പത്രോസിൻ്റെ പിൻഗാമിയായി കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടതുമുതൽ, സമാധാനവുമായി ബന്ധപ്പെട്ട് ഇതുവരെ ലിയോ പതിനാലാമൻ നടത്തിയിട്ടുള്ള വിവിധ പ്രഭാഷണങ്ങളും സന്ദേശങ്ങളും അടിസ്ഥാനമാക്കി പുതിയ പുസ്തകം പുറത്തിറക്കി. "ആയുധരഹിതവും നിരായുധീകരിക്കുന്നതും: സമാധാനം ഒരു ദാനമാണ്" എന്ന പേരിലാണ് പുസ്തകം. അലെസ്സാന്ദ്രോ ബാൻഫി എഡിറ്റ് ചെയ്തിട്ടുള്ള ഈ പുസ്തകത്തിൽ, പരിശുദ്ധ പിതാവ് സമാധാനവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ആമുഖ സന്ദേശവും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വത്തിക്കാന്‍ പ്രസിദ്ധീകരണശാല അറിയിച്ചു.
സാങ്കേതിക, ആയുധ രംഗങ്ങളിൽ വലിയ നേട്ടങ്ങൾ കൈവന്നുവെന്ന് അഭിമാനിക്കുന്ന ഇക്കാലത്തും ആയുധങ്ങളല്ല, നിരായുധീകരണമാണ് സമാധാനം സൃഷ്ടിക്കുന്നത് എന്ന ഉദ്ബോധനമാണ് ഈ പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. ഉത്ഥിതനായ ക്രിസ്തു നൽകുന്ന സമാധാനാശംസയെക്കുറിച്ച് പരാമർശിച്ചുകൊണ്ടാണ് പുസ്തകത്തിൻ്റെ ആമുഖം. ഈയൊരു സമാധാനം ഉത്ഥിതൻ ലോകം മുഴുവനുമായി നൽകുന്ന സമ്മാനമാണ്. ആയുധരഹിതനും നിരായുധീകരിക്കുന്നവനുമായ യേശു അനീതി ഏറ്റുവാങ്ങിയെന്നും, എന്നാൽ അവൻ ഉയിർത്തെഴുന്നേറ്റുവെന്നും പാപ്പ ആമുഖ സന്ദേശത്തില്‍ ഓർമ്മിപ്പിക്കുന്നുണ്ട്.
സമാധാനം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്നും, അത് മറ്റുള്ളവർക്കെതിരെ കുറ്റപ്പെടുത്തലോ വിധിപ്രസ്താവനകളോ നടത്തുന്നതിലൂടെയല്ല, സ്വന്തം ജീവിതത്തിൽനിന്നാണ് ആരംഭിക്കേണ്ടതെന്നും ആരും യുദ്ധം നടത്തുന്നത് യുദ്ധത്തിന് വേണ്ടിയല്ലെന്നും ആത്യന്തികമായി എല്ലാവരും നീതിക്കും സമാധാനത്തിനും വേണ്ടിയാണ് അഭിലഷിക്കുന്നതെന്നും അത് യുദ്ധങ്ങൾക്ക് കാരണമാകുന്നവർക്ക് ഉൾപ്പെടെ ഏവർക്കും അറിയാമെന്നും പാപ്പ ഓർമ്മിപ്പിക്കുന്നു.










Comments