ബാബു കദളിക്കാട്
ലോക രാഷ്ട്രങ്ങൾക്ക് പുതിയ ആശങ്ക പകരുന്ന വിവരങ്ങൾ ബ്രിട്ടനിൽ നിന്ന്
ഫലപ്രദമായ വാക്സിൻ ഉപയോഗിച്ചു തുടങ്ങിയതിന്റെ ആശ്വാസത്തിനിടയിലും യുകെയിൽ കണ്ടെത്തിയ കൊറോണയുടെ ജനിതക മാറ്റം സംഭവിച്ച വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഗവൺമെന്റിന്റെ ചീഫ് സയന്റിസ്റ്റായ പാട്രിക് വാലൻസ് നിരത്തുന്ന വാദങ്ങൾ ഉദ്ധരിച്ച് ബോറിസ് ജോൺസൺ നടത്തിയ വെളിപ്പടുത്തലുകൾ ലോക രാഷ്ട്രങ്ങൾക്കാകെ പുതിയ ആശങ്ക പകരുന്നതാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിഗമനത്തിൽ, കൂടുതൽ വേഗത്തിൽ വ്യാപിക്കുന്നതിന് പുറമെ വകഭേദം വന്ന വൈറസിന് ഉയർന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ട്; ഇതിന് തെളിവുകളുമുണ്ട്.കൊറോണ വൈറസ് സമ്മർദ്ദം ബ്രിട്ടനിൽ അടുത്ത മാസങ്ങളിൽ ഏറുമെന്ന ഉത്ക്കണ്ഠയാണ് അദ്ദേഹത്തിനുള്ളത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് ചില പ്രായക്കാർക്ക് 30 ശതമാനം മുതൽ 40 ശതമാനം വരെ മാരകമായേക്കാമെന്ന് ലോക പ്രശസ്ത ഗവേഷകനായ പാട്രിക് വാലൻസ് പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണ്.
സെപ്റ്റംബറിൽ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലാണ് വൈറസ് വകഭേദം ആദ്യമായി തിരിച്ചറിഞ്ഞത്. ലോകാരോഗ്യ സംഘടനയുടെ നിഗമനമനുസരിച്ച് ഒരു വർഷം മുമ്പ് കോവിഡ് ആരംഭിച്ച ചൈന ഉൾപ്പെടെ 60 ലധികം രാജ്യങ്ങളിലും ജനിതക മാറ്റം വെല്ലുവിളിയായേക്കും. ബ്രിട്ടണിൽ മരണ നിരക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 1,401 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 95,981 ആയി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബ്രിട്ടണിലെ കൊറോണ മരണങ്ങളിൽ 16 ശതമാനം വർധനവുണ്ടായെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. രോഗം ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ മാത്രം 40,261 പുതിയ കേസുകൾ ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തു.
Comments