ജോഷി ജോര്‍ജ്.
നമ്മുടെ കാലഘട്ടത്തിലെ അതിപ്രശസ്തരായ ആദ്ധ്യാത്മീക ചിന്തകരില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു സാധു ഇട്ടിയവിര. ഇരുമലപ്പടി കുറ്റിലഞ്ഞി പെരുമാട്ടിക്കുന്നേല്‍ ജീവജ്യോതി സാധു ഇട്ടിയവിര എന്നാണ് പൂര്‍ണ്ണനാമം.
ലോകമൊട്ടാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിത്തീര്‍ന്ന ഈ മനുഷ്യന്‍ ഇന്നേവരെ ദൈവത്തിന്റെ വഴിയേ മാത്രമേ സഞ്ചരിച്ചിട്ടുള്ളു.
കോതമംഗലം കുറ്റിലഞ്ഞി എന്ന മനോഹര ദേശത്ത് ജൈവസമ്പന്നതയുടെ മടിത്തട്ടില്‍ ആരുകണ്ടാലും കോതിച്ചുപോകുന്ന ഹരിതഭംഗിയുടെ നടുവില്‍ കഴിഞ്ഞുകൂടിയ പരമസാത്വികന്‍.
മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ആറായിരത്തിലേറെ ആത്മീയ ലേഖനങ്ങളെഴുതിയ ഇദ്ദേഹം നാടുനീളെ നടന്ന് അര ലക്ഷത്തോളം പ്രസംഗങ്ങള്‍നടത്തി എന്നു പറയുമ്പോള്‍ തന്നെ ആ വ്യക്തിയുടെ മഹിമ മനസിലാക്കാവുന്നതേയുള്ളു.
1922 ലാണ് ഇട്ടിയവരയുടെ ജനനം. ഇഎസ്എല്‍സി പാസായപ്പോള്‍ പഠനം മതിയാക്കി. പിന്നെ തൊഴില്‍ തേടി എറണാകുളത്തെത്തി. ഒരു തടി ഡിപ്പോയില്‍ മാനേജരുടെ പണി ലഭിച്ചു. അല്പനാളുകള്‍ക്കുശേഷം അതുമതിയാക്കി 1942 ല്‍ പട്ടാളത്തില്‍ ചേര്‍ന്നു. അഞ്ചു സംവത്സരക്കാലം അവിടെ തുടര്‍ന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഇട്ടിയവിര യുദ്ധസേനയോടൊപ്പം അങ്ങ് മലയായില്‍ എത്തിയപ്പോഴേക്കും യുദ്ധം അവസാനിച്ചിരുന്നു. അതുകൊണ്ട് യുദ്ധത്തില്‍ പങ്കാളിയാകേണ്ടി വന്നില്ല.
പട്ടാളത്തില്‍ നിന്നും പിരിഞ്ഞതിനു ശേഷം കൊച്ചിയില്‍ തേവര സേക്രട്ട് ഹാര്‍ട്ട് കോളേജില്‍ പ്രീ-യൂണിവേഴ്സിറ്റിക്കു ചേര്‍ന്നു. അതുപാസായശേഷം 1950ല്‍ ഈശോ സഭയില്‍ അംഗമായി. എനന്നാല്‍ എന്ത്ുകൊണ്ടോ വൈദീകനാകാതെ മടങ്ങി. പിന്നീട് ദൈവം നമ്മേ സ്നേഹിക്കുന്നു എന്ന സന്ദേശം തുന്നിപ്പിടിപ്പിച്ച വസ്ത്രം അണിഞ്ഞ് കേരളത്തിലങ്ങോളമിങ്ങോളം യാത്ര ചെയ്തു. ആ യാത്രയില്‍ ആകെ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്നത് രണ്ടേരണ്ട് മുണ്ടും ഷര്‍ട്ടും മാത്രം...! പോകുന്നിടത്തെല്ലാം ദൈവവചനം പറഞ്ഞ് തലചായ്ക്കാന്‍ ഇടം കിട്ടുന്നിടത്ത് അന്തിയുറങ്ങി ദൈവസ്നേഹത്തിന്റെ പ്രചാരകനായി ഒരു സന്യാസിയെപ്പോലെ ഇക്കണ്ട കാലമത്രയും ജിവിച്ചു.
2023 മാര്‍ച്ച് 18-ന് 101-ാം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സാധു ഇട്ടിയവിര യാത്രയാകുന്നത്. ഇദ്ദേഹത്തിന്റേതായി മലയാളത്തില്‍ 50 പുസ്തകങ്ങളും ഇംഗ്ലീഷില്‍ 75 പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1960-ല്‍ പ്രസിദ്ധീകരിച്ച 'പിതാവും പുത്രനും' എന്ന ആദ്യ കൃതി 80000 കോപ്പികള്‍ വിറ്റഴിഞ്ഞിരുന്നു. പത്തോളം ഇന്ത്യന്‍, വിദേശ ഭാഷകളിലേക്ക് ഈ പുസ്തകം മൊഴിമാറ്റം നടത്തിയിട്ടുണ്ട്. സമാഹരിക്കപ്പെടാത്തതായി 7000 ത്തോളം ലേഖനങ്ങള്‍ വേറേയുമുണ്ട്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരാഴ്ചയായി കോതമംഗലം സെന്റ് ജോസഫ് ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.
മികച്ച സാമൂഹിക പ്രവര്‍ത്തനത്തിനുള്ള അന്തര്‍ദേശീയ ബഹുമതിയായ ആല്‍ബര്‍ട്ട് ഷെയിറ്റ്‌സര്‍ അവാര്‍ഡ്, അല്‍ബേറിയന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇന്ത്യയില്‍ മദര്‍ തദര്‍ തെരേസയ്ക്കു ശേഷം ഈ അവാര്‍ഡ് ലഭിച്ച ഏക വ്യക്തിയാണ്. ഈ താപസ ശ്രേഷ്ടന് കണ്ണീരില്‍ കുതിര്‍ന്ന ആദരാഞ്ജലികള്‍
Comments