ബാബു കദളിക്കാട്
കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ആരോഗ്യ വിദഗ്ധരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുന്നു;കേസുകളുടെ എണ്ണം കുറഞ്ഞെന്നതിനാല്‍ 'കാര്യങ്ങളെ നിസ്സാരമായി കാണരുത്' എന്ന് ഐസിഎംആര്‍ മേധാവി
കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ ജനിതക വകഭേദത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് ആരോഗ്യ സംരക്ഷണ രംഗത്തു പുതിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ ജനിതക മാറ്റം വന്ന കൊറോണ വൈറസ് കാരണമുള്ള നാല് കോവിഡ് രോഗബാധകള്‍ രാജ്യത്ത് സ്ഥിരീകരിച്ചതിന്റെ വിവരങ്ങള്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പുറത്തുവിട്ടിരുന്നു.വാക്സിന്‍ കണ്ടെത്തിയതോടെ കൊവിഡ് ഭീതിയില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കവേയാണ് ജനിതക വകഭേദം പുതിയ ഭീഷണി ഉയര്‍ത്തുന്നത്.
വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി ജനുവരിയില്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയവരിലാണ് പുതിയ വകഭേദത്തിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്. ഒരാള്‍ അംഗോളയില്‍ നിന്നും ഒരാള്‍ ടാന്‍സാനിയയില്‍ നിന്നും രണ്ട് പേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുമാണ് മടങ്ങിയെത്തിയത്.
വൈറസിന്റെ യുകെ വകഭേദത്തിന്റെ സാന്നിദ്ധ്യം നേരത്തെതന്നെ രാജ്യത്ത് സ്ഥിരീകരിച്ചിരുന്നു.ഫെബ്രുവരി ആദ്യ വാരത്തില്‍ കൊറോണ വൈറസിന്റെ ബ്രസീലിയന്‍ വകഭേദം രാജ്യത്ത് കണ്ടെത്തിയതായി ഐസിഎംആര്‍ മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞെന്നതിനാല്‍ ആളുകള്‍ 'കാര്യങ്ങളെ നിസ്സാരമായി കാണരുത്' എന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി.വൈറസിന്റെ പ്രവചനാതീതമായ സ്വഭാവം മനസ്സില്‍ സൂക്ഷിക്കണം.
അതേസമയം കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ (പോസ്റ്റ്കൊവിഡ് സിന്‍ഡ്രോം) ആരോഗ്യ വിദഗ്ധരുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.അനന്തര ആരോഗ്യ പ്രശ്നങ്ങള്‍ കോവിഡിന്റെ മാത്രം പ്രത്യേകതയുമല്ല. സാര്‍സ് ഉള്‍പ്പെടെ വിവിധ വൈറല്‍ രോഗങ്ങള്‍ പടര്‍ന്നു പിടിച്ചപ്പോഴും ഇത് കാണപ്പെട്ടിരുന്നു. രോഗം ബാധിച്ച് സുഖപ്പെട്ടവരെ അതിന്റെ തുടര്‍ച്ചയെന്നോണം ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളാണ് പോസ്റ്റ് കോവിഡ് സിന്‍ഡ്രോം. വിട്ടുമാറാത്ത ക്ഷീണം, കിതപ്പ്, ശ്വാസംമുട്ട,് നെഞ്ചുവേദന, ചുമ, ശരീര വേദന, തലവേദന, മാനസിക സംഘര്‍ഷം, വിഷാദം, അകാരണ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ,് ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ ഏത് പ്രായക്കാരിലുമുണ്ടാകാം.
ലോകത്തിന്റെ ഇതര ഭാഗങ്ങളിലെ പോലെ കേരളത്തിലും കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നവരുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. കൊവിഡ് ഭേദമായതിന് ശേഷം മരണപ്പെടുന്നവരുടെ എണ്ണവും കേരളത്തില്‍ ഗണ്യമായി കൂടിവരുന്നു.കഴിഞ്ഞയാഴ്ചത്തെ കണക്ക് പ്രകാരം സര്‍ക്കാരിന്റെ 1,284 പോസ്റ്റ് കൊവിഡ് ക്ലിനിക്കുകളിലായി 1,45,188 പേരാണ് സംസ്ഥാനത്ത് കൊവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയത്. ഇവരില്‍ 93,680 പേര്‍ നേരിട്ട് ആശുപത്രികളിലെത്തിയപ്പോള്‍ 51,508 പേര്‍ ഫോണ്‍ വഴി ചികിത്സ തേടുകയായിരുന്നു. ശ്വാസകോശ രോഗങ്ങളാണ് കൂടുതല്‍ പേരെയും അലട്ടുന്ന പ്രശ്നം.
ജലദോഷം പോലെ ഒരു പകര്‍ച്ചവ്യാധി മാത്രമാണ് കോവിഡ് ബാധയെന്നും ആരോഗ്യമുള്ളവരില്‍ അത് കാര്യമായ പ്രയാസങ്ങള്‍ സൃഷ്ടിക്കുകയില്ലെന്നുമുള്ള ധാരണയില്‍ അതിനെ ലാഘവത്തോടെ കാണുകയും ബന്ധപ്പെട്ട പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ അലംഭാവം കാണിക്കുകയും ചെയ്യുന്നവരെ കൂടുതല്‍ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.ശരീരത്തിലെ വൈറസിന്റെ പ്രാരംഭ ആക്രമണത്തില്‍ നിന്ന് കരകയറുന്നവരില്‍ 75 ശതമാനം പേര്‍ക്കെങ്കിലും അത് ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാകുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു.പ്രത്യക്ഷത്തില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെ രോഗം വന്നു പോകുന്നുണ്ട് പലര്‍ക്കും. യാതൊരു ലക്ഷണവും കാണിക്കാതെ രോഗം വന്നുപോകുന്നവരുടെ എണ്ണം ടെസ്റ്റ് വഴി കണ്ടെത്തുന്ന, ലക്ഷണങ്ങള്‍ പ്രകടമായ രോഗികളേക്കാള്‍ അമ്പത് മടങ്ങ് വരാമെന്നാണ് യു എസില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തിയത്. ഇത്തരക്കാരെയും ബാധിച്ചേക്കാം കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍.
കോവിഡ് ബാധിതരില്‍ പത്ത് ശതമാനം വരെ പേര്‍ക്ക് ആഴ്ചകളോ മാസങ്ങളോ നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകാമെന്നാണ് ഇതുസംബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പഠനങ്ങളില്‍ കണ്ടെത്തിയത്. ഇത് ഏകദേശ കണക്കാണ്. ഒരു പുതിയ രോഗത്തിന്റെ ദീര്‍ഘകാല പ്രശ്നങ്ങളെ കുറിച്ച് ആധികാരികമായി പറയാനുള്ള സമയം ആയിട്ടില്ലാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ഇനിയും വരാന്‍ ഇരിക്കുന്നേയുള്ളൂ. കോവിഡാനന്തര രോഗങ്ങളില്‍ ചിലത് നിസ്സാരവും ദിവസങ്ങള്‍ക്കകം തനിയേ സുഖപ്പെടുന്നതുമാണെങ്കില്‍ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടല്‍, ശ്വാസകോശ രോഗം തുടങ്ങി അതീവ ഗുരുതര ഇനങ്ങളുമുണ്ട് ഈ ഗണത്തില്‍. കൊവിഡ് വൈറസുകള്‍ ശരീരത്തില്‍ രക്തം കട്ട പിടിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പല അവയവങ്ങളിലേക്കുമുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുമെന്നും നേരത്തേ കണ്ടെത്തിയതാണ്.
കോവിഡാനന്തര പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കുന്നതിന് പോസ്റ്റ് കൊവിഡ് ജാഗ്രതാ ക്ലിനിക്കുകള്‍ ആരംഭിക്കുകയും ആരോഗ്യ സ്ഥാപനങ്ങളിലെ ഡോക്ടര്‍മാര്‍ക്കും ഫീല്‍ഡുതല ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട് സംസ്ഥാന സര്‍ക്കാര്‍. രോഗം ഭേദമായ എല്ലാവരെയും മാസത്തില്‍ ഒരു തവണയെങ്കിലും ഈ ക്ലിനിക്കുകളിലൂടെയോ ടെലിമെഡിസിന്‍ പ്ലാറ്റ്ഫോമിലൂടെയോ ടെലിഫോണ്‍ മുഖേനയോ ബന്ധപ്പെടുകയും അവരുടെ ആരോഗ്യസ്ഥിതി മനസ്സിലാക്കി കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു വരുന്നുണ്ട്. ഓരോ പ്രദേശത്തെയും രോഗികളെ ഇത്തരം ക്ലിനിക്കുകളില്‍ എത്തിക്കുന്നതിന് ആശാ വര്‍ക്കര്‍മാരുടെ സേവനവും ഉപയോഗപ്പെടുത്തി വരുന്നുണ്ട്. കോവിഡിനെ നിസ്സാരമായി കാണാതെ കൈകളുടെ ശുചീകരണം, സാമൂഹിക അകല പാലനം, മുഖകവചം അണിയല്‍ തുടങ്ങി രോഗപ്രതിരോധ മാര്‍ഗങ്ങള്‍ കൃത്യമായി പാലിക്കുകയാണ് ഇതില്‍ നിന്ന് രക്ഷ നേടാനുള്ള മാര്‍ഗം.
Comments