സുപ്രീം കോടതിയില്‍ ഡോ. ഷംസീര്‍ നല്‍കിയ ഹര്‍ജി
ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാന്‍ മാറ്റിവച്ചിരിക്കുന്നു
പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്യുന്ന രാജ്യത്തു നിന്ന് വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമൊരുക്കണമെന്ന ആവശ്യം വനരോദനമായി തുടരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ തപാല്‍ ബാലറ്റ് വഴി പ്രവാസികള്‍ക്ക് വോട്ട് ഏര്‍പ്പെടുത്താന്‍ സാങ്കേതികമായും ഭരണപരമായും സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ മന്ത്രാലയത്തെ അറിയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാണിച്ചിട്ടില്ല. ഇതിനായി ദുബായിലെ സംരംഭകന്‍ ഡോ.വി.പി. ഷംസീര്‍ നല്‍കിയ ഹര്‍ജി ഏപ്രിലില്‍ വാദം കേട്ട് തീര്‍പ്പാക്കാന്‍ മാറ്റിവച്ചിരിക്കുകയാണ് സുപ്രീം കോടതി.
പ്രവാസികള്‍ക്ക് പകരക്കാരെ (പ്രോക്‌സി) ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിനുള്ള ബില്‍ 2018 ഓഗസ്റ്റില്‍ ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍, രാജ്യസഭ പാസാക്കാത്തതിനാല്‍ ബില്‍ ലാപ്‌സായി. വീണ്ടും ബില്‍ കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുന്നില്ലെന്ന് ജസ്റ്റീസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ച് മുന്‍പാകെ ഹര്‍ജിക്കാരനുവേണ്ടി അഡ്വ.ഹാരിസ് ബീരാന്‍ വ്യക്തമാക്കിയിരുന്നു..
വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കു മാത്രമല്ല, ഇതര സംസ്ഥാനങ്ങളിലുള്ളവര്‍ക്കും നാട്ടിലെത്താതെ വോട്ട് ചെയ്യാന്‍ സൗകര്യമനുവദിക്കണമെന്ന ആവശ്യവും സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ആവശ്യവും തിരഞ്ഞെടുപ്പു കമ്മിഷന്‍ എതിര്‍ക്കുന്നില്ലെന്നാണ് സൂചന. എന്നാല്‍, കോടതിയില്‍ ഹാജരായിരുന്ന അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. രാജ്യത്തിന്റെ വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും മികച്ച പങ്ക് വഹിക്കുന്നവരാണ് പ്രവാസികള്‍. എന്നാല്‍ രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ അവര്‍ക്ക് കേവല കാഴ്ചക്കാരായി തുടരേണ്ടവരുന്നത് അനീതിയാണെന്ന് ഡോ.വി.പി. ഷംസീര്‍ നല്‍കിയ ഹര്‍ജി ചൂണ്ടിക്കാട്ടുന്നു.
വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അവിടെത്തന്നെ വോട്ടിനുള്ള സൗകര്യം നല്‍കുന്നുണ്ട്. എന്നിട്ടും മറ്റു പ്രവാസികള്‍ക്ക് എന്തുകൊണ്ട് ഈ സൗകര്യം അനുവദിക്കുന്നില്ലെന്ന ചോദ്യം ഉയരുന്നു. തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക സ്രോതസ്സ് മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രവാസികള്‍. അതിനപ്പുറം അവരുടെ വോട്ട് കൂടി വേണമെന്ന താത്പര്യം പല രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും വിശിഷ്യാ കേന്ദ്ര ഭരണ കക്ഷിക്കും ഇല്ലെന്നു വ്യക്തം.
പ്രവാസി ഇന്ത്യക്കാര്‍ക്ക് വോട്ടേഴ്സ് ലിസ്റ്റില്‍ അവരുടെ പേരുള്ള ബൂത്തില്‍ എത്തിയാല്‍ മാത്രമേ നിലവില്‍ വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഒരു സമ്മതിദാനം രേഖപ്പെടുത്തുന്നതിന് മനിമം പതിനായിരങ്ങള്‍ മുടക്കാന്‍ ശേഷിയുള്ള സമ്പന്നര്‍ക്കേ ഇത് സാധ്യമാകൂ. നിര്‍ണായക പോരാട്ടം നടക്കുന്ന ചില മണ്ഡലങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഏര്‍പ്പെടുത്തുന്ന രണ്ടോ മൂന്നോ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ എത്തി വോട്ട് രേഖപ്പെടുത്തുന്നവരുമുണ്ട്. ഇതിലപ്പുറം വോട്ടിന് അവസരം ലഭിക്കുന്ന പ്രവാസികള്‍ നന്നേ ചുരുക്കം. ചുട്ടുപൊള്ളുന്ന വെയിലിലും മരം കോച്ചുന്ന തണുപ്പിലും കുടുംബത്തിനും നാടിനും വേണ്ടി അധ്വാനിക്കുന്ന പ്രവാസിക്ക് എന്നും എവിടെയും അവഗണനയാണെന്ന പരാതി രൂക്ഷമാവുകയാണ് സമ്മതിദാനാവകാശം നിഷേധിക്കപ്പെടുന്നതിലൂടെ.
വോട്ട് ചെയ്യാന്‍ ആഗ്രഹമുള്ള ഇന്ത്യക്കാരായ പ്രവാസികള്‍ക്കും സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ ഡിജിറ്റല്‍ സംവിധാനത്തിലൂടെ വോട്ട് രേഖപ്പെടുത്താന്‍ സാഹചര്യമൊരുക്കാമെന്ന് കഴിഞ്ഞ ഡിസംബറില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര നിയമകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.
ഇ തപാല്‍ വോട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവെച്ച നിര്‍ദേശം. വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ റിട്ടേണിംഗ് ഓഫീസറെ വിവരം അറിയിക്കണം. അവര്‍ക്ക് തങ്ങളുടെ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ്, ഇ മെയില്‍ വഴി അയച്ചു കൊടുക്കും. അവര്‍ പ്രിന്റ്ഔട്ട് എടുത്ത് വോട്ട് രേഖപ്പെടുത്തണം. തുടര്‍ന്ന് പോസ്റ്റല്‍ വോട്ടിന് അപേക്ഷിച്ച ആള്‍ തന്നെയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് എംബസിയില്‍ നിന്ന് വാങ്ങണം. ഇതിനായി ഒരു ഉദ്യോഗസ്ഥനെ എംബസിയില്‍ നിയോഗിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എംബസിയില്‍ നിന്ന് വാങ്ങിയ അറ്റസ്റ്റഡ് കോപ്പി തപാലില്‍ അയക്കുകയോ അല്ലെങ്കില്‍ എംബസിയില്‍ സമര്‍പ്പിക്കുകയോ വേണം. പദ്ധതി നടപ്പായാല്‍ രാജ്യത്തെ ഒരു കോടിയിലേറെ വരുന്ന പ്രവാസികളില്‍ അറുപത് ലക്ഷത്തോളം പേര്‍ക്കെങ്കിലും ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയെങ്കിലും അജ്ഞാത കാരണങ്ങളാല്‍ 'വഞ്ചി ഇപ്പോഴും തിരുനക്കരെ' തന്നെ.
ഗള്‍ഫ് വിമാനക്കൂലി, പ്രവാസ ജീവിതം അവസാനിപ്പിച്ചവര്‍ക്ക് നാട്ടില്‍ ജോലി കണ്ടെത്തല്‍, പുനരധിവാസം, പ്രവാസി പെന്‍ഷന്‍, കുട്ടികളുടെ വിദ്യാഭ്യാസം, വിദേശത്ത് മരണപ്പെട്ടാല്‍ മൃതശരീരം നാട്ടിലെത്തിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രവാസികളുടെ പരാതികള്‍ പരിഹരിക്കപ്പെടാതെ തുടരുകയാണ്. വിദേശ സന്ദര്‍ശനത്തിനെത്തുന്ന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും പരിഹാര വാഗ്ദാനം നല്‍കുന്നതല്ലാതെ ഫലമുണ്ടാകാറില്ല. വോട്ട് വഴി ഇതിനെതിരെ പ്രതികരിക്കുമെന്ന ഭയമാകാം നടപടികളിലെ അനിശ്ചിതത്വത്തിനു കാരണമെന്ന ആരോപണവും തീവ്രം.
പൗരത്വമാണ് ഏതൊരു രാജ്യവും വോട്ടവകാശത്തിനുള്ള മുഖ്യ മാനദണ്ഡമായി പരിഗണിക്കുന്നതെന്നിരിക്കേ പൗരത്വമുണ്ടെങ്കില്‍ പ്രവാസ ലോകത്തു നിന്നും വോട്ടവകാശം അനുവദിക്കുകയാണ് ആഗോളതലത്തില്‍ പൊതുവെ അംഗീകരിക്കപ്പെട്ട നിലപാട്. 20 ഏഷ്യന്‍ രാജ്യങ്ങളുള്‍പ്പെടെ നൂറിലേറെ രാജ്യങ്ങള്‍ തങ്ങളുടെ പ്രവാസികളായ പൗരന്മാര്‍ക്ക് വിദേശത്ത് വോട്ട് സൗകര്യം നല്‍കുന്നുണ്ട്. അതേസമയം, പ്രോക്സി വോട്ട് രീതി സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി സി പി എം പോലുള്ള ചില പാര്‍ട്ടികള്‍ ഈ നിര്‍ദേശത്തോട് വിയോജിപ്പ് രേഖപ്പെടുത്തിവരുന്നുണ്ട്. പ്രോക്സി വോട്ട് സമ്പ്രദായത്തില്‍ വോട്ടര്‍ തൊഴിലുടമയുടെ സമ്മര്‍ദത്തിനു വിധേയപ്പെടാന്‍ സാധ്യതയുണ്ടെന്നും ഇ ബാലറ്റിന്റെ രഹസ്യ സ്വഭാവം ഉറപ്പാക്കാന്‍ സാധിക്കുകയില്ലെന്നുമാണ് സി പി എം നേതാവ് സീതാറാം യെച്ചൂരിയടക്കം ചില പ്രതിപക്ഷ നേതാക്കളുടെ ആശങ്ക .അതേസമയം, ഇ തപാല്‍ വോട്ട് തീര്‍ത്തും സുതാര്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. പ്രവാസികള്‍ക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താന്‍ ഇതുവഴി സാധിക്കും. ഇതിന് 1961ലെ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യുകയേ വേണ്ടൂ.ഇക്കാര്യത്തില്‍ പാര്‍ലമെന്റിന്റെ അംഗീകാരം തേടേണ്ടതില്ലെന്നു നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ബാബു കദളിക്കാട്
Comments