കോതമംഗലം: ഭവനരഹിതരായ 17 കുടുംബങ്ങൾക്ക് സൗജന്യമായി ഭൂമി നൽകി ധർമ്മഗിരി സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (MSJ) സന്യാസിനിസഭ. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത 17 കുടുംബങ്ങൾക്കാണ് ഭൂമി കൈമാറിയത്. സന്യാസിനിസഭയുടെ സ്ഥാപകനായ ദൈവദാസൻ ഫാ. ജോസഫ് പഞ്ഞിക്കാരനെ ധന്യനായി പ്രഖ്യാപിച്ചതിന്റെ നന്ദി സൂചകമായാണ് ഈ പദ്ധതി നടപ്പിലാക്കിയത്.
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ കുറ്റിയാംചാലിൽ ഏഴ് സെന്റ് ഭൂമി വീതമാണ് ഓരോ കുടുംബത്തിനും നൽകിയത്. ധർമഗിരി സഭയുടെ കോതമംഗലം പ്രൊവിൻസിന്റെ ഉടമസ്ഥതയിലുള്ള വെള്ളം, വൈദ്യുതി, റോഡ് എന്നീ സൗകര്യങ്ങൾ ലഭ്യമായ ഒന്നര ഏക്കറോളം ഭൂമിയാണ് പകുത്ത് നൽകിയത്. കോതമംഗലം രൂപത വികാരി ജനറാൾ മോൺ. വിൻസെന്റ് നെടുങ്ങാട്ട്, സന്യാസിനി സമൂഹത്തിന്റെ മദർ ജനറൽ സിസ്റ്റർ മെറീന, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ ഷിബു തെക്കുംപുറം എം.എൽ.എ ആധാരങ്ങൾ കൈമാറി. ഇതോടൊപ്പം, കുട്ടമ്പുഴ സെന്റ് മേരീസ് പള്ളിക്ക് 13 സെന്റ് ഭൂമിയും അതിലെ കമ്മ്യൂണിറ്റി ഹാളും കൈമാറി. വികാരി ഫാ.ജോസ് ചിറപ്പറമ്പിൽ വസ്തുവിന്റെ രേഖകൾ ഏറ്റുവാങ്ങി.










Comments