ബാബു കദളിക്കാട്
രോഗ വ്യാപനം രണ്ടാമതും കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ട് ഒരു വര്‍ഷം പിന്നിട്ടു. രോഗ വ്യാപനം രണ്ടാമതും കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നുവെന്ന ആശങ്കാ ജനകമായ വിവരമാണ് ഈ വേളയില്‍ പുറത്തുവന്നിരിക്കുന്നത്. കൊറോണ വൈറസിനെ ഇനി അത്രമാത്രം ഭയപ്പെടേണ്ടതില്ലെന്ന ധാരണ സമൂഹത്തെ ബാധിക്കാനിടയായില്ലേയെന്ന ചോദ്യം വിദഗ്ധര്‍ വ്യാപകമായി ഉയര്‍ത്തുന്നുണ്ട്.
നിയന്ത്രണങ്ങളില്‍ വരുത്തിയ അയവ് തന്നെയാകാം ജാഗ്രത അയഞ്ഞുവന്നതിനു കാരണമെന്നും ആരാധനാലയങ്ങളില്‍ മാത്രമാണ് നിലവില്‍ അല്‍പ്പമെങ്കിലും നിയന്ത്രണങ്ങളും കരുതല്‍ നടപടികളുമുള്ളതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.രോഗത്തിന്റെ രണ്ടാം വരവ് ശക്തിപ്പെട്ടതോടെ കര്‍ശന ജാഗ്രതാ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് സര്‍ക്കാര്‍. വാക്‌സിന്‍ എത്തിയതോടെ, 'ഇനി കുഴപ്പം വരാനില്ല 'എന്ന ചിന്ത വളരുന്നത് ദോഷം ചെയ്യുമെന്നും വിദഗ്ധര്‍ പറയുന്നു.
ദേശീയ കണക്കുകള്‍ പ്രകാരം പ്രതിദിന കേസുകളില്‍ പകുതിയും ഇപ്പോള്‍ കേരളത്തിലാണ്. മരണ നിരക്ക് 3,700 ആയി ഉയര്‍ന്നു. നിലവില്‍ മൊത്തം കേസുകളില്‍ മൂന്നാമതും ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തു കേരളമാണെന്നത് കൂടുതല്‍ ആശങ്കാജനകമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തിലാണ്.രോഗമുക്തരേക്കാള്‍ രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണിവിടെ.രോഗ പ്രതിരോധ കാര്യത്തില്‍ കേരളം കൈവരിച്ച ആദ്യകാല നേട്ടങ്ങള്‍ നിലനിര്‍ത്തി ഈ വര്‍ഷമാദ്യത്തോടെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാനും ജനജീവിതം സാധാരണ നിലയിലേക്കു കൊണ്ടുവരാനുമുള്ള ഒരുക്കത്തിലായിരുന്നു സര്‍ക്കാര്‍.ഈ പ്രതീക്ഷ താളം തെറ്റുമെന്നതാണിപ്പോഴത്തെ അവസ്ഥ.
മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കുന്നതുള്‍പ്പെടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാനും ബസ് സ്റ്റാന്‍ഡ്, ഷോപ്പിംഗ് മാള്‍, സമ്മേളന വേദികള്‍, വിവാഹ ചടങ്ങുകള്‍ അടക്കം ജനങ്ങള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രതിദിന പി സി ആര്‍ പരിശോധനകളുടെ എണ്ണം ഒരു ലക്ഷമായി ഉയര്‍ത്തുകയും രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന തിരുവനന്തപുരം, കൊല്ലം, കോട്ടയം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ ജാഗ്രതാ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. പൊതുഗതാഗതത്തിലും തിയേറ്റര്‍, ഷോപ്പിംഗ് മാള്‍ എന്നിവിടങ്ങളിലും പകുതി ശതമാനം ആളുകള്‍ക്ക് മാത്രമാകും പ്രവേശനാനുമതി.
വിവാഹ ചടങ്ങുകള്‍ അടച്ചിട്ട ഹാളുകളില്‍ ഒഴിവാക്കാനും പരമാവധി തുറസ്സായ സ്ഥലങ്ങളില്‍ നടത്താനും നിര്‍ദേശമുണ്ട്.അധികൃതരുടെ ഇടപെടല്‍ കൊണ്ട് മാത്രം നിയന്ത്രിക്കാനാകില്ല ഈ മാരക രോഗം; രോഗ ചികിത്സയല്ല, രോഗം വരാതെ സൂക്ഷിക്കുകയാണ് കോവിഡിന്റെ കാര്യത്തില്‍ ഏറ്റം ഫലപ്രദമെന്ന കാര്യം ജനങ്ങള്‍ മറക്കുന്നു. രോഗബാധിതരുള്ള വീടുകളില്‍ കൂടുതല്‍ കരുതല്‍ നടപടികള്‍ ഉണ്ടാകുകയെന്നതു പരമ പ്രധാനം. 56 ശതമാനം പേര്‍ക്കും രോഗം പടരുന്നത് വീടിനുള്ളില്‍ നിന്നാണെന്നാണ് തിരുവനന്തപുരം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനം കാണിക്കുന്നത്.
വൈറസ് പ്രതിരോധത്തിനായി പഴുതടച്ച മുന്‍കരുതല്‍ വേണമെന്ന പ്രബോധനങ്ങള്‍ മെല്ലെ അയഞ്ഞുവന്നതു ദോഷം വരുത്തി. സമൂഹത്തിന് മാതൃകയും വഴികാട്ടികളുമാകേണ്ട ജനപ്രതിനിധികള്‍ പോലും ഇക്കാര്യത്തില്‍ കടുത്ത അലംഭാവവും അശ്രദ്ധയും ജാഗ്രതക്കുറവും കാണിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. ബജറ്റ് സമ്മേളനത്തില്‍ നിയമസഭയില്‍ മാസ്‌ക് താഴ്ത്തിയിടുകയും സംസാരിക്കുമ്പോള്‍ മാസ്‌ക് മാറ്റുകയും ചെയ്തതിന് ചില എം എല്‍ എമാരെ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കു ശാസിക്കേണ്ടിവന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഭരണ സിരാകേന്ദ്രത്തിനു തൊട്ടുമുമ്പില്‍ നടന്ന സെക്രട്ടേറിയറ്റ് കാന്റീന്‍ ഭരണ സമിതി തിരഞ്ഞെടുപ്പിലും കോവിഡ് പ്രോട്ടോകോളുകളെല്ലാം നോക്കുകുത്തിയായി. നൂറുകണക്കിനു ജീവനക്കാരുടെ തള്ളിക്കയറ്റമായിരുന്നു വോട്ടെടുപ്പ് നടന്ന ദര്‍ബാര്‍ ഹാളിലും സൗത്ത് കോണ്‍ഫറന്‍സ് ഹാളിലും. നിയന്ത്രണം കര്‍ശനമാക്കുമെന്ന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് ജീവനക്കാര്‍ നല്‍കിയത് പുല്ല് വില മാത്രം.
കേരളത്തില്‍ ജനുവരി നാല് മുതല്‍ പത്ത് വരെയുള്ള ഒരാഴ്ചക്കിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം 35,296 ആയിരുന്നെങ്കില്‍ ജനുവരി 11 തൊട്ടുള്ള ആഴ്ചയില്‍ അത് 36,700 ആയും ജനുവരി 18 തൊട്ടുള്ള ആഴ്ചയില്‍ 42,430 ആയും ഉയര്‍ന്നു. അടുത്ത രണ്ടാഴ്ചക്കകം സംസ്ഥാനത്തെ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, പശ്ചിമ ബംഗാള്‍ എന്നിവയാണ് കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള സംസ്ഥാനങ്ങള്‍. എന്നാല്‍ ഈ നാല് സംസ്ഥാനങ്ങളിലെയും മൊത്തം രോഗബാധിതരുടെ എണ്ണം (61,489) കേരളത്തിലേതിനേക്കാള്‍ താഴെയാണ്.
രോഗബാധയുടെ ആദ്യ ഘട്ടത്തില്‍ മികച്ച പ്രതിരോധ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടന്നതെന്ന വസ്തുത അനിഷേധ്യം. ജീവനക്കാരുടെ പരിശീലനം, സുരക്ഷാ മാര്‍ഗങ്ങള്‍, വീടുകളിലെ നിരീക്ഷണം, ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരണം, സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം മികച്ച നിലവാരം ദൃശ്യമായി. ബ്രേക്ക് ദ ചെയിന്‍ പദ്ധതിയിലൂടെ വ്യക്തി ശുചിത്വം ഉറപ്പ് വരുത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെയും (ഐ സി എം ആര്‍) സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിദേശ രാഷ്ട്രങ്ങളുടെയും ബി ബി സി പോലുള്ള ലോകമാധ്യമങ്ങളുടെയും പ്രശംസയും കേരളം പിടിച്ചു പറ്റി. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിച്ചറിയാന്‍ തെലങ്കാന, ഒഡീഷ, ഡല്‍ഹി, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ സംസ്ഥാനത്തെത്തി. കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്നാണ് തെലങ്കാന സര്‍ക്കാറിന്റെ പ്രതിനിധി സംഘം അഭിപ്രായപ്പെട്ടത്.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പാണ് എല്ലാം താളം തെറ്റിച്ചതെന്ന നിരീക്ഷണം ശക്തം.വോട്ടെടുപ്പ് മൂന്ന് ഘട്ടമാക്കിയതുള്‍പ്പെടെ രോഗപ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച മുന്‍കരുതലുകളെല്ലാം വെറുതെയായി. പ്രചാരണ ഘട്ടത്തിലും വോട്ടെടുപ്പ് കേന്ദ്രങ്ങളിലും കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ രോഗവ്യാപനം പൂര്‍വോപരി ശക്തി പ്രാപിക്കുമെന്നും ആരോഗ്യ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും രാഷ്ട്രീയ ആവേശത്തിമര്‍പ്പില്‍ അതെല്ലാം വിസ്മരിക്കപ്പെട്ടു. സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയുമാണ് പലരും പ്രചാരണത്തിനിറങ്ങിയത്. തിരഞ്ഞെടുപ്പായതിനാല്‍ പോലീസും അധികൃതരും അതൊന്നും അത്ര ഗൗനിച്ചില്ല.അശ്രദ്ധയുടെയും ജാഗ്രതക്കുറവിന്റെയും അനന്തര ഫലമാണ് സംസ്ഥാനം ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
Comments