പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് മേൽ അമിത നികുതി ചുമത്തി സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സർക്കാർ നയം അപലപനീയം
ലോകമെമ്പാടുമുള്ള ബഹുഭൂരിപക്ഷം മനുഷ്യർ, പ്രത്യേകിച്ച് സാധാരണക്കാർ കോവിഡ് സംബന്ധമായ ആശങ്കകളിലും വിവിധ പ്രതിസന്ധികളിലും പെട്ട് ഉഴലുകയാണ്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തിലും സ്ഥിതിഗതികൾ വ്യത്യസ്തമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിൽ നഷ്ടപ്പെട്ടവരും, വരുമാനം ഗണ്യമായി കുറഞ്ഞവരുമാണ് നമുക്ക് ചുറ്റും ഏറെയും. ഈ പശ്ചാത്തലത്തിലാണ് അനുദിനമെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലയെക്കുറിച്ച് നാം ഗൗരവമായി ചിന്തിക്കേണ്ടതായി വരുന്നത്. പെട്രോൾ - ഡീസൽ വില വർദ്ധനവ് എന്ന് ഒറ്റ വാചകത്തിൽ നാം പറയുമ്പോൾ, അത് കേവലം വാഹന ഉടമകളെ മാത്രം ബാധിക്കുന്ന ഒന്നാണ് എന്ന് ചിലരെങ്കിലും കരുതിയേക്കാം. വിവിധ രീതിയിൽ എല്ലാ ജീവിതങ്ങളെയും ദുഷ്കരമാക്കുന്ന ഒന്നാണ് പെട്രോളിയം ഉൽപ്പന്നങ്ങളുടെ പരിധിവിട്ടുള്ള വിലവർദ്ധനവ്. പെട്രോൾ ഡീസൽ എന്നിവയ്ക്ക് മാത്രമല്ല, പാചകവാതകത്തിനും വില കുത്തനെ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.
സാമ്പത്തികമായി ഇന്ത്യയേക്കാൾ പിന്നാക്കം നിൽക്കുന്ന അയൽരാജ്യങ്ങളേക്കാൾ വളരെയേറെ നികുതിയീടാക്കി ജനങ്ങൾക്ക് മേൽ കനത്ത ഭാരം അടിച്ചേൽപ്പിക്കുന്നത് പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ക്രൂരതയാണെന്ന് പറയാതെ വയ്യ. കോവിഡ് പശ്ചാത്തലത്തിൽ പെട്രോൾ - ഡീസൽ വിലയിൽ ഗണ്യമായ കുറവ് വരുത്തുകയാണ് എന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി കഴിഞ്ഞയിടെ പ്രഖ്യാപിക്കുകയുണ്ടായിരുന്നു. ഇന്ത്യയിൽ പെട്രോളിന് എൺപത്തേഴ് രൂപയാണെങ്കിൽ, കേവലം അമ്പത് രൂപയാണ് പാക്കിസ്ഥാനിലെ വില. ശ്രീലങ്കയിൽ അറുപത് രൂപയും നേപ്പാളിൽ അറുപത്തൊമ്പത് രൂപയുമാണ്. ഡീസൽ, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിലയിലും ഈ മാറ്റം പ്രകടമാണ്. ജനങ്ങളുടെ വരുമാനവും രാജ്യത്തെ ജീവിത നിലവാരവുമായി താരതമ്യം ചെയ്താൽ പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ലോകത്തിൽ ഏറ്റവുമധികം നികുതി ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു.
ക്രൂഡ് ഓയിൽ വില ചരിത്രത്തിൽ ഏറ്റവും ഉയർന്നു നിന്നിരുന്ന 2008ൽ പരമാവധി അമ്പത് രൂപയായിരുന്നു പെട്രോളിന് ഇന്ത്യയിലെ വില. നാൽപ്പത് രൂപയിൽ താഴെ ഡീസലിനും, മുന്നൂറ്റി നാൽപ്പത് രൂപ എൽപിജി സിലിണ്ടറിനും വിലയുണ്ടായിരുന്ന അക്കാലത്ത് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വില - ബാരലിന് 166 ഡോളർ വരെ - ക്രൂഡ് ഓയിലിന് ഉണ്ടായിരുന്നു. കഴിഞ്ഞ പതിമൂന്ന് വർഷങ്ങൾക്കിടെ ഉൽപ്പാദന ചെലവിലും വേതന നിരക്കിലും മറ്റും വന്നിട്ടുള്ള വർദ്ധനവ് പരിഗണിക്കേണ്ടതുണ്ട്. എങ്കിൽപ്പോലും, ഇപ്പോൾ നിലനിൽക്കുന്ന വിലയും, തുടരെയുള്ള വർദ്ധനവും നീതീകരിക്കാനാവാത്തതാണ്.
ക്രൂഡ് ഓയിലിന്റെ ഒരു ദിവസത്തെ ഇന്ത്യയിലെ ഉപയോഗം അമ്പത് ലക്ഷത്തിലേറെ ബാരലുകളാണ്. അത് ലോകത്ത് ആകെയുള്ള ഉപയോഗത്തിന്റെ അഞ്ച് ശതമാനം വരും. മുപ്പത്തെട്ട് കോടി ലിറ്റർ പെട്രോളും, 23 കോടി ലിറ്റർ ഡീസലും പ്രതിദിനം ഇന്ത്യയിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. കണക്കുകൾപ്രകാരം, ഇവയുടെ മാത്രം വിപണി മൂല്യം ഏകദേശം 5200 കോടി രൂപയാണ്. അതിൽ ചുരുങ്ങിയത് 60 ശതമാനവും വിവിധ നികുതികളാണ് എന്നുള്ളതാണ് വാസ്തവം. ചുരുങ്ങിയത് മൂവായിരം കോടി രൂപ പ്രതിദിനം കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് പെട്രോൾ - ഡീസൽ വിൽപ്പനയിലൂടെ മാത്രം ലഭിക്കുന്നു. മണ്ണെണ്ണ, എൽപിജി, മറ്റ് പെട്രോളിയം ഉൽപ്പന്നങ്ങൾ തുടങ്ങിയവയിൽനിന്നുള്ള നികുതിവരുമാനം പുറമെ. മറ്റൊരു രീതിയിലും ലഭിക്കാത്ത ഭീമമായ ഈ വരുമാനമാണ് വീണ്ടും വീണ്ടും നികുതികൂട്ടാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ എണ്ണവിലയിൽ കാർഷിക സെസ് കൂടി ഏർപ്പെടുത്താനുള്ള തീരുമാനമുണ്ട്. നിലവിൽ, എക്സൈസ് തീരുവയിൽ ഇളവ് നൽകിക്കൊണ്ടാണ് സെസ് ഏർപ്പെടുത്തുന്നതെങ്കിലും, ഭാവിയിൽ ആ ഇളവ് നീക്കം ചെയ്യപ്പെട്ടേക്കാം. ഫലത്തിൽ എണ്ണവില വീണ്ടും വർദ്ധിക്കാനുള്ള ഒരുകാരണംകൂടി കൂട്ടിച്ചേർക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്.
ഇപ്പോഴത്തെ സാഹചര്യത്തിൽ എണ്ണവിൽപ്പനയിൽനിന്നുള്ള വരുമാനം കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ വിവിധ ആവശ്യങ്ങൾക്കും പദ്ധതികൾക്കും നിർണ്ണായകമാണ്. എന്നാൽ, അധികമായി വരുന്ന ആവശ്യങ്ങൾക്കും, കമ്മികൾ നികത്താനും പെട്രോളിയത്തെ പതിവായി ആശ്രയിക്കുന്നത് നനഞ്ഞിടം കുഴിക്കുന്നതിന് തുല്യമാണ്. ഏറ്റവും സാധാരണക്കാരായവരുടെമേലാണ് അത്തരം ആവശ്യങ്ങളുടെ ഭാരം ചുമത്തപ്പെടുന്നത് എന്ന് മനസിലാക്കി നയങ്ങൾ സ്വീകരിക്കേണ്ട ഉത്തരവാദിത്തം സർക്കാരുകൾക്കുണ്ട്. സാധാരണ കുടുംബങ്ങളുടെ ദൈനംദിന ചെലവിനെ വിവിധ രീതികളിലാണ് ഈ വിലവർദ്ധന ബാധിച്ചുകൊണ്ടിരിക്കുന്നത്. പാചകവാതകത്തിന്റെ വിലയേക്കാളധികമായി, അവശ്യവസ്തുക്കളുടെ വിലവർദ്ധനവും യാത്രാ ചെലവുകളുടെ വർദ്ധനയും ഈ കോവിഡ് കാലത്തെ കൂടുതൽ ദുഷ്കരമാക്കിയിരിക്കുന്നു. പാസഞ്ചർ - ഗുഡ്സ് വാഹനങ്ങൾ സംബന്ധിച്ച ജോലികൾ ഉപജീവനമാർഗ്ഗമാക്കിയ അനേകരുടെ ജീവിതം വഴിമുട്ടിയിരിക്കുന്ന കാഴ്ചയും സർവ്വസാധാരണമാണ്. ആത്മഹത്യാമുനമ്പിലെത്തി നിൽക്കുന്ന ഒട്ടേറെ ജീവിതങ്ങളുണ്ട് നമുക്ക് ചുറ്റും. തികച്ചും സാധാരണക്കാരായവരുടെ ജീവിത പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന ഭരണാധികാരികളിലുള്ള പ്രതീക്ഷ ഈ സമൂഹത്തിന് അനുദിനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
സ്വന്തം പൗരന്മാർക്ക് ലോകത്തെങ്ങുമില്ലാത്ത വിലയ്ക്ക് പെട്രോളും ഡീസലും വിറ്റും, മൂന്നും നാലും ഇരട്ടി വിലയ്ക്ക് മദ്യം വിറ്റുമാണ് രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രാഥമിക ചെലവുകൾ നടന്നുപോകുന്നത് എന്ന വാസ്തവം അപമാനകരമാണ്. ഈ ശൈലി തീരെയും പ്രോത്സാഹനജനകമല്ല. കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനത്തിന്റെ അനന്ത സാധ്യതകളെ വേണ്ടവിധം ഉപയോഗിച്ചും സാധാരണക്കാരായ പൗരന്മാരുടെ വരുമാന - തൊഴിൽ സാധ്യതകളെ വർദ്ധിപ്പിച്ചും ടൂറിസം, ഐടി മേഖലകളിലുള്ള നിക്ഷേപങ്ങളും സാധ്യതകളും വളർത്തിയും രാജ്യത്തെ, പ്രത്യേകിച്ച് കേരളത്തെ വളർത്താൻ മാറിവരുന്ന ഭരണകൂടങ്ങൾക്ക് കഴിയും. അത്തരത്തിലുള്ള വളർച്ച സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിൽ മാത്രമല്ല, ജനങ്ങളുടെ ജീവിത നിലവാരത്തിലും മാറ്റമുണ്ടാക്കുകയും ചെയ്യും. പാരിസ്ഥിതികമായും, കാർഷികമായും അനുഗ്രഹീത നാടായ കേരളത്തിലെ കുടുംബങ്ങളെ തകരാൻ അനുവദിക്കാതെ അവർക്ക് പിൻബലം നൽകേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കുകതന്നെവേണം.
ഫാ. ജേക്കബ് ജി പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.
Comments