ഓര്‍ത്തഡോക്‌സ് കാതോലിക്കാ
ബസേലിയോസ് മാര്‍ത്തോമാ
പൗലോസ് ദ്വീതിയന്‍
ബാവ കാലം ചെയ്തു
കബറടക്കം നാളെ വൈകിട്ട് മൂന്നിന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വീതിയന്‍ കാതോലിക്കാ ബാവ(75) കാലം ചെയ്തു. പരുമലയിലെ സ്വകാര്യ ആശൂപത്രിയില്‍ പുലര്‍ച്ചെ 2.35 ന് ആയിരുന്നു അന്ത്യം. അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ബാവ.
ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ സ്ഥാനം അലങ്കരിക്കുന്ന 91-ാ മത്തെ കാതോലിക്കാ ബാവയാണ് ബസേലിയോസ് മര്‍ത്തോമ പൗലോസ് ദ്വിതീയന്‍.പരുമല തിരുമേനിക്കും പുത്തന്‍കാവ് തിരുമേനിക്കും ശേഷം മലങ്കരസഭയില്‍ 40-വയസ്സിനുള്ളില്‍ മെത്രാപ്പോലീത്തയായി ഉയര്‍ത്തപ്പെട്ട പുണ്യചരിതന്‍.
2019 നവംബറില്‍ ആണ് കാതോലിക്കാ ബാവായ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്.മാസങ്ങള്‍ക്ക് മുന്‍പ് കോവിഡ് വന്നതോടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളായിരുന്നു.കഴിഞ്ഞ ഒരു വര്‍ഷമായി ഏതാണ്ട് പൂര്‍ണമായും ആശുപത്രി വാസത്തില്‍ ആയിരുന്നു അദ്ദേഹം. ന്യൂമോണിയ ബാധിച്ചതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. ഇതോടെ ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്ന് നിര്‍ത്തേണ്ടിവന്നു. രണ്ട് ദിവസമായി വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയത്.
കാതോലിക്കാ ബാവയുടെ ഭൗതികദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടു പോകും. നാളെ വൈകിട്ട് മൂന്നിന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും സംസ്‌കാരം. സഭയിലെ എല്ലാസ്ഥാപനങ്ങള്‍ക്കും കബറടക്കം നടക്കുന്ന ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിച്ചു.
തൃശൂര്‍ കുന്നങ്കുളം പഴഞ്ഞി കുടുംബാംഗമായി 1946 ഓഗസ്റ്റ് 30 നാണ് ജനനം. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദവും കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കോട്ടയത്തെ ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി.
1972 ല്‍ ശെമ്മാശു പട്ടം ലഭിച്ച അദ്ദേഹം 2010 നവംബര്‍ 1-ന് പരുമല സെമിനാരിയില്‍ വെച്ച് കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു. ബസേലിയോസ് മാര്‍ത്തോമാ ദിദിമോസ് പ്രഥമന്‍ സ്ഥ്യാനത്യാഗം ചെയ്തതിനെ തുടര്‍ന്ന്് കാതോലിക്കാ ബാവയായി. പരുമലയില്‍ കാന്‍സര്‍ ചികിത്സാ കേന്ദ്രം തുറക്കുകയും സ്‌നേഹസ്പര്‍ശം പരിപാടിയിലൂടെ നിര്‍ദനരെ സഹായിക്കുകയും ചെയ്തു.
ബാബു കദളിക്കാട്
Comments