ചിരി വരകൾ ബാക്കിയാക്കി
കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍
ഓര്‍മ്മയായി
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് വിട. കൊവിഡ് ബാധിതനായി കൊച്ചിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സപ്തംമ്പര്‍ 14 ന് കൊവിഡ് ബാധിച്ച അദ്ദേഹത്തിനെ ന്യുമോണിയ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 19 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സെപ്തംബര്‍ 29 ന് കൊവിഡ് നെഗറ്റീവായെങ്കിലും, മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആശുപത്രിയില്‍ തുടരുകയായിരുന്നു. ഒക്ടോബര്‍ 6 ന് പുലര്‍ച്ചെ 3.45 ന് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്നാണ് മരണം.
പഠിക്കാനെത്തിയ ക്ലാസ് മുറിയിലെ മണ്ണില്‍ നിന്നു തന്നെ വരയ്ക്കാന്‍ തുടങ്ങിയ യേശുദാസന്‍ ബി.എസ്.സി ബിരുദത്തിനു ശേഷമാണ് സജീവമായി കാര്‍ട്ടൂണ്‍ രംഗത്ത് എത്തുന്നത്. ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാര്‍ട്ടൂണ്‍ പരമ്പരയാണ് യേശുദാസന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ പംക്തി. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ മുഖപത്രമായ ജനയുഗം ദിനപത്രത്തിലെ 'കിട്ടുമ്മാവന്‍' എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ച കാര്‍ട്ടൂണുകള്‍ മലയാളത്തിലെ ആദ്യത്തെ 'പോക്കറ്റ്' കാര്‍ട്ടൂണാണ്. ഈ കഥാപാത്രമാണ് അദ്ദേഹത്തെ ഒരു ജനപ്രിയകാര്‍ട്ടൂണിസ്റ്റാക്കിയതും. വനിതയിലെ 'മിസ്സിസ് നായര്‍', മലയാള മനോരയിലെ 'പൊന്നമ്മ സൂപ്രണ്ട്' 'ജൂബാ ചേട്ടന്‍' എന്നീ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും മലയാളി വായനക്കാര്‍ക്ക് സമ്മാനിച്ചതും യേശുദാസനാണ്.
കേരളത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റും യേശുദാസനാണ്. ജനയുഗത്തില്‍ തുടങ്ങി ഡല്‍ഹിയില്‍ ശങ്കേഴ്‌സ് വീക്കിലിയില്‍ ആറു വര്‍ഷക്കാലം ശങ്കറിന്റെ കീഴില്‍ അടിയും തടയും പഠിച്ചശേഷം വീണ്ടും ജനയുഗത്തിലെത്തി. ഏറെ താമസിയാതെ സ്വന്തമായി
അസാധു എന്ന പേരില്‍ ഒരു രാഷ്ട്രീയ വിനോദമാസിക തുടങ്ങി. പിന്നീട് കട്ട്-കട്ട് എന്ന സിനിസ്റ്റണ്ടു മാസികയും ഇദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ പുറത്തു വന്നു. ഇതിനു പുറമെ സാധു, ടക് - ടക്, മാമ്പഴം വാരിക എന്നീ പ്രസിദ്ധീകരണങ്ങള്‍ കൂടി തുടങ്ങിയിരുന്നു. പിന്നീടാണ് മലയാള മനോരമയില്‍ ചേര്‍ന്നത്.
എന്റെ പൊന്നു തമ്പുരാന്‍, പഞ്ചവടിപ്പാലം എന്നീ സിനിമകള്‍ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്.
ജോഷി ജോര്‍ജ്

Comments