ഫാ. മൈക്കിള്‍ പുളിക്കല്‍ CMI
സെക്രട്ടറി, കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്‍.
ജനങ്ങളെ മറന്നുകൊണ്ടുള്ള വികസനമല്ല, ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള വികസനമാണ് നാടിന് ആവശ്യം. ചില വികസന പദ്ധതികളുടെ പേരില്‍ എല്ലാം നഷ്ടപ്പെട്ട നിരവധിപ്പേര്‍ ഇന്നും ജീവിച്ചിരിക്കുന്ന നാടാണ് കേരളം. വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെട്ട ചരിത്രങ്ങള്‍ ഏറെയാണ്. അത്തരം മുന്നനുഭവങ്ങളുടെ പേരില്‍ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആകുലതകള്‍ പരിഹരിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്നും സര്‍ക്കാര്‍ ഒഴിഞ്ഞുമാറരുത്.
സംസ്ഥാനം വലിയ സാമ്പത്തികപ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ താങ്ങാനാവാത്ത ബാധ്യത വരുത്തിവയ്ക്കുന്ന ഇത്തരം പദ്ധതികള്‍ പ്രായോഗികമാണോ എന്നുള്ളതിനും വ്യക്തമായ വിശദീകരണം ലഭിക്കേണ്ടതുണ്ട്. അടിസ്ഥാന ഗതാഗത സൗകര്യമായ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ട നിരവധി അപര്യാപ്തതകള്‍ കേരളത്തിന്റെ പ്രധാന പ്രതിസന്ധിയാണ്. ആവശ്യത്തിന് സൗകര്യമുള്ള റോഡുകളും, ഓവര്‍ബ്രിഡ്ജുകളും സംസ്ഥാനത്തിന്റെ അടിയന്തിര ആവശ്യങ്ങളാണ്. ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയാത്ത അത്തരം അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാതെ പുതിയ പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് യുക്തമാണോ എന്നും ആലോചിക്കേണ്ടതുണ്ട്.
പരിസ്ഥിതി - സാമൂഹിക പ്രവര്‍ത്തകര്‍ മുതല്‍ സാധാരണക്കാര്‍ വരെയുള്ള വലിയൊരു സമൂഹം കെ റെയില്‍ പദ്ധതിയെക്കുറിച്ച് ആശങ്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാവേണ്ടതുണ്ട്. എല്ലാവിധത്തിലുള്ള ആശങ്കകളെയും പരിഹരിച്ച് യുക്തമായ തീരുമാനമെടുക്കാന്‍ തയ്യാറാവുന്നതോടൊപ്പം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ റോഡ് നിര്‍മ്മാണം പോലുള്ള മുന്‍ പദ്ധതികളില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് ഇനിയെങ്കിലും അര്‍ഹിക്കുന്ന നീതി നടപ്പാക്കി നല്‍കാനും സര്‍ക്കാര്‍ തയ്യാറാകണം.
Comments