ഇന്നത്തെ ആരാധന ക്രമത്തിൽ, കർത്താവ്, ഏശയ്യാ പ്രവാചകനിലൂടെ, നമുക്ക് പ്രത്യാശയ്ക്കുള്ള ഒരു വലിയ പ്രചോദനം നൽകുന്നു, അവന്റെ ചിന്തകൾ നമ്മുടെ ചിന്തകളല്ലെന്നും അവന്റെ വഴികൾ നമ്മുടെ വഴികളല്ലെന്നും നമ്മോട് പറയുന്നു. അതെ, ദൈവത്തിന്റെ പദ്ധതികൾ അനന്തമായി വലുതാണ്, പാപത്താൽ അടയാളപ്പെടുത്തിയിരിക്കുന്ന നമുക്ക് സങ്കൽപ്പിക്കാനും, സാക്ഷാത്കരിക്കാനും കഴിയുന്നതിനേക്കാൾ കൂടുതൽ "മാനുഷിക"മാണെന്നും നമുക്ക് പറയാം. അതുകൊണ്ട്, പ്രവാചകന്റെ വാക്കുകൾ എക്കാലത്തേക്കാളും സമയോചിതമാണ്: നമ്മുടെ വികലമായ വഴികൾ ഉപേക്ഷിച്ച് കരുണയും ക്ഷമയുമായ കർത്താവിലേക്ക് മടങ്ങുക.
സുവിശേഷത്തിൽ, യേശുവിന്റെ ഉപമകൾ, ദൈവം നമുക്കായി കരുതിവച്ചിരിക്കുന്നതിന്റെ പുതുമയെ വിവരിക്കുന്നു. എന്നാൽ അതിനോടൊപ്പം തന്നെ, ഉദാരമായ നീതിയോടും വലിയ സ്നേഹത്തോടും നേർക്ക്, നാം കാണിക്കാൻ മടിക്കാത്ത എതിർപ്പിനെയും തടസ്സങ്ങളെയും അവ വ്യക്തമാക്കുന്നു. ഇന്ന്, പ്രത്യേകിച്ച്, മുന്തിരിത്തോട്ടത്തിൽ ജോലിക്കായി വിളിക്കപ്പെട്ട തൊഴിലാളികളുടെ ഉപമയാണ് നാം ശ്രവിക്കുന്നത് (മത്തായി 20:1-16), ചിലർ ദിവസം മുഴുവൻ അധ്വാനിക്കാൻ വന്നവർ, ചിലർ ഏതാനും മണിക്കൂറുകൾ മാത്രം, മറ്റു ചിലരാകട്ടെ സൂര്യാസ്തമയത്തോട് അടുത്ത സമയത്ത് വന്നവർ. എന്നാൽ ഈ ഉപമയുടെ കേന്ദ്രബിന്ദു കൂലി നൽകുന്ന നിമിഷത്തിലാണ്; അപ്പോൾ യജമാനൻ ആദ്യത്തെ മണിക്കൂറിൽ വന്ന തൊഴിലാളികളോട് താൻ കൊടുത്ത വാക്ക് പാലിക്കുകയും കരാർ ചെയ്തതുപോലെ അവർക്ക് കൂലി നൽകുകയും ചെയ്യുന്നു. എന്നാൽ തന്റെ നന്മ അവർ കാണണമെന്ന് അവൻ ആഗ്രഹിക്കുകയും, അവരുടെ കൺമുന്നിൽ വച്ച് ഒടുവിൽ വന്നവരോടും അതുപോലെതന്നെ പെരുമാറുകയും ചെയ്യുന്നു.
യഥാർത്ഥത്തിൽ, ഒരു കാര്യം നാം ശ്രദ്ധിക്കാതെ പോകരുത്. കാര്യസ്ഥനോട് കൂലി കൊടുക്കാൻ പറയുമ്പോൾ യജമാനൻ ഒരു പ്രത്യേക ക്രമം നിർദ്ദേശിക്കുന്നുണ്ട്: "ഒടുവിൽ വന്നവർ മുതൽ തുടങ്ങി ആദ്യം വന്നവർക്ക് വരെ" (മത്തായി 20:8) കൂലി നൽകണം. ദിവസം മുഴുവൻ അധ്വാനിച്ചവരുടെ നിഷേധാത്മകമായ പ്രതികരണം എളുപ്പത്തിൽ ഒഴിവാക്കാമായിരുന്നുവെങ്കിലും, അത് ബോധപൂർവ്വം വരുത്തിവെച്ചതാണ്, കാരണം ദൈവത്തിന്റെ നന്മയുടെ വെളിപ്പെടുത്തൽ എല്ലാവർക്കുമുള്ളതാണ്, ഏതാനും ചിലർക്ക് മാത്രം ഉള്ളതല്ല എന്ന് മനസിലാക്കികൊടുക്കണമായിരുന്നു.
തങ്ങളാണ് പ്രഥമർ എന്ന് കരുതുകയും, തങ്ങൾ ഇപ്പോഴുള്ള നില സ്വന്തം അധ്വാനം കൊണ്ട് നേടിയതാണെന്നും തങ്ങൾ കൈവരിച്ച നേട്ടങ്ങൾക്ക് അർഹരാണെന്നും കരുതുന്നവർക്കായി ദൈവത്തിന് വ്യത്യസ്തമായ വഴികളും പുതിയ ചിന്തകളുമുണ്ട്. സ്നേഹത്തിന്റെ നിയമം കണക്കുകൂട്ടലുകളുടെ നിയമത്തെ അതിശയിപ്പിക്കുമ്പോഴും, കരുണയുടെ അനുഭവം അർഹതയുടെ അതിരുകളെ വിശാലമാക്കുമ്പോഴും, സമാധാനത്തിന്റെ ദാനം മത്സരബുദ്ധി അവസാനിപ്പിച്ച് കൃതജ്ഞതയിൽ നമ്മെ ഒന്നിപ്പിക്കുമ്പോഴും, നാം എല്ലാവരും സന്തോഷവും, ബുദ്ധിയും, ഭാവിയും നേടിയെടുക്കുകയാണ് ചെയ്യുന്നത്.
സഹോദരീ സഹോദരന്മാരേ, ദൈവത്തിന്റെ സഹപ്രവർത്തകരായിരിക്കുക, അവിടുത്തെ മുന്തിരിത്തോപ്പിൽ വേല ചെയ്യുക, അവിടുത്തെ നീതിയുടെയും സമാധാനത്തിന്റെയും രാജ്യത്തെ സേവിക്കുക എന്നത് ഒരു വലിയ കൃപയാണ്! ദൈവത്തിന്റെ പുതുമ കടന്നുവരുന്നിടത്ത് അസൂയയ്ക്കും ഭിന്നതയ്ക്കും സ്ഥാനമില്ല. അതിനാൽ, കർത്താവിനെ കണ്ടെത്താൻ കഴിയുന്ന സമയത്ത് അവിടുത്തെ തിരയുക; അവിടുന്ന് അടുത്തുനിൽക്കുമ്പോൾ അവിടുത്തെ വിളിച്ചപേക്ഷിക്കുക; വക്രമായ വഴികളും അനീതി നിറഞ്ഞ ചിന്തകളും നാം ഉപേക്ഷിക്കുക (ഏശയ്യാ 55:6-7)!
പരിശുദ്ധ അമ്മയിലേക്ക് നമുക്ക് കണ്ണുയർത്താം; അമ്മ നമ്മെപ്പോലെ ഒരു സൃഷ്ടിയാണ്, എന്നാൽ പാപക്കറയില്ലാത്തവളാണ്; അതിനാൽ ദൈവത്തിൽ പ്രത്യാശ വയ്ക്കാനും അവിടുത്തെ കരുണയിൽ ശരണപ്പെടാനും അമ്മ നമ്മെ സഹായിക്കുന്നു, അങ്ങനെ അവിടുത്തെ വഴികൾ നമ്മുടെ വഴികളും അവിടുത്തെ ചിന്തകൾ നമ്മുടെ ചിന്തകളുമായി മാറും.










Comments