Foto

ബൊക്കോ ഹറാം തീവ്രവാദികളുടെ വെല്ലുവിളികള്‍ക്കിടയില്‍ ജീവിതം ദുഷ്‌കരം: വേദന പങ്കുവെച്ച് കാമറൂണ്‍ മെത്രാന്‍.

അലെൻ ജോസഫ്,

യെഗോവുവ (കാമറൂണ്‍): ബൊക്കോഹറാം തീവ്രവാദ സംഘടനയുടെ ഏറ്റവും വലിയ സ്വാധീന മേഖലയായി തന്റെ രൂപത ഉള്‍പ്പെടുന്ന പ്രദേശം മാറിയിരിക്കുകയാണെന്നും ഇതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജീവിതം ദുഷ്‌കരമാണെന്നും ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ യെഗോവുവ രൂപതാധ്യക്ഷന്‍ ബെര്‍ത്തലീമി ഹൂര്‍ഗോ. ചാഡ്, നൈജീരിയ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര മേഖലയില്‍ ദാരിദ്ര്യാവസ്ഥ വര്‍ദ്ധിക്കാന്‍ കാരണം തീവ്രവാദികളാണെന്നും എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന് നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് വിവരിച്ചു. ഇവിടെ ബൊക്കോഹറാം തീവ്രവാദികള്‍ ഒരു കാലിഫൈറ്റ് സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് നല്‍കിവരുന്ന സഹായം ഇല്ലായിരുന്നുവെങ്കില്‍ വൈദികരുടെ പ്രവര്‍ത്തനവും, സെമിനാരി വിദ്യാര്‍ത്ഥികളുടെ പഠനവും ബുദ്ധിമുട്ടില്‍ ആകുമായിരുന്നുവെന്ന് യെഗോവുവ രൂപതയുടെ മെത്രാന്‍ ചൂണ്ടിക്കാട്ടി.

സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാനുളള സാമ്പത്തികശേഷി വിശ്വാസികള്‍ക്കില്ല. വൈദികര്‍ക്ക് ഇടവകകള്‍ സന്ദര്‍ശിക്കാനോ, വസ്ത്രം വാങ്ങാനോ വേണ്ടിയുള്ള പണം പോലും കണ്ടെത്താന്‍ സാധിക്കാറില്ല. കത്തോലിക്ക സംഘടനയിലൂടെ സഹായം നല്‍കുന്ന എല്ലാ ആളുകള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു. 2009ലാണ് ബൊക്കോ ഹറം മേഖലയില്‍ ആധിപത്യം സ്ഥാപിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ മാത്രമല്ല സാധാരണക്കാരായ ജനങ്ങളെയും, പ്രത്യേകിച്ച് ക്രൈസ്തവരെയും തീവ്രവാദികള്‍ ലക്ഷ്യംവക്കുകയാണ്. ആണ്‍കുട്ടികളെയും, പെണ്‍കുട്ടികളെയും അവര്‍ തട്ടിക്കൊണ്ടുപോകുന്നു. ഏറ്റവും ഭീഷണി ഉയര്‍ത്തുന്ന തീവ്രവാദി സംഘടനകളുടെ പട്ടികയിലാണ് എയിഡ്ടു ദി ചര്‍ച്ച് ഇന്‍ നീഡ് ബൊക്കോ ഹറാമിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തീവ്രവാദികള്‍ ഇപ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം നൈജീരിയയില്‍ നിന്ന് പശ്ചിമ ആഫ്രിക്കയിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.

Comments

leave a reply

Related News