കൊച്ചിയിൽ ചിലർ കത്തോലിക്കാ സന്യസ്തരുടെ തിരുവസ്ത്രത്തെ അനുകരിച്ചുള്ള വേഷവിധാനങ്ങളുമായി ലെസ്ബിയൻ പ്രണയ ഫോട്ടോ ഷൂട്ട് നടത്തി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുപറഞ്ഞ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ അതിനെക്കുറിച്ച് ഒരു ഓൺലൈൻ മഞ്ഞ മാധ്യമം വാർത്തകൊടുത്തതിന്റെ തലക്കെട്ട് "ഇന്ന് കേരളം കത്തും" എന്നായിരുന്നു. കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന വിധത്തിൽ ഇത്തരം പ്രവൃത്തികൾ ചെയ്യുമ്പോൾ പലർക്കും നോവും എന്ന് ആ തലക്കെട്ട് കൊടുത്ത വ്യക്തി മനസിലാക്കിയിട്ടുണ്ടെന്ന് വ്യക്തം. സന്യസ്തർക്കെതിരെയുള്ള ഇത്തരം അവഹേളനങ്ങൾ പതിവാകുമ്പോൾ ഒന്നുകൂടി വ്യക്തമാകുന്നു, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം തരംതാണ കോപ്രായങ്ങൾ നടത്തുന്നവരുടെ ഉദ്ദേശ്യം ആരെയൊക്കെയോ മുറിപ്പെടുത്തുക തന്നെയാണ്.
കത്തോലിക്കാ സന്യസ്തർ ഏറ്റവും മഹത്തായി കരുതുന്നതും, അവർ അത്യന്തം വിലമതിച്ച് വ്രതം ചെയ്യുന്നതുമായ ലൈംഗിക വിശുദ്ധിയെ തള്ളിപ്പറഞ്ഞ് ഫോട്ടോ ഷൂട്ടിന് മുതിർന്ന ഫോട്ടോഗ്രാഫറോട് ചിലത് പറയാതെ വയ്യ!!
ഒരു സ്ത്രീകൂടിയായ ആ ഫോട്ടോഗ്രാഫറുടെ വിഷയ ദാരിദ്ര്യം തീർക്കാൻ ഇതായിരുന്നില്ല മാർഗ്ഗം. മനോനില തെറ്റിയ ചിലരുടെ വിഭ്രമങ്ങളും, മറ്റുള്ള ചിലർ കൽപ്പിച്ചുകൂട്ടിയ കെട്ടുകഥകളും, കരുതിക്കൂട്ടി അവഹേളിക്കാൻ കുറേപ്പേർ സൃഷ്ടിച്ചെടുത്ത കള്ളക്കഥകളും സന്യാസിനിമാർക്ക് എതിരെയുള്ള പ്രചാരണായുധങ്ങളാക്കി മഞ്ഞപ്പത്രങ്ങൾ ലൈക്കും ഷെയറും വാരിക്കൂട്ടുമ്പോൾ ലൈംഗികതയെയും സന്യസ്തരെയും കൂട്ടിക്കെട്ടി ഒരു ഫോട്ടോഷൂട്ട് പ്ലാൻ ചെയ്യുന്നതിന് മുമ്പ് സ്ത്രീത്വത്തെയെങ്കിലും വിലയോടെ കാണാൻ ഫോട്ടോഗ്രാഫർ ശ്രമിക്കേണ്ടിയിരുന്നു.
ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒരു വാക്കിന്റെ ബലത്തിലാണ് ഇത്തരമൊരു വികലമായ സൃഷ്ടിക്ക് അവർ മുതിർന്നതെങ്കിൽ, ആവിഷ്കാര സ്വാതന്ത്ര്യത്തെ മാന്യവും മനോഹരവുമായി ഉപയോഗിച്ച മറ്റൊരാളെക്കുറിച്ച് അറിയണം. ഏതോ കാലത്ത് മറ്റേതോ രാജ്യത്തല്ല, നിരപരാധികളായ അനേകരെയും, ധാർമ്മികവും ആത്മീയവുമായ മൂല്യങ്ങളെയും ചവിട്ടിയരയ്ക്കാൻ പേനയും ക്യാമറയും ഉപയോഗിക്കാൻ മത്സരിക്കുന്ന ചിലർ ജീവിക്കുന്ന ഇതേ കേരളത്തിൽത്തന്നെ. കേരളത്തിന്റെ സ്വന്തം യുവ കലാകാരൻ വിനീത് ശ്രീനിവാസനാണ് അത്. വിനീത് സംവിധാനം ചെയ്ത ഹൃദയം എന്ന ചലച്ചിത്രം ഈ ജനുവരി 21 നാണ് റിലീസായത്. ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിച്ച് അവതരിപ്പിക്കപ്പെട്ട ഒരു മനോഹര കലാസൃഷ്ടിയായിരുന്നു ആ ചലച്ചിത്രമെന്ന് സകല കാഴ്ചക്കാരും മനസ്സുനിറഞ്ഞ് ഒരേസ്വരത്തിൽ പറയുന്നു.
ആ കലാസൃഷ്ടിയിലൂടെ ഒരാളുടെയും മനസ്സോ, വികാരമോ വ്രണപ്പെട്ടില്ല. അയാൾ ഉപയോഗിച്ച ആവിഷ്കാര സ്വാതന്ത്ര്യം കണ്ടു മനസ്സ് നിറഞ്ഞ അയാളുടെ അമ്മ അയാളെ കെട്ടിപിടിച്ചു അനുഗ്രഹിക്കുന്ന വീഡിയോ കേരളം കാണുകയുണ്ടായി. കന്യാസ്ത്രീവസ്ത്രം വാടകയ്‌ക്കെടുത്ത് ആവിഷ്കാര സ്വാതന്ത്ര്യം ദുരുപയോഗിച്ച് "കേരളം കത്തിക്കാൻ" നോക്കിയ ആളുടെ അമ്മ തന്റെ പുത്രിയുടെ സൃഷ്ടി മാഹാത്മ്യം കണ്ടു കെട്ടി പിടിച്ച് അഭിനന്ദിച്ചു കാണുമോ? അറിയില്ല..
ഇവിടെയാണ് "ഒന്നുകിൽ വൃക്ഷം നല്ലത്, ഫലവും നല്ലത്.. അല്ലെങ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത "(Mt. 12:33) എന്ന ബൈബിൾ വചനം അന്വർത്ഥമാകുന്നത്.. തുടർന്ന് വായിച്ചാൽ ഒരു വചനം കൂടി കാണാം, "ഹൃദയത്തിന്റെ നിറവിൽ നിന്നാണല്ലോ അധരം സംസാരിക്കുന്നത്"( Mt.12:34b)
ഒരു പ്രസംഗകന്റെ അധരം സംസാരിക്കുന്നത് അയാളുടെ മികവുറ്റ പ്രസംഗങ്ങളിലൂടെയാണ്, ഒരു ചിത്രകാരൻ സംസാരിക്കുന്നത് അയാളുടെ ജീവൻ തുടിക്കുന്ന ചിത്രരചനകളിലൂടെ, മികച്ച ഗായകൻ സമൂഹത്തോട് സംവദിക്കുന്നത് അയാളുടെ ഹൃദയത്തിൽ തൊടുന്ന പാട്ടുകളിലൂടെ, നർത്തകൻ/നർത്തകി ആസ്വാദകരെ പിടിച്ചിരുത്തുന്ന നൃത്തത്തിലൂടെ... ഇങ്ങനെ ഏതൊരു കലാകാരനും/ കലാകാരിയും തങ്ങളുടെ ആശയങ്ങൾ പങ്കു വയ്ക്കാൻ ഉപാധിയാക്കുന്നത് അവർക്ക് ദൈവം ദാനമായി നൽകിയ കലാപരമായ കഴിവുകളാണ്. അത് പ്രേക്ഷകരെ ജീവിക്കാൻ, സ്നേഹിക്കാൻ, മാനസാന്തരപ്പെടാൻ, കുറച്ചു കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിക്കുന്നതാകാം... മറിച്ചും ആകാം.. അവിടെയാണ് കലാകാരന്റെ ഹൃദയം വെളിപ്പെടുന്നത്...
ഈ ദിവസങ്ങളിൽ നമ്മുടെ സാക്ഷര കേരളത്തിൽ ഒരു കലാകാരന്റെയും കലാകാരിയുടെയും ഹൃദയം വെളിപ്പെട്ട സൃഷ്ടികളാണ് "ഹൃദയം" എന്ന ഹൃദയം കുളിർപ്പിച്ച സിനിമയും "വാടക കന്യാസ്ത്രീകളെ " വച്ച് നടത്തിയ അനേക ഹൃദയങ്ങളെ വല്ലാതെ മുറിപ്പെടുത്തിയ "ഫോട്ടോ ഷൂട്ടും."
സീൻ 1
സെൻസർ ബോർഡിന് മുറിച്ചുനീക്കാൻ ഒരു സീൻ പോലും ഇല്ല എന്ന് ഹൃദയത്തിൽ തൊട്ട് പറഞ്ഞ ഒരു മനുഷ്യൻ! കുടുംബ സമേതം കേരളം ഒന്നിച്ച് തിയേറ്ററിൽ പോയി "ഹൃദയം" കാണണം എന്ന് ആഗ്രഹിച്ച ഒരു മനുഷ്യൻ! എനിക്ക് അച്ഛനും അമ്മയും ഭാര്യയും മക്കളും ഉണ്ട്, അവരെ കൂടി ഓർത്താണ് ഞാൻ പടം ചെയ്യുന്നത് എന്ന് അഭിമാനത്തോടെ പറഞ്ഞ മനുഷ്യൻ!
സീൻ 2
അൽപ്പം തിരിച്ചറിവുള്ള കൊച്ചുകുട്ടികൾ പോലും "അയ്യേ ഇതെന്നാ ഇങ്ങനെ" എന്ന് ചോദിച്ചു പോകുന്ന ഒരു ഫോട്ടോ ഷൂട്ട്!
ധാർമികത, മൂല്യ ബോധം ഇവ അല്പമെങ്കിലും ഉള്ള ആരുടെയും മനസാക്ഷിക്ക് തെല്ലും നിരക്കാത്ത വിചിത്രമായ ഫോട്ടോഷൂട്ട്!
മാന്യമായി ജീവിക്കുന്ന, ആർക്കും ഒരു ഉപദ്രവത്തിനും പോകാതെ, പ്രാർത്ഥനയോടെ, പരസ്നേഹ പ്രവർത്തനങ്ങളിൽ വ്യാപൃതരായി കഴിയുന്ന കേരളത്തിലെ ഏകദേശം നാൽപ്പത്തിനായിരത്തോളം വരുന്ന സന്യാസിനികൾക്ക് മുഴുവൻ അപമാനവും, ആത്മാഭിമാനത്തിന് ക്ഷതവും വരുത്തണം എന്ന ഉദ്ദേശത്തോടെ അറിഞ്ഞുകൊണ്ട് നടത്തിയ ഫോട്ടോ ഷൂട്ട്.. അഥവാ വ്യക്തി ഹത്യ...
രണ്ടുപേരും ഉപയോഗിച്ചത് കഴിവാണ്, ആവിഷ്കാര സ്വാതന്ത്ര്യമാണ്, ക്യാമറയാണ്. പക്ഷെ രണ്ടുപേരുടെയും ഹൃദയത്തിന്റെ നിറവിൽ നിന്ന് വന്നത് രണ്ടു ശക്തികൾ ആണ്: ഒന്ന് മനുഷ്യ ഹൃദയത്തെ കൂടുതൽ സുന്ദരമാക്കുന്നതും മറ്റൊന്ന് മനുഷ്യനെ മൃഗങ്ങളെക്കാൾ വിലകുറച്ചു കാണിക്കുന്നതും. (മൃഗതുല്യം എന്നു പറഞ്ഞു കൂടാ.. മൃഗങ്ങൾക്ക് പ്രകൃതി നിയമങ്ങൾ അറിയാം)
ഒന്നോർക്കണം,
ആർക്കും ആരെയും എന്തും പറഞ്ഞു നോവിക്കാം എന്ന് വിചാരിക്കരുത്! മുകളിൽ ഒരു ദൈവമുണ്ട്.
ചില വ്യക്തികൾക്ക് സംഭവിച്ച വീഴ്ചകളെ സാമാന്യവൽക്കരിച്ചു കാണിച്ച് ആ സമൂഹത്തെ ഒന്നടങ്കം ജീവനോടെ കുരുതികൊടുക്കാനും ചവിട്ടി അരയ്ക്കാനും ശ്രമിക്കുന്നത് കഴിവോ മികവോ പുതുമ തേടലോ അല്ല.. കഴിവുകേടും നെറിവുകേടും സംസ്കാരശൂന്യതയും പിതൃശൂന്യതയും ആണ്.
യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ഉള്ള ഫോളോവേഴ്‌സിന്റെ എണ്ണമോ, വിലകുറഞ്ഞ കാര്യങ്ങൾ ചെയ്ത് ശ്രദ്ധ നേടാൻ വേണ്ടി ആത്മാഭിമാനത്തെ വിൽക്കുന്ന കറന്റ് ട്രെൻഡോ, അറിഞ്ഞു കൊണ്ട് ഒരാളെ/ ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്നതിലെ സന്തോഷമോ അല്ല ഒരാളെ മികച്ച വ്യക്തിയാക്കുന്നത്, സ്വഭാവത്തിന്റെ സംശുദ്ധതയാണ്.
എല്ലാം കാണുന്നുണ്ടെങ്കിലും ആ വേദനയിലും മൗനമായി പ്രാർത്ഥിക്കുകയും അവഹേളിക്കുന്നവരെയും അനുഗ്രഹിക്കാൻ കരങ്ങൾ ഉയർത്തുകയും ചെയ്യുന്ന അർപ്പണ ബോധമുള്ള, ദൈവം തുണയായുള്ള പതിനായിരക്കണക്കിന് കന്യാസ്ത്രീമാർ ഇപ്പോഴും നിങ്ങൾക്കിടയിൽ ജീവിച്ചിരിക്കുന്നു.
അവരെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല, കാരണം ശരീരത്തെ കൊല്ലുന്നവരെയും, അവഹേളിക്കാൻ പ്രച്ഛന്നവേഷം ധരിക്കുന്നവരെയും, പാതി ഊരിയ സന്യാസവസ്ത്രത്തിൽ നിന്ന് കോപ്രായം കാണിക്കുന്നവരെയും, മത്സരിച്ചു തങ്ങളുടെ മേൽ ചെളി വാരി എറിയുന്ന ചാനൽ ജഡ്ജിമാരെയും ഒറ്റ കോടതി വിധി മഴയ്ക്ക് പൊട്ടി മുളച്ച വനിതാ സംരക്ഷക തകരകളെയും ഒന്നും അവർക്ക് ഭയമില്ല....
അവരെ നയിക്കുന്നത് അവനാണ് "ലോകത്തെ പണ്ടേ ജയിച്ച" ക്രിസ്തു!
ഇനിയും അവരെ വേദനിപ്പിക്കാനും അവഹേളിക്കാനും പേനകളും, ക്യാമറകളും ചലിക്കുമെന്നറിയാം, എങ്കിലും ആരും ഭയക്കേണ്ടതില്ല, അതിനായി കാത്തിരിക്കേണ്ടതില്ല - കന്യാസ്ത്രീകൾ കേരളം കത്തിക്കില്ല.
സി. അഡ്വ. ജോസിയ എസ് ഡി
Comments