ജോഷി ജോര്‍ജ്
ചരിത്രവീഥികളിലൂടെ ചിലപ്പോള്‍ ചില അസാധാരണ മനുഷ്യര്‍ നടന്നുപോകും. ദേശത്തിന്റേയും ഭാഷയുടേയും മതത്തിന്റേയും വ്യത്യാസങ്ങള്‍ മറന്ന് വിലപ്പെട്ട സംഭാവനകള്‍ മനുഷ്യന് നല്‍കിക്കൊണ്ട് കടന്നുപോകുന്ന അവരുടെ പാദമുദ്രകള്‍ ചരിത്രത്തിന്റെ വഴികളില്‍ തീര്‍ച്ചയായും ഉണ്ടാകും. എന്നാല്‍, അധികം പേര്‍ക്കും കാണാനാകാത്ത പാദമുദ്രകളാകും അവ. അതിന് കാരണം അവര്‍ വലിയ ദാര്‍ശനീകനാണെന്ന് നടിക്കുമായിരുന്നില്ല. അതേ സ്വയം മനുഷ്യനന്മയ്ക്കുവേണ്ടി അവിശ്വസിനീയമായ സംഭാവനകള്‍ നല്‍കാന്‍ കഴിവുള്ളവരായിരിക്കും. ആ സംഭാവനകളുടെ വില മനസിലാക്കാന്‍ ചരിത്രം രചിക്കുന്നവര്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധ നല്‍കാറില്ല.
അതുകൊണ്ടുതന്നെ സാംസ്‌ക്കാരിക കേരളം ഡോ. സ്‌ക്കറിയ സക്കറിയായെ വേണ്ടവിധം മനസിലാക്കിയിരുന്നില്ലെന്നു വേണം കരുതാന്‍.
ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം
ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്ന് 1969-ല്‍ മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. 1968-ല്‍ കേരള സര്‍വ്വകലാശാലയുടെ സചിവോത്തമസ്വര്‍ണ്ണമെഡല്‍ നേടി.
1992-ല്‍ കേരള സര്‍വ്വകലാശാലയിലെ ലിംഗ്വിസ്റ്റിക്‌സ് വിഭാഗത്തില്‍ നിന്ന് പി.എച്ച്.ഡി. ലഭിച്ചു. ''പ്രാചീനമലയാളഗദ്യത്തിന്റെ വ്യാകരണവിശകലനം'' (A Grammatical Analysis of Early Missionary Malayalam Prose Texts) ആയിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണവിഷയം. 1990-ല്‍ ഫ്രെയ്ബര്‍ഗ്ഗിലെ ഗെയ്‌ഥെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജര്‍മ്മന്‍ ഭാഷാപഠനം. അലക്‌സാണ്ടര്‍ ഫോണ്‍ ഹുംബോള്‍ട്ട് ഫെല്ലോ എന്ന നിലയില്‍ ജര്‍മ്മനിയിലും സ്വിറ്റ്‌സര്‍ലാണ്ടിലുമുള്ള സര്‍വ്വകലാശാലകളിലും ഗ്രന്ഥശേഖരങ്ങളിലും ഗവേഷണപഠനങ്ങള്‍ നടത്തി.
ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ 1962 ലക്ചററായി കയറി. പിന്നീട് ദീര്‍ഘ കാലം എസ്.ബി.യിലും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു ഡോ. സ്‌ക്കറിയ സക്കറിയ.
ജര്‍മനി, ഇസ്രയേല്‍, അമേരിക്ക തുടങ്ങി വിവിധ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്‌കാര പഠനം - കള്‍ച്ചറല്‍ സ്റ്റഡീസ് - എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത് അദ്ദേഹമായിരുന്നു.
മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങള്‍, ഭാഷാ ചരിത്രം, ജൂത പഠനം, സ്ത്രീപഠനങ്ങള്‍, വിവര്‍ത്തന പഠനങ്ങള്‍, ഫോക്ക്‌ലോര്‍ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകള്‍ക്ക് അന്താരാഷ്ട്ര നിലവാരം നല്‍കിയ മുതിര്‍ന്ന ഗവേഷകനാണ്. ഓക്‌സ്‌ഫോഡ്, കേംബ്രിഡ്ജ് തുടങ്ങി ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്.
അടുത്തിടെയാണ് കേരളത്തിലെ സാഹിത്യകാരനും നിരൂപകനും സാമൂഹിക സാംസ്‌കാരിക നേതാവുമായ പ്രൊഫ.കെ.സാനുവിനും മലയാളത്തിലെ വിജ്ഞാനസാഹിത്യമേഖലയുടെ വികാസത്തിന് ഗണ്യമായ സംഭാവനകള്‍ നല്‍കുകയും മലയാളത്തിന് ആദ്യ നിഘണ്ടു നല്‍കിയ ഹെര്‍മന്‍ ഗൗണ്ടര്‍ട്ടിന്റെ സംഭാവനകളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഭാഷാ ലോകത്തിന് നല്‍കുകയും ചെയ്ത ഡോ. സ്‌കറിയ സക്കറിയയ്ക്കും ഡി ലിറ്റ്. സിന്‍ഡിക്കേറ്റിന്റെ ശുപാര്‍ശ പ്രകാരം ഡി.ലിറ്റ് അവാര്‍ഡ് നല്‍കിയത്.
ഭാഷയുടെ പഠനത്തിനായി ജര്‍മ്മനിയിലെ റ്റുബിജന്‍ സര്‍വ്വകലാശാലയുടെ ആര്‍ക്കൈവുകളില്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടുമായി ബന്ധപ്പെട്ട് കൈയെഴുത്തുപ്രതികള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച ഗവേഷകനായിരുന്നു സ്‌കറിയ സക്കറിയ. വിജ്ഞാനം, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട നൂറിലധികം പ്രബന്ധങ്ങള്‍ അദ്ദേഹം മലയാള ഭാഷയ്ക്ക് സംഭാവന ചെയ്തിട്ടുണ്ട്.
കരിക്കംപള്ളില്‍ പുതുചിറയ്ക്കല്‍ കറിയാച്ചന്‍ - ചങ്ങംകരി നീലികാട്ട് ക്ലാരമ്മ ദമ്പതികളുടെ എട്ടു മക്കളില്‍ ഏഴാമനാണ് സ്‌കറിയാ സക്കറിയ. അദ്ദേഹത്തിന്റെ വീട് തന്നെ നമ്മെ അത്ഭുതപ്പെടുത്തും.
സ്വീകരണമുറിയില്‍ ആദ്യമൊരുക്കിയിരിക്കുന്നത് ഒരു കൈച്ചക്രമാണ്. കുട്ടനാട്ടിലെ തന്റെ വേരുകകള്‍ ഓര്‍മ്മപ്പെടുത്താന്‍ കുടിയാകണം ഇത്. വീടിന്റെ പിന്‍ഭാഗത്തെ ഹാളില്‍ നിരനിരയായി അടുക്കിവച്ച അനേകം പുസ്തകങ്ങള്‍. അഗംബനും ദെലേസും മുതല്‍ എആറും ഹരീഷും വരെയുള്ളവര്‍. 'നാനാനാദം; ഒരു ലോകം' എന്നത് പഴയൊരു പുസ്തകപ്പേരു മാത്രമല്ലെന്ന് നമ്മെ നിശ്ശബ്ദമായി ഓര്‍മ്മിപ്പിക്കും. അതൊരു ജീവിതവീക്ഷണവും രാഷ്ട്രീയനിലപാടുമാണെന്ന് പറയാതെ പറയുന്നു.
എഴുപത്തിയഞ്ചാം വയസ്സിലേക്കെത്തുമ്പോഴും, പ്രവര്‍ത്തനനിരതനാരുന്നു ഈ മനുഷ്യന്‍. ശാരീരികമായ വൈഷമ്യങ്ങള്‍ ഒരിക്കലും അദ്ദേഹത്തിന്റെ വിജ്ഞാനോന്മുഖതയെ ബാധിച്ചിരുന്നില്ല.
എന്തുകൊണ്ടോ, നമ്മുടെ സാംസ്‌കാരികവൈജ്ഞാനിക ജീവിതത്തിന്റെ ആഘോഷനിര്‍ഭരമായ രംഗവേദികളില്‍ ഏറെയൊന്നും അദ്ദേഹം കണ്ടിരുന്നില്ല. ബഹുതലസ്പര്‍ശിയായ അദ്ദേഹത്തിന്റെ വൈജ്ഞാനിക ജീവിതവും പ്രസംഗപാഠവവും അതിലദ്ദേഹം പുലര്‍ത്തിയ വിഷയാന്തര സമീപനവും അതിനു പിന്നിലെ സാമൂഹികജാഗ്രതയും പഴമയ്ക്കും പുതുമയ്ക്കും ഇടയിലെ നിരന്തര സഞ്ചാരങ്ങളുമെല്ലാം വരുംകാലത്തിന്റെ ആലോചനകളില്‍ കൂടുതല്‍ ഇടംപിടിക്കുമെന്ന് നമുക്കു കരുതാം. ആ അനുഗ്രഹീതജീവിതത്തിന് തിരശീല വീണത് അക്ഷരാത്ഥത്തില്‍ കനത്ത നഷ്ടം തന്നെയാണ്.
Comments