Foto

ഇനി മതം മാറ്റം ഉണ്ടാവില്ല ?

ഇനി മതം മാറ്റം ഉണ്ടാവില്ല ?
Gujarat Freedom of Religion (Amendment) Bill 2021

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഒരാൾക്ക് മതം മാറുന്നതിനു നിയമപരമായ തടസ്സമുണ്ടോ ? ഭരണഘടനയുടെ മൗലികാവകാശത്തിൽ ഉൾപ്പെടുന്നതാണ് ഓരോരുത്തർക്കും ഇഷ്ടമുള്ള മതം അനുസരിച്ച് ജീവിക്കാം, ആചാരങ്ങൾ അനുഷ്ഠിക്കാം, പ്രചരിപ്പിക്കാം (practice, profess, propagate) എന്നുള്ളത്. ഏപ്രിൽ 1 മുതൽ ഗുജറാത്ത് മതസ്വാതന്ത്ര്യ ഭേദഗതിനിയമം 2021 നടപ്പിൽ ആയതോടുകൂടി ഗുജറാത്ത് സംസ്ഥാനത്ത് മതം മാറുന്നത് കൂടുതൽ സങ്കീർണ്ണമായ നിയമപ്രശ്നങ്ങൾ ഉണ്ടാക്കും. 2003 ൽ നിലവിലുണ്ടായിരുന്ന നിയമം ഭേദഗതി വരുത്തി ഈ രൂപത്തിൽ ആക്കിയത് മദ്ധ്യപ്രദേശിലും ഉത്തർപ്രദേശിലും ഉള്ളതിന് സമാനമായ മതംമാറ്റ നിയന്ത്രണ  നിയമ നിർമ്മാണമാണ്.

മതം മാറ്റിയാൽ എന്താണ് ശിക്ഷ?

ചുരുങ്ങിയത് മൂന്നു വർഷം തടവ് ശിക്ഷ- അത് അഞ്ചുവർഷം വരെ നീളാം. പ്രായപൂർത്തിയാകാത്ത ആളെയാണ് മതംമാറ്റുന്നതെങ്കിൽ കുറഞ്ഞ ശിക്ഷ നാലുവർഷവും പരമാവധി ഏഴു വർഷം വരെയും ആകാം.

എന്തുതരം മതം മാറ്റമാണ് ശിക്ഷാർഹം

പണമായോ അല്ലാതെയോ ഏതെങ്കിലും തരത്തിലുള്ള സമ്മാനങ്ങൾ, ധനപരമായതോ അല്ലാത്തതോ ആയ എന്തെങ്കിലും ഭൗതിക ഗുണങ്ങൾ  നൽകുകയോ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയോ ചെയ്യുക എന്നിവയൊക്കെയായിരുന്നു  2003-ലെ നിയമപ്രകാരം ശിക്ഷാർഹം. എന്നാൽ പുതിയ ഭേദഗതിയിൽ ഒരുകാര്യം കൂടി കൂട്ടിച്ചേർത്തു - "മെച്ചപ്പെട്ട ജീവിത സാഹചര്യം, ആധ്യാത്മിക അനുഗ്രഹങ്ങൾ" എന്നിവ നൽകുകയോ ഉണ്ടാകുമെന്ന് വാഗ്ദാനം ചെയ്യുകയോ ചെയ്താലും കുറ്റകരമായ കാര്യമാകും. മുമ്പ് ഉണ്ടായിരുന്ന നിയമത്തിൽ ബലപ്രയോഗത്തിലൂടെയോ വഞ്ചനാപരമായ നീക്കങ്ങളിലൂടെയോ മതം മാറ്റിയാൽ ആയിരുന്നു ശിക്ഷ. എന്നാൽ പുതിയ നിയമത്തിൽ വിവാഹത്തിനു വേണ്ടി മതം മാറ്റുന്നത് നിർബന്ധിച്ചാണ് എന്ന പരാതി വന്നാലും, അതിനു സഹായിച്ചവർ ഉൾപ്പെടെ കേസിൽ പ്രതികളാകാം.  മതംമാറ്റത്തിന് വിധേയരായി എന്ന് പറയപ്പെടുന്നവരുടെ ബന്ധുക്കൾക്കും പരാതി നൽകാം.

ആരൊക്കെ ശിക്ഷാർഹരാകാം

നിയമം പറയുന്ന കുറ്റകരമായ രീതിയിൽ മതം മാറുന്നതിനു വേണ്ടി സഹവർത്തകളായി പ്രവർത്തിച്ചവർ, മതം മാറുന്നതിനു വേണ്ടി പ്രേരിപ്പിച്ചവർ എന്നിവർ ഇക്കാര്യം സംബന്ധിച്ച് ചെയ്തതോ തടസ്സപ്പെടുത്താതിരുന്നതോ ആയ പ്രവർത്തികൾ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. മതം മാറുന്നതിനു വേണ്ടി പ്രവർത്തിച്ച സ്ഥാപനങ്ങളോ സംഘടനകളോ ഉണ്ടെങ്കിൽ അവരുടെ ചുമതലക്കാരും പ്രതികളായി മാറും.

കുറ്റക്കാരാണെന്ന് മുൻകൂർ അനുമാനം

ഭൂരിഭാഗം ക്രിമിനൽ നിയമങ്ങളിലും കുറ്റം ചെയ്തു എന്ന് പ്രോസിക്യൂഷനാണ് തെളിയിക്കേണ്ടത്. എന്നാൽ ചുരുക്കം ചില നിയമങ്ങളിൽ കുറ്റാരോപിതൻ മറിച്ച് തെളിയിക്കുന്നത് വരെയും കുറ്റക്കാരനാണ് എന്ന് അനുമാനം അയാൾക്കെതിരെ ഉണ്ടാകും. അത്തരം ഗണത്തിൽപ്പെട്ട കുറ്റം ആയിട്ടാണ് ഈ നിയമത്തിൽ മതപരിവർത്തനത്തെ വ്യാഖ്യാനിച്ചിരിക്കുന്നത്. നിയമത്തിൻറെ പരിധിയിൽ വരുന്ന വിവാഹങ്ങൾ അതിനാൽ തന്നെ അസാധുവായി കണക്കാക്കപ്പെടും. പോലീസിന് നേരിട്ട് കേസെടുത്ത് അറസ്റ്റ് ചെയ്യാവുന്നതും ജാമ്യം കിട്ടാത്തതുമായ കുറ്റമായാണ് ഇതിൻറെ പരിധിയിൽവരുന്ന മതപരിവർത്തനത്തെ കണക്കാക്കിയിട്ടുള്ളത്.

Foto
Foto

Comments

leave a reply