവിട്ടു''. - മാട്ടുപ്പെട്ടിയിലെ ഒരു ശീതളപാനീയക്കടക്കാരന്റെ പരിദേവനം ഇങ്ങനെ.
മൂന്നാര്‍ ടൗണിലും കടകള്‍ തുറന്നിരിപ്പുണ്ട്. പക്ഷെ റോഡുകള്‍ വിജനമാണ്.

Comments

leave a reply