പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടട്ടെ ക്രിസ്തീയ ജീവിതം: ഫ്രാൻസിസ് പാപ്പ
വത്തിക്കാൻ സിറ്റി : പരിശുദ്ധാത്മാവിനാൽ നവീകരിക്കപ്പെടുന്ന ക്രിസ്തീയ ജീവിതത്തിലേക്ക് കണ്ണയയ്ക്കാൻ ഫ്രാൻസിസ് പാപ്പ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. എന്തുകൊണ്ട് നിയമം ? ഈ ചോദ്യത്തിനുള്ള ഉത്തരങ്ങൾ പൗലോസ് അപ്പസ്‌തോലൻ ഗലാത്തിയർക്കുള്ള ലേഖനത്തിൽ (3:19, 21-22) അനാവരണം ചെയ്യുന്നുണ്ട്. വിജാതീയരും യഹൂദരുമല്ലാത്ത ക്രൈസ്തവർ മോശയുടെ നിയമം അനുസരിക്കണമെന്ന വാദം ജറുസലെമിൽ വച്ചുനടന്ന ഒന്നാം സൂനഹദോസ് തള്ളിക്കളഞ്ഞതാണ്. (അപ്പ. പ്രവ. 15:28.29)
ദൈവജനവുമായി ദൈവം ഉണ്ടാക്കിയ ഉടമ്പടിയുടെ പശ്ചാത്തലത്തിലാണ് മോശയുടെ നിയമം ബന്ധപ്പെട്ടു നിൽക്കുന്നത്. ദൈവവുമായും ഉടമ്പടിയുമായുള്ള നിയമങ്ങളുടെ സംഗ്രഹമാണ് പഴയനിയമത്തിലെ ആദ്യത്തെ അഞ്ച് ഗ്രന്ഥങ്ങളായ പഞ്ച ഗ്രന്ഥി അഥവാ തോറാ. പ്രവാചക ഗ്രന്ഥങ്ങളിലെല്ലാം തന്നെ നിയമത്തിലെ സദാചാരബോധനങ്ങൾ പാലിക്കപ്പെടാത്തത് ദൈവത്തിന്റെ കോപത്തിനു കാരണമാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉടമ്പടിയും നിയമവും അവിഭാജ്യമായ യഥാർത്ഥ്യങ്ങളാണ്. എന്നാൽ ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് ജീവനുണ്ടാകണമെങ്കിൽ ക്രിസ്തുവിലുള്ള സഫലജീവിതം ലക്ഷ്യമാക്കണം. നിയമം ജീവൻ നൽകുന്നില്ല. നിയമത്തിന് വാഗ്ദാനത്തിന്റെ പൂർത്തീകരണം സാധ്യമല്ല. സമൂലമായ പുതുമയാണ് ക്രിസ്തീയ ജീവിതത്തിന് നാം പ്രദാനം ചെയ്യേണ്ടത്. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് പരിശുദ്ധാത്മാവിലുള്ള ജീവിതം സാധ്യമാണ്. ഇവർ നിയമത്തിൽ നിന്ന് മോചിപ്പിക്കപ്പെടുകയും സ്‌നേഹത്തിന്റെ കൽപ്പന പൂർത്തീകരിക്കുകയും ചെയ്യുന്നു. കൽപ്പനകളും നിയമവുമെല്ലാം നമ്മെ എത്തിക്കുന്നത് യേശുക്രിസ്തുവിലാണ്- പാപ്പ പറഞ്ഞു.
Comments