Foto

ഇന്ധനവിലനിർണ്ണയം: സാധാരണക്കാരന്റെ നടുവൊടിക്കുന്ന സർക്കാർ നയത്തിൽ മാറ്റം അനിവാര്യം 

ഇന്ധനവിലനിർണ്ണയം: സാധാരണക്കാരന്റെ നടുവൊടിക്കുന്ന സർക്കാർ നയത്തിൽ മാറ്റം അനിവാര്യം

 

ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി 
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി.
ഡയറക്ടർ, പി.ഒ.സി.

 

കൊച്ചി:പെട്രോളിയം ഉപയോഗത്തിന്റെ കാര്യത്തിൽ ലോകത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. അമേരിക്കയും, ചൈനയും മാത്രമാണ് പ്രതിദിന ഇന്ധന ഉപഭോഗത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങൾ. അമ്പത് ലക്ഷത്തോളം ബാരൽ ക്രൂഡ് ഓയിലാണ് ഒരു ദിവസത്തെ ഇന്ത്യയിലെ ഇന്ധന ഉപയോഗമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 33.5 കോടി ലിറ്റർ പെട്രോളും 18.6 കോടി ലിറ്റർ ഡീസലും, ആനുപാതികമായി മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങളും പ്രതിദിനം ഇന്ത്യയിൽ വിറ്റഴിയുന്നുണ്ട്. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, പെട്രോൾ ഡീസൽ വിലയിൽ 55 ശതമാനത്തിലേറെ വിവിധ നികുതികൾ ചുമത്തപ്പെടുന്നുണ്ട്. 28 ശതമാനം GST ഈടാക്കിയാൽപോലും ഇപ്പോഴുള്ളതിലും നാൽപ്പത് രൂപയെങ്കിലും വിലകുറച്ച് വിൽക്കാനാവും എന്നിരിക്കെയാണ് ഇന്ധനത്തിന്റെ പേരിൽ സമാനതകളില്ലാത്ത പകൽ കൊള്ള ഇവിടെ നടക്കുന്നത്. നനഞ്ഞിടം കുഴിക്കുക എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്ന, തികച്ചും അശാസ്ത്രീയവും മനുഷ്യത്വ രഹിതവുമായ ഈ ഭരണകൂട നയം ചെറുക്കപ്പെടേണ്ടതുണ്ട്. ഓരോ ദിവസവും 1500 കോടിയിലേറെ രൂപ വരുന്ന അധികവരുമാനം മുന്നിൽക്കണ്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അധാർമ്മികമായി പിടിച്ചുവാങ്ങുന്ന കനത്ത നികുതി സാധാരണക്കാരുടെ ജീവിതത്തെ അത്യന്തം ദുസ്സഹമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വരുമാനത്തിലുള്ള സർക്കാരുകളുടെ അവിഹിതമായ താൽപ്പര്യം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്നത് അടിസ്ഥാന ജനവിഭാഗങ്ങൾക്ക് മേൽ കനത്ത ഭാരമായി മാറുന്നു. ലോക കമ്പോളത്തിൽ ക്രൂഡ് ഓയിലിന്റെ വില താഴ്ന്നുകൊണ്ടിരിക്കുന്നതിന്റെയുൾപ്പെടെ യാതൊരുവിധ ആനുകൂല്യങ്ങളും വർഷങ്ങളായി ഇന്ത്യൻ ജനതയ്ക്ക് ലഭിക്കുന്നില്ല. പകരം, പലവിധ നികുതികൾ അധികമായി ചുമത്തപ്പെടുന്നത് മൂലം കൂടുതൽ ബാധ്യതകളാണ് അവർക്ക് ഏറ്റെടുക്കേണ്ടതായി വരുന്നത്. 

തികഞ്ഞ നിയമലംഘനവും കുത്തക കമ്പനികൾ പോലും ചെയ്യാത്ത അനീതിയുമാണ് ഇന്ധന നിലനിർണ്ണയത്തിന്റെ കാര്യത്തിൽ സ്വന്തം പൗരന്മാരോട് നമ്മുടെ ഭരണകൂടങ്ങൾ ചെയ്തുവരുന്നത് എന്ന യാഥാർത്ഥ്യം തുറന്നു ചർച്ച ചെയ്യേണ്ടിവരുന്നത് പോലും ലജ്ജാകരമാണ്. വാസ്തവത്തിൽ, 1934 ലെ പെട്രോളിയം ആക്ട്, 2006 ലെ പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ആക്ട് തുടങ്ങിയവ വ്യവസ്ഥ ചെയ്യുന്ന ഭരണകൂടങ്ങൾക്കുള്ള അടിസ്ഥാന ഉത്തരവാദിത്തങ്ങളുടെ നഗ്നമായ ലംഘനമാണ് ഇന്ന് നടന്നുകൊണ്ടിരിക്കുന്നത്. കച്ചവട താൽപര്യങ്ങൾക്ക് അതീതമായി രാജ്യത്തിന്റെ പരമാധികാരത്തിനും, പൗരൻമാരുടെ സുരക്ഷിതത്വത്തിനും, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കാലാനുസൃതമായ നയങ്ങൾ സ്വീകരിക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ യഥാസമയം ബന്ധപ്പെട്ട സംവിധാനങ്ങൾക്ക് നൽകി നീതി ഉറപ്പുവരുത്താനും ഇന്ത്യൻ ഭരണഘടനയും വിവിധ നിയമങ്ങളും നൽകുന്ന അനുശാസനങ്ങൾ ഇവിടെ അവഗണിക്കപ്പെടുന്നു. 

തൽഫലമായി, നിയന്ത്രണാതീതമായ വിലക്കയറ്റം, മറ്റ് ജീവിത ചെലവുകളുടെ വർദ്ധനവ്, ഗതാഗത മേഖലകളിൽ ഉൾപ്പെടെ പ്രവർത്തന നിരതരായ അനേക ലക്ഷം മനുഷ്യരുടെ വരുമാനത്തിൽ ഗണ്യമായ കുറവ് തുടങ്ങിയവ ഗുരുതരമായ വിധത്തിൽ നമുക്കിടയിൽ പ്രകടമാണ്. പ്രത്യേകിച്ച് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ജീവിതം വഴിമുട്ടിയ അനേകരിലേയ്ക്ക് കണ്ണോടിച്ചാൽ ഇന്ധന വിലവർദ്ധനവിന്റെ പ്രത്യക്ഷവും പരോക്ഷവുമായ പ്രത്യാഘാതങ്ങൾ ഏറ്റവും രൂക്ഷമായ രീതിയിൽ പലരുടെയും ജീവിതങ്ങളിൽ പ്രതിഫലിക്കുന്നത് തിരിച്ചറിയാം. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എൽപിജിക്ക് കാലങ്ങളായി കൊടുത്തുവന്നിരുന്ന സബ്‌സിഡി എടുത്തുമാറ്റി അമ്പതുശതമാനത്തോളം നികുതി ചുമത്തിയിരിക്കുന്നു എന്ന വാസ്തവവും അതീവ ലജ്ജാകരമാണ്. ഒരു സാധാരണ കുടുംബത്തിന്റെ ദൈനംദിന ചെലവുകളിൽ പ്രത്യക്ഷമായി എൽപിജി വിലക്കയറ്റത്തിന്റെ രൂപത്തിലും, പരോക്ഷമായി അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിന്റെയും മറ്റ് ജീവിത ചെലവുകളുടെ വർദ്ധനവിന്റെ രൂപത്തിലും സർക്കാരിന്റെ പെട്രോളിയം വിലനയം കനത്ത ആഘാതമേല്പിക്കുന്നത് അവഗണിക്കാൻ കഴിയാത്ത ഒരു യാഥാർഥ്യമാണ്.

ചില കണക്കുകളിലേയ്ക്ക്: 2008 ലാണ് ലോകചരിത്രത്തിൽ ക്രൂഡ് ഓയിലിന് ഏറ്റവുമധികം വില ഉയർന്നത്. അക്കാലത്ത് പരമാവധി അമ്പത് രൂപയായിരുന്നു ഇന്ത്യയിലെ പെട്രോൾ വില. ഇന്ന് ക്രൂഡ് ഓയിലിന് അന്നത്തെ വിലയുടെ പകുതിയിലും താഴെ (ഏകദേശം 72 ഡോളർ/ ബാരൽ) വിലയുള്ളപ്പോൾ ഇന്ത്യയിലെ പെട്രോൾ വില നൂറ് രൂപയ്ക്ക് മുകളിലാണ്. അതേസമയം അയൽരാജ്യങ്ങളായ പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാന്മർ, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിലെ ഇപ്പോഴുള്ള പെട്രോൾ വില ഇന്ത്യൻ രൂപയിൽ അമ്പത്തഞ്ചിനും എഴുപതിനും ഇടയിൽ മാത്രമാണ്. ഇന്ത്യയിൽനിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യമാണ് ഭൂട്ടാൻ എന്നിരിക്കിലും, ഇന്ത്യയിലെ പെട്രോൾ വിലയേക്കാൾ മുപ്പത്തഞ്ചോളം രൂപ കുറവാണ് അവിടെ നിശ്ചയിക്കപ്പെട്ടിരിക്കുന്നത് എന്നൊരു കൗതുകവുമുണ്ട്. ഏറ്റവും കൂടുതൽ പെട്രോളിയം ഉപഭോഗമുള്ള അമേരിക്കയിൽ പെട്രോളിന് ഇപ്പോഴുള്ള വില ലിറ്ററിന് 70 രൂപയാണ്. 

പലകാരണങ്ങളാൽ ഇന്ത്യയേക്കാൾ കൂടുതൽ വില പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ചില രാജ്യങ്ങളുണ്ട്. അന്താരാഷ്ട്ര കരാറുകൾ മുതൽ രാജ്യങ്ങളുടെ ആഭ്യന്തര സാഹചര്യങ്ങൾ വരെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയെ സ്വാധീനിക്കുന്നു. ആളോഹരി വരുമാനം വളരെ കൂടുതലുള്ള രാജ്യങ്ങളിലും ചില ദരിദ്ര രാജ്യങ്ങളിലും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയർന്നു നിൽക്കുന്നതായി കാണാം. ആളോഹരി വരുമാനവും പെട്രോൾ - ഡീസൽ വിലയും തമ്മിലുള്ള അനുപാതത്തിന്റെ കാര്യത്തിൽ ലോക രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ സ്ഥാനം 129 ആണ്. ഇന്ധന വില അതാത് രാജ്യത്തിലെ പൗരന്മാർക്ക് എത്രമാത്രം ഭാരമാണ് എന്ന് മനസിലാക്കാൻ ഈ റേറ്റിങ് ഉപകരിക്കും. ചില ദരിദ്ര രാഷ്ട്രങ്ങൾ മാത്രമാണ് ഈ പട്ടികയിൽ ഇന്ത്യക്ക് ഒപ്പമോ, അതിന് താഴെയോ ഉള്ളത്. ഇന്ത്യയ്ക്ക് തൊട്ടു മുകളിലും താഴെയുമുള്ളത് സുഡാൻ, എത്യോപ്യ എന്നീ ദരിദ്ര രാജ്യങ്ങളാണ്. ആ പട്ടികയിൽ ഒന്നാം സ്ഥാനമുള്ള രാജ്യം ഖത്തറും രണ്ടും മൂന്നും സ്ഥാനങ്ങളിൽ യഥാക്രമം ഇറാനും അമേരിക്കയുമാണ്.

അനീതി നിറഞ്ഞതും, അശാസ്ത്രീയവുമായ ഇന്ധന വിലനിർണ്ണയം കാലങ്ങളായി തുടർന്നുപോരുന്ന ഇന്ത്യയിൽ 2017 മുതൽ വിലനിർണ്ണയം പ്രത്യക്ഷത്തിൽ സർക്കാരുകളല്ല നടത്തുന്നത് എന്ന് വാദിക്കാമെങ്കിലും, ഉയർന്ന വിലയുടെ ഗുണഭോക്താക്കൾ പ്രധാനമായും കേന്ദ്ര സംസ്ഥാന സർക്കാരുകളാണ്. ഒപ്പം, എണ്ണ കമ്പനികളും കൊള്ളലാഭം ഈടാക്കുന്നു. സർക്കാരുകൾ മനുഷ്യത്വ വിരുദ്ധമായ നയങ്ങൾ പിന്തുടരുന്ന കാലം വരെയും കമ്പനികളെ തിരുത്താനോ നിയന്ത്രണങ്ങൾ നിശ്ചയിക്കാനോ കഴിയില്ല എന്ന് തീർച്ച. ഘട്ടംഘട്ടമായെങ്കിലും ഇന്ത്യൻ ജനത ഒന്നടങ്കം അഭിമുഖീകരിക്കുന്ന ഈ വലിയ പ്രതിസന്ധി പരിഹരിക്കുവാൻ സർക്കാരുകൾ ഉറച്ച തീരുമാനമെടുക്കേണ്ടതുണ്ട്. പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഛത്തിസ്ഗഡ്, നാഗാലാ‌ൻഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇന്ധനത്തിന് മുകളിലുള്ള നികുതി കുറയ്ക്കാൻ തീരുമാനിച്ചത് മാതൃകാപരമാണ്. അതേ മാതൃക കേരളസർക്കാരും പിന്തുടരേണ്ടതാണ്. മറ്റ് വരുമാന മാർഗ്ഗങ്ങൾ വളർത്തിക്കൊണ്ടുവന്ന് പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേലുള്ള അമിത നികുതി പൂർണ്ണമായും നീക്കാനുള്ള, മനുഷ്യ പക്ഷത്ത് നിന്നുള്ള ശാസ്ത്രീയപഠനങ്ങൾ നടത്തി യുക്തമായ നയരൂപീകരണങ്ങൾ നടത്തുവാൻ സർക്കാരുകൾ അടിയന്തിര നടപടി സ്വീകരിക്കണം.

 

Comments

leave a reply

Related News