Foto

പ്രതീക്ഷ നല്കുന്ന കാതോലിക്കാ സ്ഥാനാരോഹണം

 ഫാ.ജോര്‍ജ് തേക്കടയില്‍

    
''എനിക്ക് ഇഷ്ടപ്പെട്ട ഇടയന്മാരെ ഞാന്‍ നിങ്ങള്‍ക്കു തരും; അവര്‍ ജ്ഞാനത്തോടും വിവേകത്തോടുംകൂടെ നിങ്ങളെ പാലിക്കും'' (ജറെ. 3: 15). മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ ചുമതലയേറ്റിരിക്കുന്നു. ഭരമേല്പിക്കപ്പെട്ടിരിക്കുന്ന അജഗണത്തെ ക്രിസ്തു ആഗ്രഹിക്കുന്നപ്രകാരം നയിക്കുന്നതിന് ബാവാ തിരുമേനിക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. വി. ഗ്രന്ഥം പറയുന്നതുപോലെ ഒരു ഇടയന്റെ തെരഞ്ഞെടുപ്പ് ദൈവഹിതപ്രകാരമാണ്. ഓരോ അജഗണത്തിനും ചേര്‍ന്ന ഇടയന്മാരെയാണ് ദൈവം നിയമിക്കുന്നത്. വളരെയേറെ പ്രതിസന്ധികളിലൂടെ കേരളത്തിലെ ക്രൈസ്തവസമൂഹം കടന്നുപോകുന്ന കാലഘട്ട മാണിത്. യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മിലുള്ള വിഷയങ്ങള്‍ പോലെ സഭയിലും സമൂഹത്തിലും പലവിധ പ്രശ്‌നങ്ങളുടെ മധ്യേയാണ് പുതിയ സഭാതലവന്റെ സ്ഥാനാരോഹണം. പരിശുദ്ധ ബാവാതിരുമേനിയുടെ സ്ഥാനലബ്ധിയുമായി ബന്ധപ്പെട്ട ചില ചിന്തകള്‍ കുറിയ്ക്കുവാന്‍ ആഗ്രഹിക്കുന്നു. 

വിശാലമായ കാഴ്ചപ്പാടുകളുള്ള ബാവാ തിരുമേനി
  

 

 ദീപിക ദിനപ്പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ (ഒക്‌ടോബര്‍ 14, വ്യാഴം) സഭയോടും സമൂഹത്തോടുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ ബാവാതിരുമേനി വ്യക്തമാക്കുന്നുണ്ട്. സെറാമ്പൂര്‍ സര്‍വ്വകലാശാലയില്‍നിന്ന് ദൈവശാസ്ത്ര ബിരുദം നേടിയ തിരുമേനിക്ക് പ്രോട്ടസ്റ്റന്റ് ചിന്താഗതികള്‍ അറിവുള്ളയാളാണ്. റഷ്യയിലെ ലനിന്‍ ഗ്രാഡ് തിയോളജിക്കല്‍ അക്കാഡമിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡിപ്ലോമ നേടിയ ആളായതിനാല്‍ ബൈസന്റൈന്‍ ഓര്‍ത്തഡോക്‌സ് ദൈവശാസ്ത്ര വീക്ഷണങ്ങളില്‍ ഗ്രാഹ്യമുണ്ട്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ പിതാവിന് കത്തോലിക്കാസഭയുടെ ദൈവശാസ്ത്രചിന്താഗതികളും സുപരിചിതമാണ്. റോമില്‍ താമസിച്ച് ഉപരിപഠനം നടത്തിയ കാലയളവില്‍ കത്തോലിക്കാസഭയുടെ ചരിത്രവും ആരാധനക്രമ പാരമ്പര്യവും പഠിക്കാന്‍ സാധിച്ചിട്ടുണ്ട്. ലത്തീന്‍, ഫ്രഞ്ച്, ജര്‍മ്മന്‍ ഭാഷകളില്‍ പ്രാവീണ്യം നേടിയ തിരുമേനി പല യൂറോപ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തിയിട്ടുണ്ട്. ഭാരതത്തില്‍ ജനിച്ചു പഠിച്ചു വളര്‍ന്ന ആളെന്ന നിലയില്‍ തീര്‍ച്ചയായും ഭാരത സംസ്‌കാരവും അദ്ദേഹത്തിന് സുപരിചിതമാണ്. ചുരുക്കി പറഞ്ഞാല്‍ അറിവും അനുഭവജ്ഞാനവുംകൊണ്ട് വിശാലമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് പുതിയ കാതോലിക്കാബാവാ. 

സഭകളുടെ ഐക്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുള്ള പിതാവ്
    

''അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു'' (യോഹ. 17:21). ത്രിയേക ദൈവത്തിന്റെ കൂട്ടായ്മപോലെ സത്തയിലും സാരാംശത്തിലും ഒന്നായിരുന്നുകൊണ്ട് അഥവാ വിശ്വാസത്തില്‍ ഒന്നായിരുന്നുകൊണ്ട് ഓരോ സഭയും അവരവരുടെ സഭാപാരമ്പര്യങ്ങളും ദൈവശാസ്ത്ര വീക്ഷണങ്ങളും ആരാധനക്രമ പൈതൃകവും ആദ്ധ്യാത്മികതയും അച്ചടക്കവും പാലിച്ചുകൊണ്ട് പരസ്പരം സഹകരണത്തിലും സഹവര്‍ത്തിത്വത്തിലും ധാരണയിലും മുന്നോട്ടു പോകാനാണ് ബാവാതിരുമേനി ആഹ്വാനം ചെയ്യുന്നത്. ഓരോ സഭയും അവരവരുടെ വ്യക്തിത്വം നിലനിര്‍ത്തി മുമ്പോട്ടു പോകണം. കഴിയുന്നത്ര മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം. ക്രിസ്തുശിഷ്യര്‍ക്കിടയില്‍ ആരാണ് വലിയവര്‍ എന്ന ചോദ്യത്തിന് സ്ഥാനമില്ല. ഓര്‍ത്തഡോക്‌സ് സഭയും, കത്തോലിക്കാ, മാര്‍ത്തോമ്മാ സഭകളും തമ്മില്‍ സംവാദങ്ങള്‍ നടന്നുവരുന്നു. ഇനിയും കുറെക്കൂടെ സജീവവും വിശാലവുമായ രീതിയില്‍ സഭകള്‍ തമ്മിലുള്ള ഐക്യ ചര്‍ച്ചകള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയാണ് എല്ലാവര്‍ക്കുമുള്ളത്. 
    ബാവാതിരുമേനിയുടെ സ്ഥാനാരോഹണ വേളയില്‍ പരുമലപള്ളിയുടെ അങ്കണത്തില്‍ വച്ച് നടന്ന പൊതുസമ്മേളനം കേരളത്തിലെ വിവിധ സഭാതലവന്മാരുടെയും പിതാക്കന്മാരുടെയും സാന്നിധ്യംകൊണ്ട് വളരെയധികം ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സഭൈക്യരംഗത്ത് വളരെ ക്രിയാത്മകമായ പ്രതീക്ഷ നല്കുന്ന കാര്യമായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷയും തുടര്‍ന്ന് നടന്ന പൊതുസമ്മേളനവും.

പ്രാര്‍ത്ഥിക്കുന്ന ഇടയശ്രേഷ്ഠന്‍
  

 പുതിയ കാതോലിക്കാബാവായെ അടുത്തറിയാവുന്ന ചില വ്യക്തികള്‍ സാക്ഷ്യപ്പെടുത്തിയ പ്രകാരം, പിതാവ് നിരന്തരമായി പ്രാര്‍ത്ഥിക്കുന്ന വ്യക്തിയാണെന്നുള്ളതാണ്. പ്രാര്‍ത്ഥന ക്രിസ്തുശിഷ്യന്റെ ഏറ്റവും ശക്തിയേറിയ ആയുധമാണല്ലൊ. പകല്‍ സമയം മുഴുവന്‍ വിശ്രമമില്ലാത്ത യാത്രകളും പ്രവര്‍ത്തനങ്ങളും കഴിഞ്ഞ് രാത്രി അരമനയില്‍ എത്ര വൈകി തിരിച്ചെത്തിയാലും, എത്ര ഉറക്കക്ഷീണമുണ്ടെങ്കിലും പിതാവ് പ്രാര്‍ത്ഥനയ്ക്ക് സമയം കണ്ടെത്തും. വെളുപ്പിനെ അഞ്ച് മണിക്കുതന്നെ ചാപ്പലില്‍ എത്തി യാമപ്രാര്‍ത്ഥനയില്‍ മുഴുകും. പ്രാര്‍ത്ഥിക്കുന്ന വ്യക്തിയിലൂടെ തീര്‍ച്ചയായും പരിശുദ്ധാത്മാവ് പ്രവര്‍ത്തിക്കും. സഭയിലും സമൂഹത്തിലുമുള്ള ഏതു പ്രതിസന്ധികളെയും തരണം ചെയ്യാന്‍ പിതാവിന്റെ പ്രാര്‍ത്ഥനാജീവിതം സഹായിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശംസിക്കുന്നു.

കരുണയുടെ മുഖമുള്ള പിതാവ്
    

ബലിയേക്കാള്‍ കരുണ ആഗ്രഹിക്കുന്നവനാണ് ദൈവം (മത്താ. 9:13). തന്റെ മേല്‍പ്പട്ട ശുശ്രൂഷയില്‍ ബാവാതിരുമേനി സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കുവേണ്ടി താല്‍പര്യപൂര്‍വ്വം പ്രവര്‍ത്തിച്ചിരുന്നു. അനേകം സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി, നൂറുകണക്കിന് അഗതികള്‍ക്ക് ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമൊരുക്കി. ജനക്കൂട്ടത്തെ കണ്ട് അനുകമ്പ തോന്നിയ യേശു തന്റെ അപ്പസ്‌തോലന്മാരോട് പറഞ്ഞു: ''നിങ്ങള്‍തന്നെ അവര്‍ക്ക് ഭക്ഷിക്കാന്‍ കൊടുക്കുവീന്‍'' (മര്‍ക്കോ. 6:37). ക്രിസ്തുവിന്റെ ആഹ്വാനത്തിന് ചെവി കൊടുത്ത് ബാവാതിരുമേനിയും ആ ദൗത്യം ഏറ്റെടുത്തു നടപ്പാക്കി വരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതും, ദാഹിക്കുന്നവര്‍ക്ക് ദാഹജലം നല്കുന്നതും, പരദേശികളെ സ്വീകരിക്കുന്നതും, നഗ്നരെ ഉടുപ്പിക്കുന്നതും, രോഗിയെ ശുശ്രൂഷിക്കുന്നതും, കാരാഗൃഹത്തിലായിരി ക്കുന്നവരെ സന്ദര്‍ശിക്കുന്നതും ക്രിസ്തുവിനുവേണ്ടി ചെയ്യുന്ന കാരുണ്യപ്രവര്‍ത്തികളാണെന്ന ബോധ്യം പുതിയ കാതോലിക്കാബാവായ്ക്കുണ്ട്. അത് സഭയിലും സമൂഹത്തിലും വലിയ മാറ്റങ്ങള്‍ക്ക് കാരണമാകട്ടെയെന്ന് ആശംസിക്കുന്നു. 
തനതായ അഭിപ്രായവും തീരുമാനവും ഭരണനിപുണതയുമുള്ള പിതാവ്
    ഒരു സഭാമേലദ്ധ്യക്ഷന്‍ സഭയുടെ തലവനും പിതാവുമാണ്. അതാണ് യേശുക്രിസ്തു നല്കുന്ന പാഠം; അതാണ് സഭയുടെ രണ്ടായിരം വര്‍ഷത്തെ പാരമ്പര്യവും പ്രബോധനവും. തന്റെ ജനത്തെ ജീവനു തുല്യം സ്‌നേഹിക്കുവാന്‍ പറ്റുന്ന പിതാവിന്റെ ഹൃദയമുള്ള വ്യക്തിയാകണം സഭയുടെ മേലദ്ധ്യക്ഷന്‍. അതോടൊപ്പം തന്റെ അജഗണത്തെ ക്രിസ്തുവിന്റെ വഴിയിലൂടെ നയിക്കാന്‍ പറ്റുന്നയാളുമാകണം സഭാതലവന്‍. ഈ രണ്ടു ഗുണങ്ങളും ഉള്‍ച്ചേരുന്ന വ്യക്തിക്കു മാത്രമെ സഭാസമൂഹത്തെ, തീര്‍ത്ഥാടക സഭയെ സ്വര്‍ഗ്ഗീയ ജറുസലേമിലേക്ക് നയിക്കാനാവൂ. പുതിയ കാതോലിക്കാബാവാ തനതായ അഭിപ്രായവും തീരുമാനവും ലക്ഷ്യബോധവുമുള്ളയാളാണ്. സഭയിലെ ഇടയന്മാര്‍, ചിലപ്പോള്‍ മെത്രാന്മാര്‍പോലും രാഷ്ട്രീയ പക്ഷം പിടിക്കുന്ന കാഴ്ച പലപ്പോഴും ദയനീയമായി തോന്നിയിട്ടുണ്ട്. ഓരോ പൗരനും അവരവരുടേതായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഉണ്ടാകാം. അത് ജനാധിപത്യ ഭരണക്രമത്തില്‍ അനുവദനീയവും അനിവാര്യവുമാണ്. പക്ഷെ അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ സഭയ്ക്ക് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷം മാത്രമെ ഉളവാക്കൂ എന്നതാണ് സത്യം. 
    സഭയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ദീപിക ദിനപ്പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ബാവാ തിരുമേനി പറയുന്നുണ്ട്: ''രാഷ്ട്രീയം, നീതിനിര്‍വഹണത്തിനു വേണ്ടിയുള്ളതാകണമെന്നതാണ് സഭയുടെ നിലപാട്. നീതിയും സത്യവും രാഷ്ട്രീയത്തില്‍ പുലരണമെന്നാണ് സഭ ആഗ്രഹിക്കുന്നത്. എല്ലാ സഭകളും രാജ്യത്തെ ഭരണാധികാരികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ട്. സഭയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാനാകില്ല. രാഷ്ട്രീയമല്ല സഭയുടെ ലക്ഷ്യം. രാഷ്ട്രനിര്‍മ്മിതിയില്‍ പ്രവര്‍ത്തിക്കുന്നവരെ സഹായിക്കാനും സഹകരിക്കാനും സഭയ്ക്ക് താല്‍പര്യമുണ്ട്. പുരോഹിതന്മാര്‍ രാഷ്ട്രീയക്കാരല്ല. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുകയല്ല അവരുടെ ചുമതല. സഭ വൈദികരെ ചുമതലപ്പെടുത്തിയിരിക്കുന്നത് ദൈവരാജ്യപ്രവര്‍ത്തനത്തിനു വേണ്ടിയാണ്. അവര്‍ രാഷ്ട്രീയക്കാരായി മാറുന്നതിനോട് യോജിപ്പില്ല''. രാഷ്ട്രനിര്‍മ്മിതിയെ സംബന്ധിച്ചും സഭയുടെ ലക്ഷ്യത്തെ സംബന്ധിച്ചും വ്യക്തമായ കാഴ്ചപ്പാടാണ് ബാവാതിരുമേനിക്കുള്ളത്. സഭയിലെ ഇടയന്മാര്‍ രാഷ്ട്രീയക്കാരുടെ പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പലപ്പോഴും പൊതുസമൂഹത്തിന് അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. ദൈവരാജ്യനിര്‍മ്മിതിയില്‍ രാഷ്ട്രത്തെയും രാഷ്ട്രീയക്കാരെയും എല്ലാം തിരുത്തുവാനുള്ള ശക്തിയായി മാറേണ്ടത് സഭയാണ്. ''എന്റെ രാജ്യം ഐഹികമല്ല'' (യോഹ. 18:36) എന്ന ക്രിസ്തുവചനം സഭയിലെ ഇടയന്മാര്‍പോലും പലപ്പോഴും മറന്നു പോകുന്നുണ്ട്. 

പുതിയ കാതോലിക്കാബാവാ : പ്രതീക്ഷകളും ആശങ്കകളും
    

17-ാം നൂറ്റാണ്ടിന് മുന്‍പ് കൃത്യമായി പറഞ്ഞാല്‍ 1653 ലെ കൂനന്‍കുരിശ്‌സത്യത്തിന് മുന്‍പ് മാര്‍ത്തോമ്മാ നസ്രാണി സമുദായം ഒരൊറ്റ സഭയായിരുന്നു.  പോര്‍ച്ചുഗീസ് മിഷനറിമാരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ സമുദായം രണ്ടായി പിളര്‍ന്നത്; അങ്ങനെ പുത്തന്‍കൂര്‍ സമുദായവും പഴയകൂര്‍ സമുദായവുമുണ്ടായി. പിന്നീട് മാര്‍ത്തോമ്മാ നസ്രാണികളുടെ ചരിത്രം വിഭജനങ്ങളുടേതായിരുന്നു. ഇന്ന് കത്തോലിക്കാ, ഓര്‍ത്തഡോക്‌സ്, പ്രോട്ടസ്റ്റന്റ് സഭകളിലായി ഈ സമുദായം പല സഭകളായി നിലകൊള്ളുന്നു. ആദ്യത്തെ വിഭജനം ഉണ്ടായ നാളുകള്‍ തുടങ്ങിത്തന്നെ ഐക്യത്തിനുവേണ്ടിയുള്ള പരിശ്രമങ്ങളും നടന്നിരുന്നു. വിശ്വാസകാര്യങ്ങളില്‍ ക്രിസ്തീയതയും, സംസ്‌കാരത്തില്‍ ഭാരതീയവും, ആരാധനക്രമ കാര്യങ്ങളില്‍ പൗരസ്ത്യസുറിയാനിയും ആയിരുന്നു  മാര്‍ത്തോമ്മാ നസ്രാണികളുടെ ജീവിതശൈലി. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പുതിയ കാതോലിക്കാബാവാ എല്ലാ സഭകളെക്കുറിച്ചും അറിവും പരിജ്ഞാനവുമുള്ള ആളാണ്. പ്രാര്‍ത്ഥനാചൈതന്യം വഴിയും, ചര്‍ച്ചകളും പഠനങ്ങളും സംവാദങ്ങളുംവഴി പ്രാദേശിക തലത്തിലും സാര്‍വത്രികതലത്തിലും ഐക്യത്തിനുള്ള സാധ്യതകളെ കണ്ടെത്തുവാന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിന് കഴിയുമെന്ന് പ്രത്യാശിക്കുന്നു. എല്ലാ സഭകളുടെയും തലവന്മാരെ ഒന്നിച്ചു വിളിച്ചു ചേര്‍ത്ത് പ്രാര്‍ത്ഥനയ്ക്കായും,  സഭയും സമൂഹവും പൊതുവായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ച ചര്‍ച്ചയ്ക്കായും, സഭകളുടെ ഐക്യത്തിലേക്ക് നയിക്കുന്ന സംവാദങ്ങള്‍ക്കായും പുതിയ ബാവാതിരുമേനി നേതൃത്വം നല്കുമെന്ന് പ്രതീക്ഷിക്കുന്നു. കക്ഷി വഴക്കുകളില്‍ താല്‍പര്യമുള്ളവരെയും സഭകളുടെ ഐക്യത്തിന് എതിരു നില്ക്കുന്നവരെയും മാറ്റി നിര്‍ത്തിക്കൊണ്ടു മാത്രമെ സ്‌നേഹസംവാദങ്ങള്‍ക്ക് വഴി ഒരുങ്ങുകയുള്ളൂ. 
    2017 ലെ സുപ്രീം കോടതിയുടെ അന്തിമവിധിയോടെ ഒന്നേകാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള ഓര്‍ത്തഡോക്‌സ്-യാക്കോബായ കക്ഷി വഴക്ക് പുതിയൊരു വഴിത്തിരിവിലെത്തി നില്ക്കുകയാണ്. പൊതുവെ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായ വിധിയാണ് പരമോന്നത കോടതിയില്‍നിന്നും ഉണ്ടായിട്ടുള്ളത് എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. കോടതിവിധിയെ മാനിച്ചുകൊണ്ടുതന്നെ യേശുക്രിസ്തുവിന്റെ മനോഭാവത്തിനും സുവിശേഷാധിഷ്ഠിത മാര്‍ഗ്ഗങ്ങള്‍ക്കും അനുസൃതമായി വിട്ടുവീഴ്ചയുടെയും സ്‌നേഹത്തിന്റെയും കരുണയുടെയും വഴി തെരഞ്ഞെടുക്കുവാന്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന് സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. സമ്പത്തും അധികാരവുമെല്ലാം അവയ്ക്ക് നല്‍കേണ്ട പരിഗണനകള്‍ മാത്രം നല്കി ഈ പ്രശ്‌നത്തിന് തികച്ചും ക്രിസ്തീയമായ ഒരു പരിഹാരം ഉണ്ടാകണമെന്നാണ് എല്ലാ സഭകളും കേരളത്തിലെ പൊതുസമൂഹവും ആഗ്രഹിക്കുന്നത്. ഒന്നേകാല്‍ നൂറ്റാണ്ടിലധികം പഴക്കമുള്ള കക്ഷിവഴക്കിന് ഒരു ശുഭകരമായ അന്ത്യം പുതിയ കാതോലിക്കാബാവായുടെ കാലത്ത് ഉണ്ടായാല്‍ അതായിരിക്കും സഭാചരിത്രത്തിലെ ഒരു വലിയ നാഴികക്കല്ല്. 

    

പാണ്ഡിത്യവും സഭകളെക്കുറിച്ചുള്ള പരിജ്ഞാനവും ലോകവീക്ഷണവുമുള്ള കാതോലിക്കാബാവായുടെ ഭരണകാലം മാര്‍ത്തോമ്മാ നസ്രാണി സമൂഹത്തിലും പൊതുസമൂഹത്തിലും പുതിയൊരു യുഗത്തിന്റെ ആരംഭമാകട്ടെ എന്ന് ആശംസിക്കുന്നു. കേരളത്തിലെ ക്രൈസ്തവസഭകള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകുവാനും ഒറ്റക്കെട്ടായിനിന്ന് സുവിശേഷ ചൈതന്യം പ്രഘോഷിക്കുവാനും ക്രൈസ്തവര്‍ ഭാരതത്തില്‍ നേരിടുന്ന വെല്ലുവിളികളെ ഒറ്റക്കെട്ടായിനിന്ന് നേരിടുവാനും കഴിയണമെങ്കില്‍ സുവിശേഷാധിഷ്ഠിത മാര്‍ഗ്ഗങ്ങളിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. പരസ്പരം കലഹിച്ചും, കുറ്റപ്പെടുത്തിയും ഇനിയുമുള്ള കാലം മുന്നോട്ടു പോകുവാന്‍ ക്രൈസ്തവസമൂഹത്തിന് സാധിക്കുകയില്ല. അഭിപ്രായ വ്യത്യാസങ്ങളെ അവഗണിച്ച് അഭിപ്രായ സമന്വയത്തിന്റെ പാതകള്‍ തെരഞ്ഞെടുത്താല്‍ അത്ഭുതകരമായ മാറ്റം സഭയിലും സമൂഹത്തിലും ഉളവാകും. ''മനുഷ്യജീവിതം സമ്പത്തുകൊണ്ടല്ല ധന്യമാകുന്നത്'' (ലൂക്കാ 12:15) എന്ന ക്രിസ്തുവചനം നമുക്ക് ശക്തി പകരട്ടെ. ഓരോ സഭാ മേലധ്യക്ഷന്റെയും ഹൃദയത്തിലേക്ക് ഓടിയെത്തേണ്ടത് യേശുക്രിസ്തു പത്രോസിനോടു പറഞ്ഞ വചനമാകണം; ''ശിമയോന്‍, ശിമയോന്‍, ഇതാ, സാത്താന്‍ നിങ്ങളെ ഗോതമ്പുപോലെ പാറ്റാന്‍ ഉദ്യമിച്ചു. എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം'' (ലൂക്കാ 22:31-32). മതതീവ്രവാദവും മതഭീകരവാദവും നമ്മുടെ സമൂഹത്തില്‍ ശക്തമാണ്. അതെല്ലാം സാത്താന്റെ പ്രവര്‍ത്തനങ്ങള്‍തന്നെ. മതതീവ്രവാദം പോലെതന്നെ മാറ്റി നിര്‍ത്തപ്പെടേണ്ട തിന്മയാണ് സഭാതീവ്രവാദവും.  
 

Foto

Comments

leave a reply

Related News