ഗോളടിച്ച് ..ഗോളടിച്ച്
മൈതാനത്തെ ത്രില്ലടിപ്പിച്ച
മുള്ളർ ഓർമ്മയായി
അറുപതു വർഷങ്ങൾക്ക് മുൻപ് ഒരു സായാഹ്നത്തിൽ, പ്രസിദ്ധ ജർമൻ ക്ലബ്ബ്, ബയൺ മ്യൂണിക്ക് പ്രസിഡണ്ട് വിൽഹോം ന്യൂ ഡെക്കർ തന്റെ കൂടെ വന്ന പതിനെട്ടുകാരനെ ആ സീസണിലെ ടീമിലെടുക്കണമെന്ന് പരിശീലകൻ സ്ലാട്ട്‌കോ കജ്കോവിസ്കിയോട് ആവശ്യപ്പെട്ടു. ടിഎസ്‌വി ബോർഡ് ലിംഗനിൽ 46 ഗോളുകളോടെ തിളങ്ങിയ പയ്യനെ തന്റെ ക്ലബ്ബിലേക്ക് കൊണ്ടുവരുവാൻ ന്യൂഡെക്കർ
ചരടുവലികൾ മാസങ്ങൾക്കു മുൻപെ നടത്തിയിരുന്നു. പ്രമുഖ ക്ലബ്ബുകളായ എഫ്‌സി ന്യൂറൻ ബർഗും, മ്യൂണിക്ക് 1860 ഉം ചുറുചുറുക്കുള്ള ഈ പയ്യനെ നോട്ടമിട്ടിരുന്നതായി ന്യൂഡെക്കർക്ക് വിവരം ലഭിച്ചിരുന്നു. ''ഈ കരടിയെക്കൊണ്ട് ഞാനെന്തു ചെയ്യണമെന്നാണ് നിങ്ങൾ വിചാരിക്കുന്നത് ? ഈർഷ്യ കലർന്ന സ്വരത്തിൽ പരിശീലകന്റെ ചോദ്യം ക്ലബ്ബ് പ്രസിഡണ്ടിനെ ചൊടിപ്പിച്ചു. ഇവനെ ടീമിലെടുക്കണമെന്ന് പ്രസിഡണ്ട് തറപ്പിച്ചു പറഞ്ഞതോടെ കജ്കോവിസ്‌കിക്ക് വഴങ്ങാതിരിക്കുവാൻ കഴിഞ്ഞില്ല. ആദ്യ സീസണിൽ, ബയൺ മ്യൂണിക്കിലേക്ക് കയറുവാൻ 20 പൗണ്ട് ശരീര ഭാരം കുറച്ച പയ്യൻ 36 ഗോളുകളടിച്ച് തന്റെ ക്ലബ്ബ് ബയൺ മ്യൂണിക്കിനെ ബുന്ദസ്‌ലീഗിലേക്ക് സ്ഥാനക്കയറ്റം നേടിക്കൊടുത്തതോടെ പരിശീലകൻ കജ്കോവിസ്‌കിക്ക് തന്റെ വാക്കുകൾ വിഴുങ്ങേണ്ടി വന്നു.
പിന്നീട് പതിനാലു സീസണുകളിൽ, 365 ഗോളുകളാണ് ആ താരം തന്റെ ക്ലബ്ബിനായി അടിച്ചുകൂട്ടിയത്. യൂറോപ്യൻ മത്സരങ്ങളിൽ 36 ഗോളുകൾ ആ ബൂട്ട്‌സുകളിൽ നിന്നും പിറന്നു. ഈ ഗോളടി യന്ത്രം ബയൺ മ്യൂണിക്കിന് ജർമൻ കപ്പും, ലീഗും, യൂറോപ്യൻ കപ്പ് വിന്നേഴ്‌സ് കപ്പും (1967), 1974 മുതൽ 1976 വരെ തുടർച്ചയായി മൂന്ന് യൂറോപ്യൻ ചാമ്പ്യൻസ് കപ്പും ബയണിന്റെ ഷോക്കേസിലെത്തിക്കുവാൻ സഹായിച്ചു. 1968-69 സീസണിൽ ബയൺ ഡബിൾ തികച്ചപ്പോൾ സീലേഴ്‌സിന്റെ ഹാംബെർഗിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾ അടിച്ച് വിജയം നേടിക്കൊടുത്തത് ഈ യുവതാരം തന്നെ. 38 ഗോളുകൾ ലീഗിൽ അടിച്ചു കൂട്ടിയ ടോപ് സ്‌കോററായതും ആ ജർമനിക്കാരനു തന്നെയായിരുന്നു ഗോൾഡൺ ബൂട്ട്‌സ് ബഹുമതി. ഗെയ്ഹാർട്ട് മുള്ളർ എന്ന ഗെർഡ്മുള്ളറായിരുന്നു ആ ഫുട്‌ബോൾ പ്രതിഭ.
കഴിഞ്ഞ ആറു വർഷത്തോളമായി ഫുട്‌ബോളിലെ തന്റെ നേട്ടങ്ങളൊക്കെ എന്നന്നേക്കുമായി മറന്നു, പുതുതലമുറയുടെ കളിയുടെ ശൈലികളൊന്നും തന്നെ അറിയാനോ, കാണാനോ, മനസ്സിലാക്കുവാനോ കഴിയാതെ ജീവിതം തള്ളി നീക്കുകയായിരുന്നു മുള്ളർ. അൽഷമേഴ്‌സ്, മറവി രോഗം ഈ ജർമൻ ഇതിഹാസത്തിന് പൊരുതിക്കയറുവാൻ പഴുതുകൾ കൊടുത്തില്ല. ഞായറാഴ്ച ഈ ഇതിഹാസ താരം കുറെ നേട്ടങ്ങളുടെ ഓർമ്മകളുമായി ജീവിതത്തിന്റെ ഫീൽഡിൽ നിന്നും മാഞ്ഞുപോയി.
മുൻ പശ്ചിമ ജർമൻ ഫോർവ്വേഡായിരുന്ന ജെർഡ് മുള്ളർക്ക് അദ്ദേഹത്തിന്റെ ഗോൾ സ്‌കോറിങ്ങിലെ മറ്റാർക്കുമില്ലാത്ത മികവാണ് 'ഡെർ ബോംബർ' അല്ലെങ്കിൽ ദ ബോംബർ എന്ന പേരു കിട്ടിയത്. 1964- 1979 കാലഘട്ടത്തിൽ ബ്രയൺ മ്യൂണിക്കിന് 566 ഗോളുകൾ മുള്ളർ നേടിയിട്ടുണ്ട്. 4 ജർമൻ കിരീടം, 4 ജർമൻ കപ്പ് വിജയങ്ങൾ, മൂന്ന് യൂറോപ്യൻ കപ്പ് വിജയങ്ങൾ എന്നിവ നേടിക്കൊടുത്തിട്ടുണ്ട്. 425 ബുന്ദസ് ലീഗും മൽസരങ്ങളിൽ 365 ഗോളുകൾ നേടിയ മുള്ളർ 1972-ൽ തന്റെ രാജ്യത്തിനു വേണ്ടി 1972ൽ യൂറോപ്യൻ ചാമ്പ്യൻ ഷിപ്പും, 1974 - ൽ നെതർലാൻഡ്‌സിനെതിരെ താനടിച്ച ഏക ഫൈനൽ ഗോളിലൂടെ ലോക കപ്പും ജർമനിക്കു നേടിക്കൊടുത്തു. രാജ്യത്തിന് വേണ്ടി 62 മൽസരങ്ങളിൽ നിന്നും 68 ഗോളുകൾ. 2014-ൽ മിറോസ്ലാവ് ക്ലോസാണ് മുള്ളറുടെ റിക്കാർഡ് ഭേദിച്ചത്. കൗതുകകരമായ വസ്തുത ക്ലോസിന് 68 ഗോളുകൾ നേടുവാൻ 129 മൽസരങ്ങൾ വേണ്ടിവന്നു. 1971-72 സീസണിൽ ബുന്ദസ് ലിഗയിൽ ഒരു സീസണിലെ മികച്ച നേട്ടം (40 ഗോളുകൾ) കൈവരിച്ച മുള്ളറുടെ റിക്കാർഡ് കഴിഞ്ഞ സീസണിൽ റോബർട്ട് ലെവ് ഡോൺസ്‌കിയാണ് തകർത്തത്. രാജ്യത്തിനു വേണ്ടി ടർക്കിക്കെതിരെ അരങ്ങേറ്റ മൽസരത്തിൽ നേടാൻ കഴിഞ്ഞില്ലെങ്കിലും, രാജ്യത്തെ മികച്ച ഗോളടിക്കാരനായി.
ഒരു കലണ്ടർ വർഷം, 1972-ൽ 85 ഗോളുകൾ സ്‌കോർ ചെയ്ത മുള്ളറുടെ റിക്കാർഡ് ലയണൽ മെസ്സിയാണ് തകർത്തത്. കളിച്ച മൽസരങ്ങളെക്കാളും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ള രണ്ട് ലോക താരങ്ങളിലൊരാൾ മുള്ളറാണ്. 1970 ലോകകപ്പിൽ 10 ഗോളുകൾ നേടി റിക്കാർഡ് സൃഷ്ടിച്ച മുള്ളർ ആ വർഷം മികച്ച യൂറോപ്യൻ ഫുട്‌ബോൾ കളിക്കാരനുള്ള ബലോൻ ദ് ഓർ പുരസ്‌കാരം നേടിയിട്ടുണ്ട്.
Comments