കാലാവസ്ഥാ വ്യതിയാനം മൂലം വേനല്‍ക്കാല ഇലപൊഴിക്കല്‍ വൈകിയത് അനുഗ്രഹമായി
സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി റബര്‍ വില. കോട്ടയം വിപണിയില്‍ കിലോ ഗ്രാമിന് 171 രൂപയായി. വേനല്‍ക്കാലത്ത് ടാപ്പിംഗിന് ഇടവേള നല്‍കാറുള്ള പതിവ് ഇക്കുറി മാറ്റിവച്ചതിന്റെ നേട്ടം കൊയ്യാന്‍ കഴിയുന്നതിന്റെ ആശ്വാസത്തിലാണു പൊതുവേ കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനം മൂലം ഇലപൊഴിക്കല്‍ ഇത്തവണ വൈകിയതും ഫലത്തില്‍ അനുഗ്രഹമായി.
മുന്‍പ് ജനുവരി പകുതിയോടെ റബര്‍ മരങ്ങള്‍ ഇലപൊഴിക്കുമ്പോള്‍ ടാപ്പിങ് നിര്‍ത്തിയ ശേഷം ഏപ്രിലില്‍ പുനരാരംഭിക്കുകയായിരുന്നു പതിവ്.രണ്ടു മാസം മുമ്പാണ് റബര്‍ വില ഉണര്‍വ് വീണ്ടെടുത്തത്. 150 രൂപ മറികടന്നശേഷം പിന്നീട് വില താഴ്ന്നില്ല.70 രൂപയിലേക്ക് താഴ്ന്ന ഒട്ടുപാലിനും ഇപ്പോള്‍ 110 രൂപ ലഭിക്കുന്നുണ്ട്. രാജ്യാന്തര വിലയും ഉയരുകയാണ്.പ്രധാന റബര്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ സീസണ്‍ കഴിയുന്ന സാഹചര്യം അന്താരാഷ്ട്ര വിപണിയില്‍ ക്ഷാമത്തിന് വഴിയൊരുക്കി. വില ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ട് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും.
രാജ്യത്തേക്കുളള റബറിന്റെ ഇറക്കുമതി കുറഞ്ഞതും ആഭ്യന്തര വിപണിയില്‍ ആവശ്യക്കാര്‍ കൂടിയതും നിരക്ക് വര്‍ധനയ്ക്ക് ഇടയാക്കി. ലോക്ക്ഡൗണിന് ശേഷം വ്യവസായ മേഖലയിലുണ്ടായ ഉണര്‍വും വില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസമായി റബറിന്റെ നിരക്ക് കിലോയ്ക്ക് 165-167 നിരക്കില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. റബറിന്റെ താങ്ങ് വില ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാന സര്‍ക്കാര്‍ 170 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതോടെ റബര്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടിയിരുന്നു. കൂടാതെ, തിരഞ്ഞെടുപ്പു കാലം വന്നതോടെ റബര്‍ കൈയുറകള്‍ക്ക് നല്ല ഡിമാന്‍ഡായിട്ടുണ്ട്. കേരളത്തിനു പുറമേ തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളായ തമിഴ്‌നാട്, ബംഗാള്‍, അസം എന്നിവിടങ്ങളില്‍ നിന്ന് ഓര്‍ഡര്‍ കൂടുതലായി ലഭിക്കുന്നു.പ്രചാരണ വേളയില്‍ കൈയുറകള്‍ കൂടുതലായി വേണം. ഉദ്യോഗസ്ഥരും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കൈയുറ ഉപയോഗിക്കും. പ്രചാരണ യോഗങ്ങളിലും മറ്റും സുരക്ഷയ്ക്കായി കൈയുറ വ്യാപകമായി ആവശ്യമുണ്ട്.
കൈയുറ നിര്‍മാണ കമ്പനികള്‍ കൂടുതലും കേരളത്തിലാണ്. ലാറ്റക്‌സ് വില ഉയര്‍ന്നത് ഉല്‍പാദകര്‍ക്ക് തിരിച്ചടിയായി. കിലോയ്ക്ക് ശരാശരി 130 രൂപയോളമായിരുന്ന ലാറ്റക്‌സ് വില ഇപ്പോള്‍ 185 രൂപ കവിഞ്ഞു.മലേഷ്യയാണ് കൈയുറകളുടെ പ്രധാന ഉല്‍പാദകര്‍. കോവിഡിനു ശേഷം അവിടെനിന്ന് ഇറക്കുമതി കുറവാണ്. മിക്ക സംസ്ഥാനങ്ങളിലും കൈയുറ നിര്‍മാണ ശാലകള്‍ കൂടുതലായി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. കേരളത്തില്‍ പുതിയവ ആരംഭിച്ചതിനു പുറമേ നിലവിലുള്ളവയുടെ ശേഷി കൂട്ടി.
ബാബു കദളിക്കാട്

Comments