തിരുവനന്തപുരം : ധന്യനായി പ്രഖ്യാപിക്കപ്പെട്ട ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ പുണ്യജീവിതം സഭയിലും സമൂഹത്തിലും പ്രചോദനവും പ്രേരക ശക്തിയുമായിരുന്നുവെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ പറഞ്ഞു. പട്ടം സെന്റ് മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന കൃതജ്ഞതാബലി മധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു ബാവ. ആര്‍ച്ചുബിഷപ്പ് മാര്‍ ഇവാനിയോസ് കടന്നുവന്ന പ്രതിസന്ധികളെല്ലാം അദ്ദേഹത്തിന്റെ ജീവിതത്തെ വിശുദ്ധീകരിക്കുന്നതിനും ദൈവത്തില്‍ കൂടുതല്‍ ആഴപ്പെടുന്നതിനും സഹായിച്ചിട്ടുണ്ട്. ആ വിശുദ്ധ ജീവിതം നിരന്തരം ദൈവോന്മുഖവും ദൈവത്തിന് പ്രീതികരവുമായിരുന്നു. ഇന്നലെ റോമില്‍ പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ ഇവാനിയോസിനെ ധന്യനായി പ്രഖ്യാപിച്ചിരുന്നു. മലങ്കര കത്തോലിക്കാ സഭയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് പട്ടം സെന്റ്‌മേരീസ് മേജര്‍ എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന കൃതജ്ഞതാബലിയില്‍ നൂറുകണക്കിന് വൈദീകരും സന്യസ്ഥരും വിശ്വാസികളും സംബന്ധിച്ചു. വിശുദ്ധ കുര്‍ബാനയിലും അനുസ്മരണ ശുശ്രൂഷയിലും കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികനായിരുന്നു. തിരുവല്ല ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, മാവേലിക്കര ബിഷപ്പ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡല്‍ഹി ഗുഡ്ഗാവ് ബിഷപ്പ് ഡോ. തോമസ് മാര്‍ അന്തോണിയോസ്, പാറശ്ശാല ബിഷപ്പ് ഡോ. തോമസ് മാര്‍ യൗസേബിയോസ്, മൂവാറ്റുപുഴ ബിഷപ്പ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, കൂരിയാ മെത്രാന്‍ ഡോ. ആന്റണി മാര്‍ സില്‍വാനോസ്, തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായ മെത്രാന്‍ ബിഷപ് ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ് എന്നിവര്‍ സഹകാര്‍മ്മികര്‍ ആയിരുന്നു. കുര്‍ബാനയ്ക്ക് ശേഷം കബറിടത്തില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനകള്‍ നടന്നു. ഈ വര്‍ഷം ജൂലൈമാസം പതിനഞ്ചാം തീയതി ധന്യന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മ്മപെരുന്നാള്‍ സഭആകമാനം വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ക്ലീമീസ് ബാവ അറിയിച്ചു.
Comments