പരിശുദ്ധ സിംഹാസനവും ചൈനീസ് ഭരണകൂടവും തമ്മിലുള്ള താല്‍ക്കാലിക കരാറിൻ്റെ അടിസ്ഥാനത്തില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ ചൈനീസ് ബിഷപ്പിൻ്റെ സ്ഥാനാരോഹണം നടന്നു. ചൈനയിലെ ഇന്നര്‍ മംഗോളിയ സ്വയംഭരണ മേഖലയിലെ ബാംമെങ് രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായ മെത്രാനായി ഫ്രാന്‍സിസ് സേവ്യര്‍ ദുവാന്‍ യോങ്കുനാണ് ജൂലൈ 29 ന് അഭിഷിക്തനായത്. ജൂണ്‍ 15-ന് ലിയോ 14-ാമന്‍ പാപ്പ ദുവാന്‍ യോങ്കുനിൻ്റെ നിയമനം അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഈ സ്ഥാനാരോഹണം നടന്നത്. ഒരാഴ്ച മുമ്പ് ചിഫെങ് രൂപതയുടെ പുതിയ ബിഷപ്പായി ജോസഫ് ചാങ് യാന്‍ഫെങ്ങിൻ്റെ സ്ഥാനാരോഹണവും പാപ്പയുടെ അനുമതിയോടെ നടന്നിരുന്നു.
1980 ഡിസംബര്‍ 6-ന് ഇന്നര്‍ മംഗോളിയയിലെ ഹാംഗ്ജിന്‍ ഹൗഖിയിലാണ് ദുവാന്‍ യോങ്കുന്‍ ജനിച്ചത്. 2000 മുതല്‍ 2007 വരെ ഹെബെയ് തിയോളജിക്കല്‍ സെമിനാരിയില്‍ വൈദിക പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് പീക്കിംഗ് സര്‍വകലാശാലയിലും ബീജിംഗ് ഫോറിന്‍ സ്റ്റഡീസ് സര്‍വകലാശാലയിലുമായി ഉപരിപഠനം നടത്തി. 2011 ജനുവരി 1-ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2013-2016 കാലയളവില്‍ തായ്വാനിലെ ഫു ജെന്‍ കാത്തലിക് യൂണിവേഴ്സിറ്റിയില്‍ പഠനം തുടര്‍ന്നു. രൂപതയില്‍ തിരിച്ചെത്തിയ ശേഷം ട്രെയിനിംഗ് സെന്റര്‍ ഡയറക്ടറായും തുടര്‍ന്ന് രൂപതയുടെ വികാരി ജനറലായും കത്തീഡ്രല്‍ വികാരിയായും സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
2018-ല്‍ വത്തിക്കാനും ചൈനയും തമ്മില്‍ ഒപ്പുവച്ച ചരിത്രപരമായ താല്‍ക്കാലിക കരാറിൻ്റെ അടിസ്ഥാനത്തിലാണ് ഈ നിയമനങ്ങള്‍ നടന്നിരിക്കുന്നത്. രണ്ട് വര്‍ഷം കൂടുമ്പോള്‍ പുതുക്കിവരുന്ന ഈ കരാര്‍, 2024-ല്‍ 2028 വരെയുള്ള നാല് വര്‍ഷത്തേക്ക് നീട്ടിയിരുന്നു.




Comments